KeralaLatest

മൗലാന വാഹിദുദ്ദീൻ ഖാന് ശാന്തിഗിരി ആശ്രമത്തിന്റെ സ്മരണാഞ്ജലി

“Manju”

കഴിഞ്ഞ മാസം ഏപ്രിൽ 21 ന് ഡൽഹിയിൽ വെച്ച് അന്തരിച്ച മൗലാന വാഹിദുദ്ദീൻ ഖാനും ശാന്തിഗിരി ആശ്രമവുമായുള്ള ദീർഘകാല ബന്ധത്തെ ശാന്തിഗിരി ആശ്രമം ഡയറക്ടർ ബോർഡ് മീറ്റിങ്ങിൽ അനുസ്മരിയ്ക്കുകയും അദ്ദേത്തിന്റെ ജീവന്റെ നിത്യശാന്തിയ്ക്കായി പ്രാർത്ഥന അർപ്പിക്കുകയും ചെയ്തു. ലോകത്തെ എണ്ണപ്പെട്ട 500 മുസ്ളീം ആത്മീയ പുരുഷൻമാരിൽ ഒരാളായിരുന്നു അദ്ദേഹം. മതസൗഹാർദവും സഹിഷ്ണുതയും സമാധാനവും വളർത്തി പരിപോഷിപ്പിക്കുന്നതിന് അദ്ദേഹം നൽകിയ സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് 2000 ത്തിൽ രാജ്യം പത്മവിഭൂഷൺ നൽകി അദ്ദേഹത്തെ ആദരിച്ചു.

1999 മാർച്ച് ഒന്നാം തീയതി ശാന്തിഗിരി പരമ്പര ഗുരുവിന് സമർപ്പിച്ച സഹകരണ മന്ദിരം ലോകത്തിന് സമർപ്പിച്ച കർമ്മത്തിൽ പങ്കെടുത്ത സുപ്രധാന വ്യക്തികളിൽ എടുത്തുപറയേണ്ട ഒരു മുസ്ലീം സന്യാസിയായിരുന്നു മൗലാന വാഹിദുദ്ദീൻ ഖാൻ . അൽപം സന്ദേഹത്തോടെ ആശ്രമത്തിൽ എത്തിയ അദ്ദേഹത്തെ ഗുരുവിന്റെ സന്നിധിയിലേയ്ക്ക് ക്ഷണിക്കുകയുണ്ടായി. ഗുരുവിനെ കണ്ട നിമിഷം മുതൽ അദ്ദേഹത്തിന്റെ കവിളുകളിൽ കൂടി കണ്ണുനീർ ധാരധാരയായി ഒഴുകാൻ തുടങ്ങി. ഗുരുവിന്റെ പാദങ്ങൾക്കരികിൽ ഒരു കൊച്ചു കുട്ടിയെ പോലെ അദ്ദേഹം ഉപവിഷ്ടനായി. മനസിൽ കരുതിയ നൂറ് നൂറ് ചോദ്യങ്ങൾ ഒന്നു പോലും അദ്ദേഹം ചോദിച്ചില്ല. ഗുരുവിന്റെ സ്നേഹാർദ്രമായ വാക്കുകളിൽ എല്ലാ ചോദ്യങ്ങളുടെയും ഉത്തരം നിറത്തിരുന്നു. പിന്നീട് അദ്ദേഹം പറയുകയുണ്ടായി താൻ ഗുരുവിന്റ മുറിയിലേക്ക് പ്രവേശിച്ചപ്പോൾ കണ്ണഞ്ചിക്കുന്ന പ്രകാശത്തിൽ ഇരിക്കുന്ന ഗുരുവിനെയാണ് കണ്ടത് എന്ന് .

2001 ൽ തിരുവനന്തപുരം പുത്തരി കണ്ടം മൈതാനത്ത് വച്ച് നടത്തിയ ഒരു സുപ്രധാന സമ്മേളനത്തിലേയ്ക്ക് വാഹിദുദ്ദീൻ ഖാനെ ക്ഷണിക്കുകയുണ്ടായി. അതേ ദിവസം തന്നെ പാരീസിൽ വച്ച് നടക്കുന്ന മറ്റൊരു അന്താരാഷ്ട്ര സമ്മേളനത്തിലെ പ്രധാന അതിഥിയായി അദ്ദേഹത്തെ ക്ഷണിച്ചിരുന്നു. സംഘാടകർ അദ്ദേഹത്തിന് വിമാന ടിക്കറ്റും അയച്ചു കൊടുത്തിരുന്നു. അന്ന് അദ്ദേഹത്തിന് ഉറക്കത്തിൽ ഒരു സ്വപ്ന ദർശനം ഉണ്ടായി. അത് അദ്ദേഹം ശാന്തിഗിരിയിലേയ്ക്ക് പോകണം എന്നായിരുന്നു. ഗുരുവിനെ ആദ്യമായി കണ്ടതും സ്വന്തം അനുഭവങ്ങളും വിവരിച്ചപ്പോൾ കണ്ണുകൾ നിറയാത്തവരായി ആരും അവിടെയുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും അദ്ദേഹത്തിന്റെ ജീവന്റെ നിത്യ ശാന്തിയ്ക്കായി പ്രാർത്ഥന നടത്തുകയും ചെയ്തു കൊണ്ട് ഡയറക്ടർ ബോർഡ് യോഗം അവസാനിച്ചു.

Related Articles

Back to top button