InternationalLatest

തമ്പുകൾ ശാന്തം, റോഡുകൾ വിജനം-ഹജ് തീർഥാടകർ മിനായിൽ

“Manju”

മക്ക • നാലു ദിവസത്തെ ക്വാറന്റീൻ പൂർത്തിയായതോടെ മക്കയിലെ ഹോട്ടലുകളിൽ നിന്ന് തീർഥാടകർ മിനായിൽ എത്തി. ഹജ് കർമത്തിന് തുടക്കമാകുന്ന ദുൽഹജ് 8 ന് തമ്പുകളുടെ നഗരമായ മിന താഴ്‍വരയിലെത്തി അന്നേ ദിവസം അവിടെ രാപ്പാർക്കുക എന്നതാണ് കർമം. തർവിയ ദിനം എന്നാണ് ദുൽഹജ് 8 ന് പറയുക. പക്ഷേ, 20 ച.കി.മീറ്ററിൽ പറന്നു കിടക്കുന്ന ഈ കൂടാരങ്ങളുടെ നഗരം ഈ വർഷം ശാന്തമാണ്. സൂഖുൽ അറബ്-ജൗഹറ റോഡുകളും വിജനം. തമ്പുകളും സജീവമല്ല. കോവിഡ് പശ്ചാത്തലത്തിൽ മിനാ ടവറുകളിലായിരിക്കും തീർഥാടകർ താമസിക്കുക.

കോവിഡ് മുക്തിനേടിയ ഏതാനും തീർഥാടകർ നേരിട്ട് മിനാ ടവറിൽ എത്തി. ജംറാത്തിനടുത്ത് കുന്നിൻ ചരുവിൽ 13 നിലകളിലായി നില കൊള്ളുന്ന 6 കെട്ടിട സമുച്ചയമാണ് മിനാടവർ. 2007 മുതലാണ് ഇത് തീർഥാടകർക്കായി തുറന്ന് കൊടുത്തത്. തീർഥാടകരുടെ തിരക്ക് കാരണം മിനയിലെ തമ്പുകൾ മതിയാകാതെ വന്ന സാഹചര്യത്തിൽ കൂടുതൽ താമസ സൗകര്യം ഏർപ്പെടുത്തുന്നതിനാണ് സൗദി നഗര-ഗ്രാമ മന്ത്രാലയത്തിനു കീഴിൽ ഈ കെട്ടിട സമുച്ചയം പണികഴിപ്പിച്ചത്. എ കാറ്റഗറിയിൽ പെട്ട 10800 തീർഥാടകരും ബി കാറ്റഗറിയിൽ പെട്ട 8400 തീർഥാടകരും ഉൾപ്പെടെ 19200 പേർക്കാണ് ഇവിടെ സാധാരണ നിലയിൽ താമസിക്കാനാകുക.

ഓരോ കെട്ടിടത്തിലും ആദ്യ മൂന്ന് നിലയിൽ റിസപ്‌ഷൻ, റസ്റ്ററന്റ്, ക്ലിനിക്, ലോഞ്ചുകൾ, പ്രാർഥനാ മുറികൾ എന്നിവയാണ്. ശേഷിക്കുന്ന 10 നിലകളിലാണ് തീർഥാടകരുടെ താമസം. എ കാറ്റഗറിയിലെ ഒരു യൂണിറ്റിൽ 18 പേർക്കും ബി കാറ്റഗറിയിൽ ഒരു യൂണിറ്റിൽ 20 പേർക്കുമാണ് സജ്ജീകണം. എന്നാൽ മഹാമാരിക്കാലത്ത് തീർഥാടകരുടെ ആരോഗ്യവും സുരക്ഷയും പാലിച്ച് വ്യക്തിഗത അകലം സൂക്ഷിച്ചാണ് താമസ സൗകര്യം. ദുൽഹജ് 7 മുതൽ തന്നെ പാൽക്കടലായി ഒഴുകുന്ന തീർഥാടകരും അവർക്ക് സേവനത്തിനായി അണിനിരക്കുന്ന സുരക്ഷാ സേനയും സന്നദ്ധ പ്രവർത്തകരും കൊണ്ടും വീർപ്പുമുട്ടുന്ന കാഴ്ചകളില്ലാത്ത ഈ നൂറ്റാണ്ടിലെ അപൂർവം ഹജിനാണ് ഇന്ന് പുണ്യ നഗരം സാക്ഷ്യം വഹിക്കുന്നത്.

Related Articles

Back to top button