ErnakulamLatest

വാടക നല്‍കാത്തതിന് ജിസിഡിഎ കടയൊഴിപ്പിച്ച വീട്ടമ്മയ്ക്ക് സഹായവുമായി എം എ യൂസഫലി

“Manju”

കൊച്ചി: വാടക നല്‍കാത്തതിന് ജിസിഡിഎ കടയൊഴിപ്പിച്ച വീട്ടമ്മയ്ക്ക് സഹായവുമായി വ്യവസായി എ എ യൂസഫലി. പ്രസന്ന അടക്കാനുള്ള വാടക കുടിശ്ശിക മുഴുവന്‍ അടക്കുമെന്ന് എം എ യൂസഫലി അറിയിച്ചു. നാളെ ലുലു ഗ്രൂപ്പ് അധികൃതര്‍ തുക മുഴുവന്‍ ജി സി ഡി എയില്‍ അടക്കുമെന്ന് ചെയര്‍മാന്‍ എംഎ യൂസഫലി അറിയിച്ചു. താന്തോന്നി തുരുത്ത് സ്വദേശിയായ പ്രസന്ന 2015ല്‍ വായ്പയെടുത്താണ് കട തുടങ്ങിയത്. മൂന്നര ലക്ഷം രൂപയായിരുന്നു എടുത്തത്. സുഖമില്ലാത്ത കുട്ടിയെ ഉള്‍പ്പടെ നോക്കി കുടുംബം പോറ്റിയിരുന്നത് ഈ കടയിലെ വരുമാനം കൊണ്ടായിരുന്നു.

എന്നാല്‍ നാലു ദിവസം മുമ്പ് കടയുടെ വാടക കുടിശ്ശിക നല്കിയില്ലെന്നാരോപിച്ചാണ് അധികൃതര്‍ കട അടപ്പിക്കുകയായിരുന്നു. ഉണ്ടായിരുന്ന ഏക വരുമാന മാര്‍ഗം നിലച്ചതോടെ പ്രസന്ന പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. നാല് ദിവസമായി കടക്ക് മുന്നില്‍ ഇവര്‍ സമരം ചെയ്തുവരികയാണ്. ഈ വിവരം അറിഞ്ഞാണ് വീട്ടമ്മയ്ക്ക് സഹായഹസ്തവുമായി യൂസഫലി രംഗത്തെത്തിയത്. പ്രളയവും കൊവിഡ് ലോക്ക് ഡൗണും വന്നതോടെ പ്രസന്നയുടെ കടയിലെ വരുമാനം ഏറെക്കുറെ നിലച്ചിരുന്നു. തുച്ഛമായ വരുമാനം വീട്ടുചെലവിന് സഹായകരമായിരുന്നു. ലോക്ക്ഡൌണ്‍ കാരണം വാടക നല്‍കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു പ്രസന്ന. ഇതോടെയാണ് വാടക കുടിശിക നല്‍കിയില്ലെന്ന് പറഞ്ഞ് അധികൃതര്‍ കട പൂട്ടിച്ചത്. കട ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ സാധനങ്ങളെല്ലാം വാരി പുറത്തിട്ടത് വലിയ വാര്‍ത്തയായിരുന്നു.

സംഭവം വിവാദമായതോടെ നിശ്ചിത തുക അടച്ചാല്‍ കട തുറക്കാന്‍ അനുവദിക്കാമെന്ന് ജിസിഡിഎ ചെയര്‍മാന്‍ പറഞ്ഞിരുന്നു. കുടിശിക തവണകളായി അടയ്ക്കാന്‍ അവസരം നല്‍കാമെന്നും ജി സി ഡി എ ചെയര്‍മാന്‍ വി സലീം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രസന്നയ്ക്ക് സഹായവാഗ്ദാനവുമായി യൂസഫലി രംഗത്ത് വന്നത്.

നേരത്തെ ടി. ജെ. വിനോദ് എം. എല്‍. എ. പ്രസന്നകുമാരിയെ സന്ദര്‍ശിയ്ക്കുകയും തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രിയെ ഫോണില്‍ വിളിച്ച്‌ വിഷയം ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിരുന്നു. പ്രശ്നത്തില്‍ ഇടപെടാമെന്ന് മന്ത്രി ഉറപ്പ് നല്‍കി. അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കോവിഡ് കാലത്തെ ഒഴിപ്പിക്കല്‍ അനുവദിക്കാനാകില്ലെന്ന് ടി ജെ വിനോദ് എംഎല്‍എ പറഞ്ഞു. ഇത് സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. കട തുറക്കാതെ വീട്ടിലേക്ക് ഇല്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പ്രസന്ന കുമാരി.

Related Articles

Back to top button