IndiaLatest

കള്ളപ്പണ കേസ്: മഹാരാഷ്ട്ര മുന്‍മന്ത്രിക്കെതിരെ ലുക്കൗട്ട് നോട്ടിസ്

“Manju”

മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രിയും എന്‍.സി.പി നേതാവുമായ അനില്‍ ദേശ്മുഖിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി)യുടെ ലുക്കൗട്ട് നോട്ടീസ്. 100 കോടിയുടെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്നതോടെ ഏപ്രിലിലാണ് മന്ത്രിസ്ഥാനം ഇദ്ദേഹം രാജിവച്ചത്.
ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള അന്വേഷണ ഏജന്‍സിയുടെ നോട്ടീസ് നിരവധി തവണ തള്ളിക്കളഞ്ഞ അനില്‍ ദേശ്മുഖ് രാജ്യം വിട്ടുപോകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ഇ.ഡി ലുക്കൗട്ട് നോട്ടീസ് നല്‍കിയത്. കേസില്‍ സ്‌റ്റേ ആവശ്യപ്പെട്ട് കഴിഞ്ഞ മാസം അനില്‍ ദേശ്മുഖ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു.
മുംബൈ മുന്‍ പോലീസ് കമ്മീഷണര്‍ പരം ബീര്‍ സിംഗ് ആണ് അനില്‍ ദേശ്മുഖിനെതിരെ ആരോപണം ഉന്നയിച്ചത്. മുംബൈ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ഏപ്രില്‍ 21ന് ദേശ്മുഖിനെതിരെ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതേതുടര്‍ന്നായിരുന്നു രാജി.
ദേശ്മുഖിന്റെ പഴ്‌സണല്‍ സെക്രട്ടറിയേയും പഴ്‌സണല്‍ അസിസ്റ്റന്റിനേയും ഇ.ഡി നേവത്തെ അറസ്റ്റു ചെയ്തിരുന്നു. അനില്‍ ദേശ്മുഖിന്റെ മരുമകനേയും സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള ഇ.ഡിയുടെ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദേശ്മുഖ് നല്‍കിയ ഹര്‍ജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
അതേസമയം, കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് മന്ത്രി അനില്‍ പരബിന്റെ അടുത്തയാളും റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുമായ ബജ്‌രംഗ് ഖര്‍മേറ്റിനെതിരെയും ഇ.ഡി നോട്ടീസ് നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച ഏജന്‍സിക്കു മുമ്ബാകെ ഹാജരാകാനാണ് നിര്‍ദേശം. ഓഗസ്റ്റ് 29ന് അനില്‍ പരബിനും നോട്ടീസ് നല്‍കിയിരുന്നു. 14 ദിവസത്തെ സാവകാശം തേടിയിരിക്കുകയാണ് അദ്ദേഹം.
മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്കെതിരെ പരാമര്‍ശം നടത്തിയ കേന്ദ്രമന്ത്രി നാരായണ്‍ റാണെയെ അറസ്റ്റു ചെയ്യാന്‍ പോലീസിനു നിര്‍ദേശം നല്‍കുന്ന അനില്‍ പരബിന്റെ വീഡിയോ പുറത്തുവന്നതിനു പിന്നാലെയാണ് ഇദ്ദേഹത്തിനെതിരെയും അന്വേഷണം വന്നത്.

Related Articles

Back to top button