InternationalLatest

ഭര്‍ത്താവിനെ എങ്ങനെ കൊല്ലാം എന്ന നോവലെഴുതി, ഒടുവില്‍

“Manju”

ലോസാഞ്ചലസ്: ഭര്‍ത്താവിനെ എങ്ങനെ കൊല്ലാം എന്ന നോവലെഴുതിയ പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരി നാന്‍സി ക്രാംപ്ടണ്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി.
അടുത്തമാസം 13ന് ശിക്ഷ വിധിക്കും. നോവലില്‍ പറഞ്ഞിരുന്നതുപോലെ തെളിവുകള്‍ ഇല്ലാതെ നടത്തിയ കൊല പൊലീസിന്റെ ശക്തമായ അന്വേഷണത്തിലാണ് വെളിച്ചത്തുകൊണ്ടുവന്നത്. കേസില്‍ അറസ്റ്റിലായശേഷമാണ് നാന്‍സി നോവല്‍ പ്രസിദ്ധീകരിച്ചത്.
പാചക വിദഗ്ദ്ധനായ ബോഫ്രിയായിരുന്നു നാന്‍സിയുടെ ഭര്‍ത്താവ്. 2018ലാണ് 63കാരനായ അദ്ദേഹത്തെ ജോലി ചെയ്തിരുന്ന ഒറിഗണ്‍ പാചക ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തില്‍ മുതുകിലും നെഞ്ചിലും വെടിയേറ്റ പാടുണ്ടായിരുന്നു. കൊലപാതകമാണെന്ന് വ്യക്തമായെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഏതാനും മാസങ്ങള്‍ക്കുശേഷം നാന്‍സിയെ അറസ്റ്റുചെയ്തു. എന്നാല്‍ കൊലയ്ക്ക് ഉപയോഗിച്ച തോക്കോ മറ്റുതെളിവുകളോ കണ്ടെത്താനായില്ല. കുറ്റം നാന്‍സി നിക്ഷേധിക്കുകയും ചെയ്തു. ഒടുവില്‍ ചില വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നാന്‍സി തന്നെയാണ് കൊലനടത്തിയതെന്ന് പൊലീസ് ഉറപ്പിച്ചു. ഇക്കാര്യം കോടതിയിലും തെളിയിക്കാനായി. ഭര്‍ത്താവിന്റെ ജോലിസ്ഥലത്തിനടുത്തായി കൈയില്‍ തോക്കുമായി നില്‍ക്കുന്ന വീഡിയോയാണ് പ്രധാന തെളിവായി കോടതിയില്‍ സമര്‍പ്പിച്ചത്.മാത്രമല്ല നാേവലിലെ കഥാപാത്രമായ ഭര്‍ത്താവ് കൊല്ലപ്പെടുന്നതിന് സമാനമായാണ് ബോഫ്രി കൊല്ലപ്പെട്ടതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ കോടതിയെ ബോദ്ധ്യപ്പെടുത്താനായി. ഭര്‍ത്താവിനെ വെടിവച്ച ദൂരം പോലും നോവലിലേതിന് സമാനമായിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.
എന്നാല്‍ ഭര്‍ത്താവിനെ കൊല്ലാനല്ല തോക്ക് കൈവശം വച്ചതെന്നും നോവലെഴുതാന്‍ വേണ്ടിയായിരുന്നു എന്നുമാണ് നാന്‍സി പറയുന്നത്. ഇന്‍ഷുറന്‍സ് തുകയെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചതെന്ന പൊലീസ് കണ്ടെത്തലും നാന്‍സി നിഷേധിച്ചിട്ടുണ്ട്. ശക്തമായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ ഇപ്പോള്‍ ശിക്ഷ ലഭിച്ചാലും മേല്‍കോടതികള്‍ നാന്‍സിയെ വെറുതേ വിട്ടേക്കുമെന്നാണ് പലരും കരുതുന്നത്.
റോംഗ് നെവര്‍ ഫെല്‍റ്റ് റൈറ്റ്, റോംഗ് ഹസ്ബന്‍ഡ്, റോംഗ് ലവര്‍ എന്നിവയാണ് നാന്‍സിയുട‌െ മറ്റ് പ്രധാന നോവലുകള്‍. കേസില്‍ അറസ്റ്റിലായെങ്കിലും നാന്‍സിക്ക് ഇപ്പോഴും ആരാധകര്‍ നിരവധിയാണ്.

Related Articles

Back to top button