KeralaLatest

ഉന്നത ഉദ്യോഗസ്ഥരെ നിരന്തരം വിളിച്ചു; ഫോൺ രേഖകൾ നിർണായകം

“Manju”

തിരുവനന്തപുരം• സ്വർണക്കടത്തു കേസിലെ പ്രതികളുടെ ഉന്നത ബന്ധം കണ്ടെത്താന്‍ ഫോണ്‍ രേഖകള്‍ കേന്ദ്രീകരിച്ച് അന്വേഷണം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയടക്കം ഒട്ടേറെപ്പേരേ സ്വപ്ന സുരേഷ് നിരന്തരം ഫോണ്‍ വിളിച്ചിരുന്നതായി എന്‍ഐഎയ്ക്ക് തെളിവ് ലഭിച്ചു. വിദേശത്തേയ്ക്കുള്ള വിളികളും കണ്ടെത്തിയത് ദുരൂഹത വര്‍ധിപ്പിക്കുന്നതായാണ് അന്വേഷണസംഘത്തിന്റെ നിഗമനം.

ഒളിവില്‍ പോയ സ്വപ്ന സുരേഷിനായി തിരച്ചില്‍ തുടങ്ങിയ വെള്ളിയാഴ്ച തന്നെ എന്‍ഐഎ സംഘം സ്വപ്നയുടെ മൂന്നു മൊബൈല്‍ ഫോണുകള്‍ നിരീക്ഷണത്തിലാക്കിയിരുന്നു. ഇതില്‍ രണ്ടു നമ്പറുകളുടെ ഒരുമാസത്തെ ഫോണ്‍വിളികളുടെ വിവരങ്ങളും ശേഖരിച്ചു. ഇതോടെയാണ് ഉന്നത ഉദ്യോഗസ്ഥരുമായുള്ള അടുത്ത ബന്ധം സ്ഥിരീകരിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്. കസ്റ്റംസും സംസ്ഥാന പൊലീസും സ്വപ്നയുടെ ഫോൺ രേഖകൾ ശേഖരിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ നമ്പരിലേക്കും തിരിച്ചും വിളികളുണ്ട്. സംസ്ഥാനത്തെ പ്രധാനപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ നമ്പരിലേക്കും സ്വപ്ന വിളിച്ചിട്ടുണ്ട്. ഉന്നതര്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇരുപതോളം പേര്‍ പട്ടികയിലുണ്ടെന്നാണ് വിവരം. പലതും ഔദ്യോഗികബന്ധത്തിന്റെ പേരിലുള്ള വിളികളെന്ന് വ്യാഖ്യാനിക്കാം. അതിനാല്‍ കൂടുതല്‍ ദിവസങ്ങളിലെ ഫോണ്‍ രേഖകളെടുക്കാനാണ് ശ്രമം.

ഇതില്‍ തുടര്‍ച്ചയായുള്ള വിളികള്‍ കണ്ടാല്‍ അവരെ കേന്ദ്രീകരിച്ച് അന്വേഷിക്കും.വിദേശത്തേയ്ക്കുള്ള വിളികളും പട്ടികയിലുണ്ട്. ഇതു സ്വര്‍ണക്കടത്തിന്റെ ആസൂത്രണമാണോയെന്ന സംശയം അന്വേഷണസംഘത്തിനുണ്ട്. ഈ നമ്പരുകള്‍ നിരീക്ഷണത്തിലാക്കി. സ്വപ്നയുടെ ഫോൺ രേഖകൾ സ്വർണക്കടത്തു കേസിലെ നിർണായക തെളിവുകളായി മാറുമെന്നാണു വിവരം. എൻഐഎയുടെ ചോദ്യംചെയ്യലിലെ പ്രധാന ഊന്നലും ഈ ഫോൺ കോളുകളുമായി ബന്ധപ്പെട്ടാകും.

Related Articles

Back to top button