KeralaLatest

പഞ്ചവത്സര പദ്ധതി മാര്‍ഗരേഖ

“Manju”

തൃശൂര്‍: തദ്ദേശ സ്ഥാപനങ്ങളിലെ ധന-വിഭവ സമാഹരണ വിനിയോഗ രീതികളില്‍ ‘പങ്കാളിത്ത’ നിര്‍ദേശവുമായി 14ാം പഞ്ചവത്സര പദ്ധതിയിലെ വാര്‍ഷിക പദ്ധതികള്‍ തയാറാക്കാനുള്ള മാര്‍ഗരേഖ. വിവിധ പ്രവൃത്തികളുടെ നിര്‍വഹണം അക്രഡിറ്റഡ് ഏജന്‍സികളെ ഏല്‍പിക്കാമെന്നതും കണ്‍സല്‍ട്ടന്‍സി സേവനം ഉപയോഗപ്പെടുത്താമെന്നതും ഉള്‍പ്പെടെയുള്ള ‘പങ്കാളിത്ത’ നിര്‍ദേശങ്ങളാണ് മാര്‍ഗരേഖ പങ്കുവെക്കുന്നത്.

നവീന പ്രോജക്ടുകള്‍, അവക്ക് പ്രത്യേക വിദഗ്ധ സമിതി എന്നിവ രൂപവത്കരിക്കാനും വിഭവ സമാഹരണത്തിന് കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി ഫണ്ട് സാധ്യത തേടാനും നിര്‍ദേശമുണ്ട്. പ്രാദേശിക വികസന പ്രശ്നങ്ങളെ വിലയിരുത്തി വേണം നവീന പദ്ധതികള്‍ തദ്ദേശതലത്തില്‍ ആവിഷ്കരിക്കാന്‍. പുതിയ പങ്കാളിത്ത മാതൃകകള്‍, മൂലധന നിക്ഷേപ രീതികള്‍ എന്നിവ അവലംബിച്ചുള്ള വികസന പ്രോജക്ടുകളാണ് ഇത്തരത്തില്‍ പരിഗണിക്കപ്പെടുക. ഇവക്ക് അനുമതി നല്‍കാന്‍ ജില്ല ആസൂത്രണ സമിതി, പ്രത്യേക വിദഗ്ധ സമിതിയെ നിയോഗിക്കണം.

സാമൂഹിക പ്രതിബദ്ധത സ്ഥാപനങ്ങള്‍ വകയിരുത്തുന്ന കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി ഫണ്ട് ചെലവഴിക്കപ്പെടാന്‍ പ്രോജക്ടുകള്‍ തയാറാക്കാന്‍ പരിശ്രമിക്കണമെന്ന് മാര്‍ഗരേഖ നിര്‍ദേശിക്കുന്നു. മാര്‍ഗരേഖ പ്രകാരം അനുവദനീയമായതോ സര്‍ക്കാര്‍ നിര്‍ദേശിക്കുന്നതോ ആയ പ്രോജക്ടുകള്‍ ഈ തുക ഉപയോഗിച്ച്‌ ഏറ്റെടുക്കാം. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്താതെ ഭരണസമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ വേണമെങ്കില്‍ പ്രോജക്ടുകള്‍ തയാറാക്കാം.പ്രത്യേക വൈദഗ്ധ്യം ആവശ്യമായ വിശദ പ്രോജക്‌ട് റിപ്പോര്‍ട്ടുകള്‍ തയാറാക്കാനും ഗ്രീന്‍ ഫീള്‍ഡ് പ്രോജക്ടുകള്‍ക്കും നൂതനാശയങ്ങളിലധിഷ്ഠിമായ പ്രോജക്ടുകളുടെ നിര്‍വഹണത്തിനും കണ്‍സല്‍ട്ടന്‍സി സേവനം ഉപയോഗപ്പെടുത്താം. ഇത്തരത്തില്‍ കണ്‍സല്‍ട്ടന്‍സി സേവനം ഉപയോഗപ്പെടുത്താവുന്ന മേഖലകള്‍, ഏജന്‍സികള്‍ക്ക് അക്രഡിറ്റേഷന്‍ നല്‍കല്‍ എന്നിവ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പ്രത്യേകം പുറപ്പെടുവിക്കാനും നിര്‍ദേശിക്കുന്നു.

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വിവിധ പ്രവൃത്തികളുടെ നിര്‍വഹണം അക്രഡിറ്റഡ് ഏജന്‍സികളെ (പി.എം.സി- പ്രോജക്‌ട് മാനേജ്മെന്‍റ് കോണ്‍ട്രാക്‌ട് / നോണ്‍ പി.എം.സി) ഏല്‍പിക്കാം. ഇത്തരം പ്രവൃത്തികളില്‍ ടെന്‍ഡര്‍/ബിഡിങ് ഉള്‍പ്പെടെ നടപടിക്രമം പാലിക്കണം.ജനകീയ സംഘടന സംവിധാനങ്ങളായ പി.ടി.എകള്‍, എച്ച്‌.എം.സികള്‍, പാടശേഖര സമിതികള്‍, നീര്‍ത്തട സമിതികള്‍, റെസിഡന്റ്സ് അസോസിയേഷനുകള്‍ മുതലായവയിലൂടെ വിഭവ സമാഹരണ സാധ്യത പ്രയോജനപ്പെടുത്താം.

 

Related Articles

Back to top button