InternationalLatest

ആപ് അധിഷ്ഠിത ടാക്സി സേവനം കൂടുതല്‍ സ്ഥലങ്ങളിലേക്ക്

“Manju”

 

മസ്കത്ത്: വാണിജ്യകേന്ദ്രങ്ങള്‍, ഹോട്ടലുകള്‍, സുല്‍ത്താൻ ഖാബൂസ് തുറമുഖം എന്നിവിടങ്ങളില്‍ ടാക്സിസേവനങ്ങള്‍ നല്‍കാൻ ആപ് അധിഷ്ഠിത കമ്ബനികള്‍ക്ക് ഗതാഗത, വാര്‍ത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം (എം.ടി.സി..ടി) ലൈസൻസ് അനുവദിച്ചു.

മര്‍ഹബയും ഒമാൻ ടാക്‌സിയും ഹോട്ടലുകളില്‍നിന്നും ഹല, ഒമാൻ ടാക്സി, ഒടാക്‌സി, ഹല, തസ്ലീം എന്നിവ മാളുകളില്‍നിന്നും മര്‍ഹബ സുല്‍ത്താൻ ഖാബൂസ് തുറമുഖത്തുനിന്നും സര്‍വിസ് നടത്തുന്നതിനുമാണ് അനുമതി നല്‍കിയിരിക്കുന്നത്. പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി രണ്ട് ആപ് അധിഷ്‌ഠിത കമ്ബനികള്‍ക്ക് വിമാനത്താവളങ്ങളില്‍നിന്ന് സര്‍വിസ് നടത്താൻ ആദ്യം അനുമതി കൊടുത്തിരുന്നു. ഈ സംവിധാനത്തിന്‍റെ രണ്ടാം ഘട്ടത്തിന്‍റെ ഭാഗമായാണ് പുതിയ ലൈസൻസ് അനുവദിച്ചത്. മൂന്നാം ഘട്ടമായി അടുത്ത വര്‍ഷം ആദ്യം മുതല്‍ എല്ലാ വെള്ള ഓറഞ്ച് ടാക്സികളെയും ആപ്പില്‍ ഉള്‍പ്പെടുത്തും.

അതേസമയം, ഒമാനില്‍ ടാക്സി വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് ഗതാഗത, വാര്‍ത്താവിനിമയ, ഇൻഫര്‍മേഷൻ ടെക്നോളജി മന്ത്രാലയം പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ഇതനുസരിച്ച്‌ ഡ്രൈവിങ് ലൈസൻസ് കിട്ടി മൂന്നു വര്‍ഷം പൂര്‍ത്തിയായശേഷം മാത്രമാണ് ടാക്സി ഓടിക്കാൻ കഴിയുക.

സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്ന 600 റിയാലില്‍ താഴെ മാസവരുമാനമുള്ളവര്‍ക്കു മാത്രമാണ് പാര്‍ട്ട്ടൈമായി ടാക്സി ഓടിക്കാൻ കഴിയുക. ടാക്സി ഓടിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 21 വയസ്സും കൂടിയ പ്രായം 60 വയസ്സുമാണ്. ആധികാരികമായ മെഡിക്കല്‍ സ്ഥാപനങ്ങളില്‍നിന്ന് ടാക്സി ഓടിക്കാൻ ആരോഗ്യം അനുവദിക്കുമെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്ക് 60 വയസ്സിനുശേഷം ഒരു വര്‍ഷംകൂടി അധികം നല്‍കുന്നതാണ്.

വിമാനത്താവളം, തുറമുഖം, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ സര്‍വിസ് നടത്തുന്ന ടാക്സി വാഹനങ്ങളുടെ കാലപ്പഴക്കം ഏഴു വര്‍ഷത്തേക്കാള്‍ കൂടാൻ പാടില്ല. പൊതുസ്ഥലങ്ങളിലും വാണിജ്യകേന്ദ്രങ്ങളിലും സര്‍വിസ് നടത്തുന്ന ടാക്സികളുടെ കാലപ്പഴക്കം 10 വര്‍ഷത്തില്‍ കൂടുതലും കവിയരുത്. എല്ലാ ടാക്സി ഓടിക്കുന്നവരും അടുത്ത വര്‍ഷം സെപ്റ്റംബര്‍ ഒന്നിനുമുമ്ബ് മേല്‍പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കിയിരിക്കണം. അടുത്ത വര്‍ഷത്തോടെ ഒമാനിലെ എല്ലാ ടാക്സികളും ആപ്പിനു കീഴില്‍ വരുകയും ചെയ്യും. ഇതോടെ ടാക്സി നിരക്കുകള്‍ക്ക് ഏകീകൃത രൂപം വരുകയും ഡ്രൈവര്‍മാര്‍ക്ക് യഥേഷ്ടം നിരക്കുകള്‍ ഈടാക്കാനുള്ള അവസരം നഷ്ടമാവുകയും ചെയ്യും. ഇതോടെ നിരക്ക് വിഷയത്തിലുള്ള തര്‍ക്കങ്ങളും വിലപേശലും അവസാനിക്കുകയും ചെയ്യും.

Related Articles

Back to top button