KeralaLatestThiruvananthapuram

ക്വാറന്റൈന്‍ കേന്ദ്രത്തില്‍ തീപിടിത്തം

“Manju”

ശ്രീജ.എസ്

കിളിമാനൂര്‍: പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ കൊടുവഴന്നൂര്‍ ഗവ. ഹൈസ്‌കൂളില്‍ കൊറോണ രോഗികളെ പാര്‍പ്പിച്ചിരുന്ന ക്വാറന്റൈന്‍ കേന്ദ്രത്തില്‍ തീപിടിത്തം. ആളപായമില്ല. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയാണ് സംഭവം. ഇവിടെ ഏഴ് പേരെയാണ് രോഗലക്ഷണങ്ങളോടെയും അല്ലാതെയും പാര്‍പ്പിച്ചിരുന്നത്. ഇതില്‍ ഒരു സ്ത്രീ താമസിച്ചിരുന്ന മുറിയില്‍ ആണ് തീപിടിത്തമുണ്ടായത്.

തീ പടര്‍ന്നത് അറിഞ്ഞ ഉടന്‍തന്നെ ക്വാറന്റൈന്‍ സെന്ററില്‍ ഡ്യുട്ടിയിലുണ്ടായിരുന്ന അനില്‍കുമാര്‍ എന്ന ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടല്‍ കാരണം വന്‍ അപകടം ഒഴിവാക്കി. ഒന്നാം നിലയിലെ മുറിയിലാണ് തീ പിടിച്ചത്. ഉടന്‍തന്നെ അനില്‍കുമാര്‍ ഒരു ഏണി എടുത്തുവെച്ച്‌ സണ്‍ഷെയ്ഡ് വഴി കയറി രണ്ടാംനിലയിലെ മെയിന്‍ സ്വിച്ച്‌ ഓഫാക്കി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനിടയാക്കിയത് എന്നാണ് കരുതുന്നത്.

വിവരമറിഞ്ഞ് നഗരൂര്‍ പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ സഹില്‍, എഎസ്‌ഐ ജയചന്ദ്രന്‍, പുളിമാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിഷ്ണു, പഞ്ചായത്തംഗങ്ങളായ ബാലചന്ദ്രന്‍ എം.എ., സൈജു തുടങ്ങിയവരുടെ നേതൃത്വത്തില്‍ നാട്ടുകാരും ആറ്റിങ്ങല്‍ നിന്ന് അഗ്‌നിശമനസേനാ വിഭാഗവും എത്തി. മുറിക്കകത്ത് ഉണ്ടായിരുന്ന തുണിയും മറ്റു വസ്തുക്കളും കത്തിനശിച്ചു. ഒരു മുറിയില്‍ മാത്രമാണ് തീ പടര്‍ന്നത്. അതിനാല്‍ മറ്റ് മുറികളിലുള്ളവര്‍ സുരക്ഷിതരായി. തീ പടര്‍ന്ന മുറിയിലുണ്ടായിരുന്ന സ്ത്രീയെ മറ്റൊരു സുരക്ഷിത മുറിയിലേക്ക് മാറ്റി.

Related Articles

Back to top button