Kerala

ജോസിന്റെ തീരുമാനം നിര്‍ഭാഗ്യകരം,അപക്വം:മുല്ലപ്പള്ളി

“Manju”

എസ് സേതുനാഥ്

ഇടതുമുന്നണിയില്‍ ചേര്‍ന്ന്‌ പ്രവര്‍ത്തിക്കാനുള്ള ജോസ്‌.കെ.മാണിയുടെ തീരുമാനം അത്യന്തം നിര്‍ഭാഗ്യകരവും അപക്വവുമാണെന്ന്‌ കെ.പി.സി.സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍. കെ.പി.സി.സി ആസ്ഥാനത്ത്‌ മാധ്യമങ്ങളോട്‌ സംസാരിക്കുക ആയിരുന്നു അദ്ദേഹം.

യു.ഡി.എഫിന്റെ വാതിലുകള്‍ ഒരിക്കലും ജോസ്‌ കെ.മാണിയുടെ മുന്നില്‍ അടച്ചിട്ടില്ല.നിലപാടുകളുടെ പേരില്‍ താല്‍ക്കാലികമായി മാറ്റിനിര്‍ത്തുകയായിരുന്നു.അതിനെ ആരും മുന്നണിയില്‍ നിന്ന്‌ പുറത്താക്കിയതായി വ്യാഖ്യാനിച്ചിട്ടില്ല.താന്‍ അന്ന്‌ തന്നെ ഇക്കാര്യം പരസ്യമായി പറഞ്ഞതാണ്‌.ഇതിനോട്‌ ജോസ്‌.കെ.മാണി പ്രതികരിക്കാന്‍ തയ്യാറായില്ല.എന്നാല്‍ തന്റെ അത്തരം ഒരു നിലപാടിനെ പിജെ ജോസഫ്‌ ശക്തമായി വിമര്‍ശിക്കുകയും ചെയ്‌തിരുന്നു.

യുഡിഎഫ്‌ വിട്ട്‌ ഇടതുമുന്നണിയില്‍ ചേരാന്‍ ജോസ്‌.കെ.മാണി നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.പ്രഖ്യാപനം വൈകിയെന്നു മാത്രം.ഈ തീരുമാനം ദിവംഗതനായ മാണിസാറിന്റെ ആത്മാവിനെ ഏറെ വേദനിപ്പിക്കുന്നതാണ്‌. ഇക്കാര്യത്തില്‍ സംശയമില്ല.മാണിസാറിനെ വേട്ടപ്പട്ടികളെപ്പോലെ വേട്ടയാടിയവരാണ്‌ സി.പി.എമ്മും എല്‍.ഡി.എഫും.അവിടേക്കാണ്‌ ജോസ്‌ കെ.മാണി നടന്നു കയറിയത്‌. ഇന്ത്യന്‍ പാര്‍ലമെന്ററി ചരിത്രത്തിലെ ഏറ്റവും അപമാനകരമായ നിയമസഭയിലെ കയ്യാങ്കളി കേസ്‌ പിന്‍വലിക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനം എടുത്തപ്പോഴും ആ നിലപാട്‌ തെറ്റാണെന്ന്‌ പറയാന്‍ ജോസ്‌ തയ്യാറായില്ല.യുഡിഎഫില്‍ ആരും ജോസ്‌ കെ.മാണിയെ വേദനിപ്പിച്ചിട്ടില്ല.

കേരളാ കോണ്‍ഗ്രസ്‌ ഈ നിമിഷം വരെ യുപിഎയുടെ ഘടകകക്ഷിയാണ്‌. മുങ്ങിത്താഴുന്ന ടൈറ്റാനിക്ക്‌ കപ്പലാണ്‌ എല്‍.ഡി.എഫ്‌.അവിടേക്കാണ്‌ ജോസ്‌ ചാടിക്കയറിയത്‌. അദ്ദേഹത്തിന്റെ ഈ തീരുമാനം തെറ്റായിപ്പോയെന്ന്‌ കാലം തെളിയിക്കും.ജോസ്‌ കെ മാണിക്ക്‌ രാജ്യസഭാ സീറ്റ്‌ നല്‍കിയ തീരുമാനം കോണ്‍ഗ്രസിലെ ചില പൊട്ടിത്തെറികള്‍ക്ക്‌ ശേഷം എടുത്തതാണെന്ന കാര്യവും അദ്ദേഹം വിസ്‌മരിച്ചു.അച്ഛനായ മാണിസാറിന്റെ വേദന മകനായ ജോസിന്‌ തിരിച്ചറിയാന്‍ കഴിയാതെ പോയെന്നും മുല്ലപ്പള്ളി പറഞ്ഞു.

Related Articles

Back to top button