KeralaLatestThiruvananthapuram

കോവിഡ്; ബാങ്കുകളുടെ പ്രവര്‍ത്തനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ജീവനക്കാരുടെ സംഘടനകള്‍

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുപതിലധികം ബാങ്ക് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ബാങ്കുകളുടെ പ്രവര്‍ത്തനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ജീവനക്കാരുടെ സംഘടനകള്‍. ജീവനക്കാരുടെ എണ്ണം കുറക്കുക അദാലത്തുകള്‍ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ആണ് സംഘടനകള്‍ മുന്നോട്ടു വെക്കുന്നത്. അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ സമരത്തിലേക്ക് കടക്കുമെന്ന് ഓള്‍ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ അറിയിച്ചു.

കോവിഡ് ബാധിതരാകുന്ന ബാങ്ക് ജീവനക്കാരുടെ എണ്ണം സംസ്ഥാനത്തു വര്‍ധിക്കുകയാണ്. എന്നാല്‍ ബാങ്കുകളിലെ തിരക്കിന് യാതൊരു കുറവുമില്ല. ഈ സാഹചര്യത്തിലാണ് ബാങ്കുകളില്‍ നിയന്ത്രണം കടുപ്പിക്കണമെന്ന ആവശ്യം ജീവനക്കാര്‍ മുന്നോട്ട് വെക്കുന്നത്. പ്രവൃത്തി സമയം രാവിലെ പത്തു മണി മുതല്‍ രണ്ടു മണി വരെ ആക്കി കുറക്കുക. 50ശതമാനം ജീവനക്കാരെ മാത്രം നിയോഗിക്കുക, കണ്ടെയ്ന്‍മെന്‍റ് സോണുകളിലെ ബാങ്കുകള്‍ അടച്ചിടുക തുടങ്ങിയ ആവശ്യങ്ങളാണ് മുന്നോട്ട് വയ്ക്കുന്നത്.

കണ്ടെയ്ന്‍മെന്‍റ് സോണുകളിലെ ജീവനക്കാര്‍ മറ്റു സഥലങ്ങളിലെ ബാങ്കുകളിലും ജോലിക്കെത്തേണ്ട നിര്‍ബന്ധിത സാഹചര്യം ആണ് നിലവിലുള്ളത്. അദാലത്തുകളും ഒറ്റ തവണ തീര്‍പ്പാക്കല്‍ നടപടികളും ആളുകള്‍ കൂടാന്‍ ഇടയാക്കും. ഇതു നിര്‍ത്തി വെക്കണമെന്ന ആവശ്യവും ജീവനക്കാരുടെ സംഘടനകള്‍ മുന്നോട്ട് വെക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട് സംസ്ഥാന ബാങ്കേഴ്സ് സമിതിക്കു മുഖ്യമന്ത്രിക്കും AKBEA കത്തയച്ചു. അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ സമരം ആരംഭിക്കാനാണ് സംഘടനകളുടെ തീരുമാനം.

Related Articles

Back to top button