KeralaLatestThiruvananthapuram

കടവ് കടക്കാന്‍ പാലം വേണം

“Manju”

സിന്ധുമോള്‍ ആര്‍

ആറ്റിങ്ങല്‍: വാമനപുരം നദിക്ക് കുറുകേ അവനവഞ്ചേരി ഗ്രാമം മുക്ക് മുള്ളിയില്‍ കടവില്‍ പാലം വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകള്‍ കടക്കുന്നു. ഓരോ തിരഞ്ഞെടുപ്പ് കാലത്തും ഇവിടുത്തുകാര്‍ പാലത്തിന് വേണ്ടി മുറവിളി കൂട്ടുക പതിവാണ്. എല്ലാം ശരിയാക്കി തരാമെന്നു പറഞ്ഞ് ജയിച്ചു പോയവര്‍ ഈ കാര്യത്തില്‍ ഉദാസീനത കാട്ടുകയാണെന്നാണ് നാട്ടുകാരുടെ വാദം.

പുതിയ സംസ്ഥാന ബഡ്ജറ്റിലെങ്കിലും മുള്ളിയില്‍ കടവ് പാലത്തിന് തുക അനുവദിക്കുമെന്നാണ് നാട്ടുകാര്‍ പ്രതീക്ഷിക്കുന്നത്. ആറ്റിങ്ങലിന്റെ വികസനത്തിന് നിരവധി കാര്യങ്ങള്‍ക്ക് ബഡ്ജറ്റില്‍ തുക അനുവദിച്ചെങ്കിലും വളരെക്കാലത്തെ നാട്ടുകാരുടെ ഈ ആവശ്യത്തിന് ഫലമുണ്ടായില്ല.

വഞ്ചിയൂര്‍, കട്ടപ്പറമ്പ് പ്രദേശത്തുകാര്‍ക്ക് ആറ്റിങ്ങലിലെത്താന്‍ ഏറെ എളുപ്പമാണ് അവനവഞ്ചേരി മുള്ളിയില്‍ കടവിലെ കടത്ത്. എന്നാല്‍ ഇവിടെ യഥാസമയം കടത്തു വള്ളം പ്രവര്‍ത്തിക്കാത്തതിനാല്‍ നാട്ടുകാര്‍ എറെ വലയുകയാണ്. വാമനപുരം നദിക്കു കുറുകെ മുള്ളിയില്‍ കടവില്‍ ഒരു പാലം വന്നാല്‍ ഈ പ്രദേശത്തുകാര്‍ക്ക് ആറ്റിങ്ങലെത്താന്‍ കിലോമീറ്ററുകളുടെ ലാഭമാണ് ഉണ്ടാകുക. ഇപ്പോള്‍ കട്ടപ്പറമ്പുകാ‌ര്‍ കാല്‍നടയായി കിലോമീറ്ററുകള്‍ താണ്ടി രണ്ടും മൂന്നും ബസ് കയറിവേണം ആറ്റിങ്ങലിലെത്താന്‍.

കൂടാതെ ഈ പ്രദേശത്തുനിന്നും നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് അവനവഞ്ചേരി ഹൈസ്കൂളിലേക്കും ആറ്റിങ്ങലിലെ വിവിധ സ്കൂളുകളിലേക്കും പോകുന്നത്. സര്‍ക്കാര്‍ സംബന്ധമായ എല്ലാ കാര്യങ്ങളും നിര്‍വഹിക്കാന്‍ കട്ടപ്പറമ്പുകാര്‍ക്ക് ആറ്റിങ്ങലില്‍ എത്തിയേ തീരൂ. അവനവഞ്ചേരി മാര്‍ക്കറ്റാണ് ഈ പ്രദേശത്തുകാരുടെ സാധന കൈമാറ്റത്തിന്റെയും വാങ്ങലിന്റെയും ഇടം. ഇതിനും ഇവര്‍ ആശ്രയിക്കുന്നത് മുള്ളിയില്‍ കടവിലെ കടത്താണ്.

നദിയില്‍ വെള്ളം കൂടുന്ന സമയം രക്ഷിതാക്കള്‍ ചങ്കിടിപ്പോടെയാണ് കുഞ്ഞുങ്ങളെ സ്കൂളിലേക്ക് വിടുന്നത്. മണ്‍സൂണ്‍ മഴക്കാലമാണ് ഏറെ ഭയപ്പാടുണ്ടാക്കുന്നത്. കൊറോണ കാരണം ഇക്കുറി സ്കൂളുകള്‍ തുറക്കാത്തത് കാരണം കടത്തിന്റെ പ്രശ്നം കുട്ടികളെ സംബന്ധിച്ച്‌ പ്രശ്നമില്ലെങ്കിലും മുതിര്‍ന്നവരുടെ യാത്രാ ദുരിതം എറെ വലുതാണ്. മുള്ളിയില്‍ കടവില്‍ നദിക്ക് നല്ല ആഴമുണ്ട്. ഇതും ഭയപ്പാട് വര്‍ദ്ധിപ്പിക്കുകയാണ്.

Related Articles

Back to top button