IndiaKeralaLatest

കരിപ്പൂര്‍ ദുരന്തം: ദീപക് സാഠേയുടെയും അഖിലേഷ് കുമാറിയും ഭൗതിക ശരീരങ്ങള്‍ ഇന്ന് ജന്മനാട് ഏറ്റുവാങ്ങും

“Manju”

സിന്ധുമോള്‍ ആര്‍

കോഴിക്കോട്: മരണം മുന്നില്‍ കണ്ടപ്പോഴും യാത്രക്കാരെ സുരക്ഷിതരാക്കാന്‍ അവസാന നിമിഷം വരെ പരിശ്രമിച്ച ദീപക് സാഠേയുടെയും അഖിലേഷ് കുമാറിന്‍റെയും ഭൗതിക ശരീരങ്ങള്‍ ഇന്ന് ജന്മനാട് ഏറ്റുവാങ്ങും. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‍മോര്‍ട്ടം നടത്തിയ മൃതദേഹങ്ങള്‍ എയര്‍ ഇന്ത്യ എക്സ്പ്രസിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങിയാണ് നാട്ടിലേക്ക് അയക്കുക.

പൂര്‍ണഗര്‍ഭിണിയായ ഭാര്യ മേധ അഖിലേഷിനെ കാത്തിരിയ്ക്കുകയാണ് ഇപ്പോഴും. ക്യാപ്റ്റന്‍ സാഠേയുടെ അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ മകന്റെ മരണവാര്‍ത്ത എത്തിയതിന്റെ ആഘാതത്തില്‍ നിന്ന് നാഗ്പൂരിലെ ആ വീട് ഇനിയും മോചിതരായിട്ടില്ല. പത്ത് ദിവസം കൂടി കഴിഞ്ഞാല്‍, അഖിലേഷിനെ അച്ഛാ എന്ന് വിളിക്കാന്‍ ഒരു കുഞ്ഞതിഥി എത്തുമായിരുന്നു.

ആ സമയത്തേക്ക് ലീവ് കരുതി വച്ച്‌, ഏല്‍പിച്ച ദൗത്യം നിറവേറ്റാനായി പോയതായിരുന്നു അഖിലേഷ്. ഉത്തര്‍പ്രദേശിലെ മഥുരയിലുള്ള ഗോവിന്ദ് നഗറിലെ എ 16- വീട് നടുക്കത്തിലാണിപ്പോഴും. ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനം കരിപ്പൂരിലേക്ക് പറത്താന്‍ കോക്പിറ്റിലേക്ക് കയറും മുന്‍പ് അഖിലേഷ് അമ്മയോടും ഭാര്യയോടും സംസാരിച്ചു. രണ്ടാഴ്ചക്കുള്ളില്‍ വീട്ടിലെത്തുന്ന പുതിയ അതിഥിയെ കുറിച്ച്‌ ഏറെ വാചാലനായി.

രോഗങ്ങള്‍ അലട്ടുന്ന അമ്മ ആരോഗ്യം കൂടുതല്‍ ശ്രദ്ധിക്കണമെന്ന് പറഞ്ഞു. കരിപ്പൂരിലെത്തിയ ശേഷം കൂടുതല്‍ സംസാരിക്കാമെന്ന് പറഞ്ഞാണ് സംഭാഷണം അവസാനിപ്പിച്ചത്.എന്നാല്‍ വെള്ളിയാഴ്ച രാത്രി എയര്‍ ഇന്ത്യയില്‍ നിന്ന് സഹോദരങ്ങള്‍ക്ക് സന്ദേശമെത്തി. അഖിലേഷ് പറത്തിയ വിമാനം അപകടത്തില്‍പെട്ടെന്നും , നില അതീവ ഗുരുതരമാണെന്നും. അധികം വൈകാതെ മരണവിവരവും.

മഹാരാഷ്ട്രയിലെ ഓക്സ്ഫര്‍ഡ് ഏവിയേഷന്‍ അക്കാദമിയില്‍ നിന്നാണ് അഖിലേഷ് പൈലറ്റ് പരിശീലനം പൂര്‍ത്തിയാക്കിയത്. വന്ദേഭാരത് മിഷനുമായി ബന്ധപ്പെട്ട ആദ്യദൗത്യം കോഴിക്കോട് പറന്നിറങ്ങിയപ്പോഴും കോ -പൈലറ്റായി കോക്പിറ്റിലുണ്ടായിരുന്നത് ഈ മുപ്പത്തിരണ്ടുകാരന്‍ തന്നെയാണ്. മികച്ച പൈലറ്റായിരുന്നു അഖിലേഷെന്ന് എയര്‍ ഇന്ത്യയും സാക്ഷ്യപ്പെടുത്തുന്നു.

Related Articles

Back to top button