KeralaLatest

ഡോളർ കടത്ത് കേസിൽ കൂടുതൽ തെളിവുകൾ ശേഖരിച്ച് കസ്റ്റംസ്

“Manju”

കൊച്ചി : ഡോളർ കടത്ത് കേസിൽ കൂടുതൽ തെളിവുകൾ ശേഖരിച്ച് കസ്റ്റംസ്. യൂണിടാക് എം ഡി സന്തോഷ് ഈപ്പനെ നാളെ വീണ്ടും ചോദ്യം ചെയ്യും. ലൈഫ്മിഷനുമായി ബന്ധപ്പെട്ട യൂണിടാക്കിലെ രേഖകളും, ഫയലുകളും കസ്റ്റംസ് വിളിച്ചുവരുത്തി.

സ്വർണക്കടത്ത് കേസിന് അനുബന്ധമായ ഡോളർ കടത്തു കേസിൽ കൂടുതൽ സമഗ്രമായ അന്വേഷണത്തിലേക്ക് നീങ്ങുകയാണ് കസ്റ്റംസ്. കേസിൽ മുഖ്യമന്ത്രി മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം കിട്ടിയ സാഹചര്യത്തിലാണ് കേസിലെ പ്രതികളുടെ പങ്കാളിത്തം വ്യക്തമാക്കുന്ന കൂടുതൽ തെളിവുകളും, മൊഴികളും കസ്റ്റംസ് ശേഖരിക്കുന്നത്. കഴിഞ്ഞ ഡിസംബർ അഞ്ചിനും സന്തോഷ് ഈപ്പനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. യു എ ഇ കോൺസുലേറ്റിലെ അക്കൗണ്ടൻ്റായ ഈജിപ്ഷ്യൻ പൗരൻ ഖാലിദിന് നൽകുന്നതിനായി വടക്കാഞ്ചേരി ലൈഫ്മിഷൻ ഭവന നിർമ്മാണ കരാർ നേടിയെടുത്ത സന്തോഷ് ഈപ്പൻ കരിഞ്ചന്തയിൽ ഡോളർ വാങ്ങിയതായി സ്വപ്ന സുരേഷ് ഉൾപ്പെടെയുള്ള പ്രതികൾ മൊഴി നൽകിയിരുന്നു.

നാലു ലക്ഷം യു എസ് ഡോളറായും, ഒരു കോടി ഇന്ത്യൻ രൂപയായും ഖാലിദിന് കമ്മീഷൻ നൽകിയെന്നാണ് വിവിധ അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട നിരവധി രേഖകൾ കഴിഞ്ഞ ദിവസങ്ങളിൽ കസ്റ്റംസ് സന്തോഷ് ഈപ്പനിൽ നിന്ന് ശേഖരിച്ചിരുന്നു. ഈ രേഖകളും, ഫയലുകളും വിശദമായി പരിശോധിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് നാളെ സന്തോഷ് ഈപ്പനെ ഒരിക്കൽ കൂടി ചോദ്യം ചെയ്യുന്നത്.

ഡോളർ കടത്തു കേസിൽ തനിക്കെതിരെ യാതൊരു തെളിവുമില്ലെന്നും അനാവശ്യമായാണ് കേസ് രജിസ്റ്റർ ചെയ്തതെന്നുമായിരുന്നു എം ശിവശങ്കറിൻ്റെ വാദം. കസ്റ്റംസ് രജിസ്റ്റർ ചെയ്ത ഡോളർ കടത്തു കേസിൽ സ്വപ്ന, സരിത്, എം ശിവശങ്കർ, ഖാലിദ് എന്നിവരാണ് പ്രതികൾ. ഒരു ലക്ഷത്തി തെണ്ണൂറായിരം ഡോളർ വിദേശത്തേക്ക് കടത്താൻ ഖാലിദിന് ശിവശങ്കറിൻ്റെ സഹായം ലഭിച്ചെന്നാണ് കസ്റ്റംസിൻ്റെ കണ്ടെത്തൽ.

Related Articles

Back to top button