KeralaLatest

ദീപ പ്രഭചൊരിഞ്ഞ് ശാന്തിഗിരിയില്‍ അര്‍ദ്ധവാര്‍ഷിക കുംഭമേള

“Manju”

പോത്തന്‍കോട്: വ്രതശുദ്ധിയോടെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ അര്‍ദ്ധ കുംഭമേള ആഘോഷിച്ചു. ആശ്രമപരിസരമാകെ ദീപപ്രഭ ചൊരിഞ്ഞുകൊണ്ട് സുഗന്ധപൂരിതവും മന്ത്രമുഖരിതവുമായ അന്തരീക്ഷത്തിലാണ് കുംഭമേള ആഘോഷിച്ചത്. ആശ്രമസമുച്ചയത്തില്‍ പ്രത്യേകം സജ്ജമാക്കിയ യജ്ഞശാലയില്‍ സുഗന്ധദ്രവ്യങ്ങള്‍ ചേര്‍ത്തു തയാറാക്കിയ തീര്‍ത്ഥം മണ്‍കുടങ്ങളില്‍ നിറച്ച് പീതവസ്ത്രംകൊണ്ടു പൊതിഞ്ഞുകെട്ടി, നാളീകേരം വച്ച്, പൂമാല ചാര്‍ത്തി ഒരുക്കുന്ന കുംഭങ്ങള്‍ ശിരസ്സിലേറ്റി ശുഭ്രവസ്ത്രമണിഞ്ഞ് ആയിരക്കണക്കിന് ഭക്തര്‍ സന്ധ്യാനേരത്ത് ആശ്രമം വലംവച്ചു.

 

രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നുമായി ആയിരത്തിലേറെ പേര്‍ പങ്കെടുത്തു. സന്ന്യാസി സന്ന്യാസിനിമാര്‍ ചടങ്ങിന് നേതൃത്വം നല്‍കി. കുംഭഘോഷയാത്ര യജ്ഞശാലയിലെത്തിയപ്പോള്‍ അവിടെമാകെ ഭക്തിസാന്ദ്രമായി. ആയിരകണക്കിന് കണ്ഠങ്ങളില്‍ നിന്ന് ഗുരുമന്ത്രമുയര്‍ന്നു.


സ്വന്തം ശിഷ്യയെ ഗുരു അവസ്ഥാന്തരങ്ങള്‍ കടത്തി തന്നോളമുയര്‍ത്തിയ ആത്മീയ കര്‍മ്മത്തിന്റെ വാര്‍ഷികമാണ് അര്‍ദ്ധ കുംഭമേള.

41 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളോടെ കുംഭം എടുക്കുന്നത് തീരാവ്യാധികളും, കുടുംബദോഷങ്ങള്‍ മാറ്റി പിതൃശുദ്ധിവരുത്തുന്ന കര്‍മ്മമാണിത്.

വൈകിട്ട് ആറുമണിയോടുകൂടി സന്ന്യാസി സന്ന്യാസിനിമാരുടെ നേതൃത്വത്തില്‍ കുംഭമേള ഘോഷയാത്രയ്ക്ക് തുടക്കമായി. പഞ്ചവാദ്യം, നാദസ്വരം എന്നിവയുള്‍പ്പെടെ വാദ്യമേളങ്ങള്‍ കുംഭമേളയ്ക്ക് മിഴിവേകി.

കുംഭമേന്തിയ ആയിരകണക്കിന് വിശ്വാസികള്‍ക്കൊപ്പം ദീപമേന്തിയവരും സുവര്‍ണതാമര പതിപ്പിച്ച വര്‍ണകുടകള്‍ പിടിച്ചവരും ഗുരുനാമജപവുമായി നടന്നുനീങ്ങിയപ്പോള്‍ അന്തരീക്ഷം ഭക്തിസാന്ദ്രവും സുഗന്ധ പൂരിതവുമായി.

ഇന്ന് രാവിലെ അഞ്ചിന് ആരാധനയും ആശ്രമത്തിലെ സന്ന്യാസ സംഘത്തിന്റെയും നിയുക്തരായ 72 പേരുടെയും നേതൃത്വത്തിലാണ് പര്‍ണശാലയില്‍ പുഷ്പാജ്ഞലി നടന്നത്.

തുടര്‍ന്ന് ആറിന് ആശ്രമധ്വജം ഉയര്‍ത്തി. ഉച്ചയ്ക്ക് 12ന് ഗുരുപൂജയും ഗുരുദര്‍ശനവും നടന്നു.

Related Articles

Back to top button