KeralaLatestThiruvananthapuram

കരുതലായി തൊഴില്‍ വകുപ്പ് ; അപകടത്തില്‍ ശരീരം തളര്‍ന്ന അതിഥി തൊഴിലാളി ആംബുലന്‍സില്‍ അസമിലേക്ക്

“Manju”

കൃഷ്ണകുമാർ സി
വെഞ്ഞാറമൂട്: ഇക്കഴിഞ്ഞ മാസം 11-ന് വണ്ടിത്തടത്തില്‍ വച്ച് ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് അരയ്ക്ക് താഴെ ശരീരം തളര്‍ന്ന അതിഥി തൊഴിലാളി കൃഷ്ണ ഖഖ്‌ലാരിയെ തൊഴില്‍ വകുപ്പ് തയാറാക്കിയ ആംബുലന്‍സില്‍ സ്വദേശമായ അസമിലേക്ക് കൊണ്ടുപോയി.
വിലാസം : കൃഷ്ണ ഖഖ്‌ലാരി, സണ്‍ ഓഫ് ഖഗന്‍ ഖഖ്‌ലാരി, നന്ദേശ്വര്‍ വാഗലാരി, ബലിജന്‍ നമ്പര്‍ 2, ഖര്‍ബി അംഗ്‌ലോങ് ജില്ല, അസം-782482 (ബബലിയ പോലീസ് സ്‌റ്റേഷന്‍ പരിധി) അപകടത്തെ തുടര്‍ന്ന് ഇദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന്റെ ബന്ധുക്കളോ സുഹൃത്തുക്കളോ കേരളത്തില്‍ ഇല്ലാത്തതിനാല്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ആയതോടെ നാട്ടിലേക്ക് മടങ്ങുന്നതിന് കൃഷ്ണ ഖഖ്‌ലാരി ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. വിഷയത്തില്‍ ഇടപെട്ട തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ലേബര്‍ കമ്മീഷണര്‍ പ്രണബ് ജ്യോതിനാഥിന് നിര്‍ദേശം നല്‍കി. ലേബര്‍ കമ്മീഷണര്‍ നല്‍കിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് അഡീഷണല്‍ കമ്മീഷണര്‍ കെ.ശ്രീലാല്‍ ജില്ലാ ലേബര്‍ ഓഫീസര്‍, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ എന്നിവരെ നടപടികള്‍ക്ക് ചുമതലപ്പെടുത്തുകയായിരുന്നു. ജില്ലാ ലേബര്‍ ഓഫീസര്‍ ജി.വിജയകുമാര്‍, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഒന്നാം സര്‍ക്കിള്‍ എ. അഭിലാഷ് എന്നിവര്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചു.
കൃഷ്ണ ഖഖ്‌ലാരിക്ക് ഭക്ഷണം, മരുന്ന്, ഫിസിയോ തെറാപ്പിസ്റ്റ് എന്നിവ KISMAT മുഖേന ക്രമീകരിച്ചിരുന്നു. നേരിട്ടുള്ള വിമാന സര്‍വ്വീസ് ഇല്ലാത്തതിനാല്‍ വിമാനമാര്‍ഗം കൊണ്ടു പോകുവാന്‍ കഴിയാത്തതിനാലാണ് റോഡ് മാര്‍ഗ്ഗം സ്വദേശത്ത് എത്തിക്കുന്നത്. ആംബുലന്‍സില്‍ കൊണ്ടു പോകുന്നതിനായി 1,16000 / രൂപക്ക് രഞ്ജിത് ആംബുലന്‍സ് സര്‍വ്വീസുമായി(Renjith Abulance service) കരാര്‍ ഒപ്പിട്ടു (ആംബുലന്‍സ് നമ്പര്‍ കെഎല്‍-22 കെ 3188). കളക്ടറേറ്റ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് ഇന്നലെ (ചൊവ്വാഴ്ച) വൈകുന്നേരം മൂന്നരയ്ക്ക് തിരുവനന്തപുരം കാക്കാമൂലയില്‍ നിന്നും കളിയിക്കാവിള വഴി ആംബുലന്‍സില്‍ അസമിലേക്ക് കൊണ്ടുപോയി. രണ്ട് ആംബുലന്‍സ് ഡ്രൈവര്‍മാരും രണ്ടു അസം സ്വദേശികളായ അതിഥി തൊഴിലാളികള്‍ കൂട്ടിരിപ്പുകാരായും അദ്ദേഹത്തെ ആംബുലന്‍സില്‍ അനുഗമിക്കുന്നുണ്ട്.
വിവിധ സംസ്ഥാനങ്ങള്‍ കടന്നു പോകേണ്ടതിനാല്‍ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഒഡിഷ, പശ്ചിമ ബംഗാള്‍, അസം ചീഫ് സെക്രട്ടറിമാര്‍ക്ക് ഇതു സംബന്ധിച്ച അറിയിപ്പും നല്‍കി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് ഫണ്ടില്‍ നിന്നാണ് ആംബുലന്‍സിന് തുക അനുവദിച്ചിട്ടുള്ളത്.

Related Articles

Back to top button