IndiaLatest

‘വ്യാജവിവരങ്ങൾ പ്രചരിപ്പിച്ചു, 1178 അക്കൗണ്ടുകൾ നീക്കം ചെയ്യണം :കേന്ദ്ര സർക്കാർ

“Manju”

ന്യൂഡൽഹി: മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്ററിനോട് ആയിരത്തിലധികം അക്കൗണ്ടുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. ട്വിറ്ററിലെ 1,178 അക്കൗണ്ടുകൾ പ്രകോപനപരമായ ഉള്ളടക്കം ഉള്ളവയാണെന്നും ഇവ സത്യവിരുദ്ധമായ വിവരങ്ങൾ പങ്കുവയ്ക്കുന്നവയാണെന്നും കേന്ദ്രം പറയുന്നു. ഈ അക്കൗണ്ടുകൾ ഖാലിസ്ഥാനി-പാകിസ്ഥാനി യൂസേഴ്സ് ആണ് കൈകാര്യം ചെയ്യുന്നതെന്നും കേന്ദ്രം ട്വിറ്ററിന് ഉത്തരവിൽ പറയുന്നു.

എന്നാൽ കേന്ദ്ര സർക്കാരിന്റെ ഈ ആവശ്യം ട്വിറ്റർ അംഗീകരിച്ചിട്ടില്ല. രാജ്യത്ത് നിലനിൽക്കുന്ന നിയമങ്ങളെ ബഹുമാനിച്ചുകൊണ്ട് തങ്ങളുടെ അടിസ്ഥാന പ്രമാണങ്ങളിൽ ഒന്നായ അഭിപ്രായ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുകയാണ് തങ്ങൾ ചെയ്യുന്നതെന്നാണ് കമ്പനി പ്രതികരിച്ചിരിക്കുന്നത്. ജനുവരി 31നും കേന്ദ്ര ഇലക്ട്രോണിക്സ്/ഐടി മന്ത്രാലയം ട്വിറ്ററിനോട് ഇതേ കാര്യം ആവശ്യപ്പെട്ടിരുന്നു.

257 ട്വിറ്റർ ഹാൻഡിലുകളും ഒപ്പം ട്വീറ്റുകളും അടങ്ങിയ പട്ടിക നൽകിയ ശേഷം ഇവ നീക്കം ചെയ്യണമെന്നാണ് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നത്. ഇവ നീക്കം ചെയ്യണം എന്നാവശ്യപ്പെട്ടതിനും സമാനമായ കാരണങ്ങൾ തന്നെയാണ് കേന്ദ്രം നൽകിയത്. അന്ന് ഇവ താത്കാലികമായി ബ്ലോക്ക് ചെയ്ത ട്വിറ്റർ പിന്നീട് ഇവ അൺബ്ലോക്ക് ചെയ്തിരുന്നു.

ശേഷം ഫെബ്രുവരി നാലിനും കേന്ദ്രം ബ്ലോക്ക് ചെയ്യേണ്ട അക്കൗണ്ടുകളുടെ മറ്റൊരു പട്ടിക ട്വിറ്ററിന് കൈമാറി. ഈ അക്കൗണ്ടുകൾക്ക് ഖാലിസ്ഥാനി പിന്തുണയുണ്ടെന്നും അവയ്ക്ക് പാകിസ്ഥാൻ ബന്ധമുണ്ടെന്നും സുരക്ഷാ ഏജൻസികൾ കണ്ടെത്തിയതായും കേന്ദ്രം പറഞ്ഞിരുന്നു. ഇവ വിദേശ രാജ്യങ്ങളിൽ നിന്നുമാണ് പ്രവർത്തിക്കുന്നതെന്നും കർഷക സമരത്തിനിടെ സാമൂഹിക ക്രമത്തെ ഇവർ തകർക്കുകയാണെന്നും കേന്ദ്രം പറഞ്ഞിരുന്നു.

കർഷക സമരത്തെ അനുകൂലിക്കുന്ന നിലപാട് സ്വീകരിച്ച വിദേശ സെലിബ്രിറ്റികളുടെ ട്വീറ്റുകൾ ട്വിറ്റർ സിഇഒ ആയ ജാക്ക് ഡോർസി ലൈക്ക് ചെയ്തതിലും കേന്ദ്രത്തിന് എതിർപ്പുണ്ടെന്നാണ് വിവരം.

സെലിബ്രിറ്റികളുടെ ട്വീറ്റുകൾ ലൈക്ക് ചെയ്തത് ട്വിറ്റർ സിഇഒയുടെ നിഷ്പക്ഷതയെ കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നു എന്നാണ് കേന്ദ്രം പറയുന്നത്. അതേസമയം, സുതാര്യതയെയും പൊതുവ്യവഹാരത്തെയും പ്രോത്സാഹിപ്പിക്കുന്നതാണ്‌ തങ്ങളുടെ നിലപാടെന്നും ന്യായമുള്ള, നിയമപരമായ പരാതികൾ ലഭിക്കുമ്പോൾ അവ പരിഗണിക്കുമെന്നും കമ്പനി അറിയിച്ചു. കണ്ടന്റ് നിയമവിരുദ്ധമാണെന്നും ട്വിറ്ററിന്റെ നിയമങ്ങൾക്കെതിരാണെന്നും കണ്ടെത്തിയാൽ അവ നീക്കം ചെയ്യുമെന്നുംഅവർ വ്യക്തമാക്കി.

 

Related Articles

Back to top button