ArticleLatest

ഓർമ്മകളിലെ ഈണങ്ങിൽ പൗളീന പാടുന്നു

“Manju”

അനൂപ് എം സി

ഹാർമോണിയത്തിന് മുന്നിൽ പൗളിന ടീച്ചർ ധ്യാനനിരതയാവുമ്പോൾ ‘ആനന്ദഭൈരവി സംഗീത സാന്ദ്രമാവും, ടീച്ചർക്കൊപ്പം മക്കളും ചേരുന്നതോടെ രാഗ വിസ്താരങ്ങൾ ആരംഭിക്കയായി. ജനമനസുകളിൽ വിപ്ലവാവേശത്തിൻ്റെ അഗ്നി കൊളുത്തിയ തലശേരി കായ്യത്ത് റോഡിലെ പഴയ എം.എൽ ബ്രദേഴ്സ് മ്യൂസിക് ക്ലബിലെ ലോറൻസും സൈമണും അരങ്ങൊഴിഞ്ഞപ്പോൾ ബാക്കിയായത് എം.എൽ പൗളീനയും ഓർമകളിലെ രാഗ സ്മൃതികളും മത്രം.

എരഞ്ഞോളി എളയടത്ത് മുക്കിലെ ആനന്ദഭൈരവിയിൽ അമ്പിളിമാമനെ വെള്ളിത്തളികയിലാക്കി മലയാളിയുടെ ഭാവുകത്വത്തെ തൊട്ടുണർത്തിയ ഗായിക കാലം തളർത്താത്ത ആലാപന സൗകുമാര്യത്തോടെ കർമനിരതയാണ്.അറുപതുകളിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ സമ്മേളന വേദികളെ പാടിയുണർത്തിയ എം.എൽ ബ്രദേഴ്സിനെ അത്ര വേഗം മറക്കാനാവില്ല. ജനമനസുകളിൽ ആവേശം പടർത്തുന്നതായിരുന്നു എം.എൽ സഹോദരങ്ങളുടെ വിപ്ലവഗാനങ്ങൾ .മ്യൂസിക് ക്ലബ് കാലയവനികയിൽ മറഞ്ഞെങ്കിലും ഗായക സംഘം കൊളുത്തി വിട്ട ആവേശം ഇന്നും നാട് മനസിൽ കെടാതെ സൂക്ഷിക്കുന്നു. എ.കെ ജി യുടെയും ഇ എം സിൻ്റെയും നിർദേശ പ്രകാരം 1956 ലാണ് കായ്യത്ത് റോഡ് കേന്ദ്രമായി മ്യൂസിക് ക്ലബ് ആരംഭിച്ചത് കമ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന തലശേരി പി അനന്തനായിരുന്നു സംഘാടകൻ

എരഞ്ഞോളി ഗ്രാമീണ കലാസമിതി രാഷ്ട്രീയ നാടകങ്ങളുമായി കേരളമാകെ സഞ്ചരിക്കുന്ന കാലമായിരുന്നു അത്. എം.എൽ ബ്രദേഴ്സും എരഞ്ഞോളി ഗ്രാമീണ കലാസമിതിയുടെ ഭാഗമായി മാറി. കലാ സമിതിയുടെ അസംഖ്യം നാടകങ്ങളിൽ പൗളീന പാടി അഭിനയിച്ചിട്ടുണ്ട് അറുപതോളം നാടകങ്ങളിൽ വേഷമിട്ടു. പെൺകുട്ടികൾ നാടകങ്ങളിൽ വരാൻ മടിച്ചു നിന്ന കാലത്താണ് പൗളിന വേദിയിൽ പാടി അഭിനയിച്ച് പ്രശംസ നേടിയത്.

ഏഴാം വയസിൽ ടി.എം നാണു ഭഗവതരിൽ നിന്ന് സംഗീത പഠനം ആരംഭിച്ചതാണ് പൗളീന. മദിരാശി സർക്കാരിൽ നിന്ന് സംഗീതത്തിനു ബിരുദം നേടി പിന്നീട് സംഗീതാധ്യാപികയായി ജോലിയിൽ പ്രവേശിച്ചു. മാഹി പള്ളൂർ ഗേൾസ് ഹൈസ്കൂളിൽ നിന്ന് 1993ലാണ് വിരമിച്ചത്. മാഹിയിൽ അധ്യാപികയായി ജോലി ച്ചെയുമ്പോൾ കമ്യുണിസ്റ്റ് പാർട്ടിയുടെ വേദികളിൽ പൗളീന പാടുന്നു എന്ന ആരോപണമുണ്ടായിരുന്നു. അന്വേഷണത്തിനായി പൊലീസ് രഹസ്യാന്വേഷണ വിഭാഗം ഇറങ്ങി. കമ്യൂണിസ്റ്റ് പാർട്ടിയുടെ വേദികളിൽ ടീച്ചർ പാടിയെന്ന് തെളിയിക്കാൻ പൊലീസുകാർ ഏറെ പാടു പെട്ടെങ്കിലും നടന്നില്ല.

ഗായകനും മൃദംഗം, തബല നിർമാണ വിദഗ്ധനുമായ എം.എൽ തമ്പിയുടെ മക്കളാണ് പൗളീനയും സൈമണും .തലശേരി ഗുഡ്സ് ഷെഡ് റോഡിലായിരുന്നു ഈ കുടുംബം. ഏതാനും വർഷം മുമ്പാണ് എളയടത്ത് മുക്കിലേക്ക് താമസം മാറ്റിയത്. ആകാശവാണിയിൽ നിരവധി ലളിതഗാനങ്ങൾ ടീച്ചർ പാടിയിട്ടുണ്ട്. മകൾ രാഗി ഗാനരചയിതാവാണ് മറ്റൊരു മകൾ ബീന മക്കളായ റാണിയും സംഗീതും സംഗീതത്തിൽ താൽപര്യമുളളവർ തന്നെ.

https://www.facebook.com/143777112452758/videos/636523863955758

 

Related Articles

Back to top button