KeralaLatest

തിരക്കഥാകൃത്തായി ഹരിശങ്കര്‍ ഐ. പി. എസ്

“Manju”

 

കൊല്ലം : കുറ്റാന്വേഷണ മികവിലും ക്രമസമാധാന പരിപാലനത്തിലും മികവ് കാട്ടുന്ന കൊല്ലം റൂറല്‍ എസ്. പി ഹരിശങ്കര്‍ തിരക്കഥാകൃത്തായി. കാഴ്ചയ്ക്കപ്പുറം എന്ന ഹ്രസ്വ ചിത്രത്തിന് വേണ്ടിയാണ് ഹരിശങ്കര്‍ തൂലിക ചലിപ്പിച്ചത്. കേരള പോലീസിന്റെ ഒരു ബോധവത്കരണ ചിത്രം എന്ന നിലയില്‍ യൂട്യൂബില്‍ റിലീസ് ചെയ്തു. പുതുതലമുറയുടെ ലഹരി ഉപയോഗം, അശ്രദ്ധയോടെയുള്ള ഡ്രൈവിംഗ്, പൊതുസമൂഹത്തിന്റെ ചോദ്യം ചെയ്യാനുള്ള അവകാശം, മൊബൈല്‍ ഫോണിന്റെ ദുരുപയോഗം, പ്രണയ ചതിക്കുഴി, സ്ത്രീ സുരക്ഷ, ലഹരി ഉപയോഗത്തില്‍ കുടുംബ ബന്ധങ്ങളിലുണ്ടാകുന്ന താളപ്പിഴകള്‍, നിരത്തുകളിലെ വാഹനങ്ങളുടെ മത്സര ഓട്ടം തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ ചെറിയ നേരം കൊണ്ട് സ്ക്രീനില്‍ എത്തിയ്ക്കാന്‍ കഴിഞ്ഞു.

സ്വകാര്യ ബസ് ഡ്രൈവര്‍ പാന്‍മസാല ഉപയോഗിച്ചുകൊണ്ട് ഡ്രൈവിംഗ് നടത്തുന്നതിലൂടെയാണ് കഥ തുടങ്ങുന്നത്. കഞ്ചാവ് ഉപയോഗിച്ച് മാതാപിതാക്കളുായി വഴക്കിട്ട് ബൈക്കുമായി നിരത്തിലിറങ്ങുന്ന യുവാവ് അപകടത്തില്‍പെടുന്നതും കാമുകന് വാട്സ്ആപ്പിലൂടെ നഗ്ന ചിത്രങ്ങള്‍ അയക്കുന്ന യുവതിയുമൊക്കെ വര്‍ത്തമാനകാല നേര്‍ക്കാഴ്ചയൊരുക്കുന്നുണ്ട്. കാഴ്ചയ്ക്കപ്പുറം എന്ന പേരിലൂടെ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്ന പൊതു സമൂഹത്തിന് താക്കീത് നല്‍കാനും തിരക്കഥാകൃത്ത് ശ്രദ്ധിച്ചിട്ടുണ്ട്. ഷബീബ്ഖാലിദ് നിര്‍മ്മിച്ച ഹ്രസ്വചിത്രം ഒരു സിനിമ കാണുന്ന വികാരത്തോടെ കാണുവാന്‍ സംവിധായകന്‍ അന്‍ഷാദ് കരുവഞ്ചാലാണ് ഒരുക്കിയെടുത്തത്. ഗോപിസുന്ദര്‍ സംഗീതവും മാഫിയ ശശി സംഘട്ടനവും നിര്‍വഹിച്ചതോടെ സിനിമയുടെ ചേരുവകള്‍ എല്ലാമായി. ഷൈജു കുറുപ്പടക്കമുള്ള വെള്ളിത്തിരയിലെ താരങ്ങളും ഈ ചെറിയ ചിത്രത്തില്‍ വേഷമിട്ടു. തികച്ചും ബോധവത്കരണം ലക്ഷ്യമാക്കിയുള്ളതാണ് ചിത്രമെന്ന് റൂറല്‍ എസ്. പി ഹരിശങ്കര്‍ പറഞ്ഞു.

Related Articles

Back to top button