IndiaKeralaLatest

മാര്‍ക്ക് ഷീറ്റില്‍ ‘ടീച്ചര്‍ പരീക്ഷ’ പാസ്സായി നടി അനുപമ പരമേശ്വരന്‍

“Manju”

പട്‌ന: ബിഹാറിലെ സെക്കണ്ടറി അധ്യാപക യോഗ്യതാ പരീക്ഷയുടെ ഫലം വന്നു. ബിഹാറില്‍ മാത്രം ഒതുങ്ങേണ്ട ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച ഒരു മാര്‍ക്ക് ലിസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. അതിന് കാരണം മറ്റൊന്നുമല്ല, മലയാളി നടി അനുപമ പരമേശ്വരന്റെ ഫോട്ടോയാണ് മാര്‍ക്ക് ലിസ്റ്റിലുള്ളത്. മലയാളി നടിയും പരീക്ഷ എഴുതിയിരുന്നോ എന്ന ചോദ്യമാണ് ഇതുകണ്ടവര്‍ ഉന്നയിക്കുന്നത്. യഥാര്‍ഥത്തില്‍ ഈ മാര്‍ക്ക് ലിസ്റ്റ് ഋഷികേഷ് കുമാര്‍ എന്ന വ്യക്തിയുടേതാണ്.
ഏറെ വിവാദമായിരുന്നു നേരത്തെ ബിഹാറിലെ അധ്യാപക യോഗ്യതാ പരീക്ഷ. വ്യാപകമായ തിരിമറി നടന്നു എന്നാണ് ആക്ഷേപം. 2019ലെ പരീക്ഷയുടെ ഫലമാണ് വിവാദമായിരിക്കുന്നത്. 2021 മാര്‍ച്ചിലാണ് ഫലം പ്രഖ്യാപിച്ചത്. മാര്‍ക്ക് ലിസ്റ്റ് കൈമാറിയത് രണ്ടു ദിവസം മുമ്ബാണ്. ഋഷികേഷിന്റെ പേരിലുള്ള മാര്‍ക്ക് ലിസ്റ്റില്‍ അനുപമ പരമേശ്വരന്റെ ചിത്രമാണ്. ഉര്‍ദു, സംസ്‌കൃതം, സയന്‍സ് എന്നീ വിഷയങ്ങളില്‍ ലഭിച്ച മാര്‍ക്കും രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, മൂന്ന് വിഷയങ്ങളുടെ മാര്‍ക്ക് രേഖപ്പെടുത്തിയിട്ടില്ല. സാങ്കേതിക കാരണങ്ങളാലാണ് രേഖപ്പെടുത്താന്‍ സാധിക്കാത്തത് എന്ന് അധികൃതര്‍ വിശദീകരിക്കുന്നു.
മാര്‍ക്ക് ലിസ്റ്റ് വിവാദമായതോടെ പ്രതിപക്ഷം നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരെ രംഗത്തുവന്നു. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് പറഞ്ഞു. സര്‍ക്കാര്‍ ഇടപെടുന്ന കാര്യങ്ങളിലൊക്കെ അഴിമതി നടക്കുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംഭവത്തില്‍ വിശദീകരണവുമായി ജെഡിയു നേതാവ് ഗുലാം ഗൗസ് രംഗത്തുവന്നു. ചെറിയ പിശകുകള്‍ സംഭവിച്ചുവെന്ന് അദ്ദേഹം സമ്മതിച്ചു. ഒട്ടേറെ വിദ്യാര്‍ഥികളുടെ ഫലം പ്രഖ്യാപിക്കേണ്ട സാഹചര്യത്തിലാണ് തെറ്റുകള്‍ കടന്നുകൂടിയതെന്നും ജെഡിയു നേതാവ് ന്യായീകരിച്ചു. സംസ്ഥാനത്ത് ജോലി സാധ്യത വര്‍ധിപ്പിക്കുമെന്നും ഗുലാം ഗൗസ് പറഞ്ഞു. ബിഹാറിലെ അധ്യാപക പ്രവേശന പരീക്ഷ പേപ്പര്‍ ഒന്ന് ജയിച്ചാല്‍ 9, 10 ക്ലാസുകളില്‍ അധ്യാപകരാകാം. പേപ്പര്‍ രണ്ട് ജയിച്ചാല്‍ 11, 12 ക്ലാസുകളിലും അധ്യാപകാരാകാന്‍ സാധിക്കും.

Related Articles

Back to top button