KannurKeralaLatestMalappuramThiruvananthapuramThrissur

ആലുവയില്‍ മരിച്ച മൂന്ന് വയസുകാരന്‍ വിഴുങ്ങിയത് രണ്ട് നാണയങ്ങളെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

“Manju”

സിന്ധുമോള്‍ ആര്‍

കൊച്ചി: ആലുവയില്‍ നാണയം വിഴുങ്ങിയതിനു പിന്നാലെ മരിച്ച മൂന്ന് വയസുകാരന്റെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം വീട്ടുകാര്‍ക്ക് കെെമാറി. മൃതദേഹം കൊല്ലം പൂതക്കുളം നെല്ലേറ്റ് തോണിപ്പറ ലക്ഷംവീട്ടില്‍ അമ്മ നന്ദിനിയുടെ വീട്ടില്‍ സംസ്‌കരിക്കും.

കുട്ടിയുടെ ശരീരത്തില്‍ രണ്ട് നാണയങ്ങള്‍ കണ്ടെത്തി. 50 പെെസയുടെയും ഒരു രൂപയുടെയും നാണയങ്ങളാണ് കുട്ടിയുടെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് കുട്ടിയുടെ ശരീരത്തില്‍ രണ്ട് നാണയങ്ങളുള്ളതായി മനസിലായത്. കുട്ടി അബദ്ധത്തില്‍ വിഴുങ്ങിയതാകും നാണയങ്ങളെന്നാണ് നിഗമനം. അതേസമയം, കുട്ടിയുടെ മരണത്തിനു കാരണം നാണയം വിഴുങ്ങിയതല്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. മരണകാരണം പൂര്‍ണമായി വ്യക്തമാകാന്‍ രാസപരിശോധനാഫലം പുറത്തുവരണം. കുട്ടിയുടെ വന്‍കുടലിന്റെ താഴ്‌ഭാഗത്തു നിന്നാണ് നാണയങ്ങള്‍ കണ്ടെത്തിയത്. മൃതദേഹാവശിഷ്‌ടങ്ങള്‍ രാസപരിശോധനയ്‌ക്കായി കാക്കനാട്ടെ ലാബിലേക്ക് അയച്ചു.

ആലുവ കടുങ്ങല്ലൂര്‍ സ്വദേശികളായ രാജു-നന്ദിനി ദമ്പതികളുടെ മകന്‍ പൃഥ്വിരാജാണ് ഇന്നലെയാണ് മരിച്ചത്. കൃത്യമായ ചികിത്സ ലഭിക്കാത്തതാണ് മരണകാരണമെന്ന് വീട്ടുകാര്‍ ആരോപിച്ചിരുന്നു. കുഞ്ഞിനു ചികിത്സ തേടി ആലുവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഉള്‍പ്പെടെ കയറിയിറങ്ങിയെങ്കിലും മടക്കി അയക്കുകയായിരുന്നുവെന്നാണ് മാതാപിതാക്കളുടെ ആരോപണം. വിഷയത്തില്‍ സമഗ്രമായ അന്വേഷണത്തിനു ആരോഗ്യമന്ത്രി കെ.കെ.ശെെലജ ഉത്തരവിട്ടിട്ടുണ്ട്.

ശനിയാഴ്‌ച രാവിലെ പതിനൊന്നോടെയാണ് കുട്ടി നാണയം വിഴുങ്ങുന്നത്. തുടര്‍ന്ന് കുട്ടിയുമായി മാതാപിതാക്കള്‍ ആലുവ ജനറല്‍ ആശുപത്രിയില്‍ എത്തി. പീഡിയാട്രീഷന്‍ ഇല്ലെന്ന് പറഞ്ഞ് അവിടെ നിന്ന് മടക്കിവിട്ടതായി മാതാപിതാക്കള്‍ ആരോപിക്കുന്നു. തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളേജില്‍ എത്തിയെങ്കിലും പീഡിയാട്രീഷന്‍ ഇല്ലെന്ന കാരണം പറഞ്ഞ് അവിടെ നിന്നും മടക്കി അയച്ചു. തുടര്‍ന്നാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയത്. പഴവും ചോറും നല്‍കിയാല്‍ മതിയെന്നും നാണയം പുറത്തു പോകുമെന്നും പറഞ്ഞ് ചികിത്സ നല്‍കാതെ പറഞ്ഞുവിടുകയായിരുന്നു എന്നും മാതാപിതാക്കള്‍ ആരോപിച്ചു. അതേസമയം, കുട്ടിയുടെ മരണകാരണം മറ്റേതെങ്കിലും അസുഖം മൂലമാകുമെന്ന് ശിശുരോഗവിദഗ്‌ധര്‍ സംശയിക്കുന്നു. നാണയം വിഴുങ്ങുന്നത് മരണത്തിനു കാരണമാകില്ലെന്നാണ് വിലയിരുത്തല്‍.

Related Articles

Back to top button