IndiaLatest

പ്രൈവറ്റ് ജെറ്റ് തകര്‍ന്നുവീണു; മൂന്ന് പേര്‍ക്ക് പരിക്ക്

“Manju”

മുംബൈ വിമാനത്താവളത്തില്‍ റണ്‍വേയില്‍ നിന്ന് തെന്നി പ്രൈവറ്റ് ജെറ്റ് തകര്‍ന്നുവീണു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറുകയായിരുന്നു. പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച വൈകിട്ട് ആണ് സംഭവം. റണ്‍വേ 27 ന് സമീപമാണ് അപകടമുണ്ടായത്. മഴയുളളതിനാല്‍ ആ സമയത്ത് ദൃശ്യപരത 700 മീറ്ററായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ആറ് യാത്രക്കാരും രണ്ട് ജീവനക്കാരും ഉള്‍പ്പടെ എട്ടു പേരാണ് ജെറ്റില്‍ യാത്ര ചെയ്തിരുന്നത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

വിഎസ്‌ആര്‍ വെഞ്ച്വേഴ്‌സ് എന്ന സ്ഥാപനത്തിന്റേതാണ് ജെറ്റ് എന്നാണ് വിവരം. കാനഡ ആസ്ഥാനമായുള്ള ബൊംബാര്‍ഡിയര്‍ ഏവിയേഷന്റെ ഒരു ഡിവിഷന്‍ നിര്‍മ്മിച്ച ഒന്‍പത് സീറ്റുള്ള സൂപ്പര്‍ലൈറ്റ് ബിസിനസ്സ് ജെറ്റ് ആണ് തകര്‍ന്നതെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അറിയിച്ചു.
റണ്‍വേയില്‍ നിന്ന് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്തു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. അപകടത്തെ തുടര്‍ന്ന് റണ്‍വേ ഹ്രസ്വകാലത്തേക്ക് അടച്ചു. വിസ്താര എയര്‍ലൈന്‍സ് തങ്ങളുടെ അഞ്ച് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതായാണ് വിവരം.

വാരണാസിയില്‍ നിന്നുളള UK622 വിമാനം, ബാങ്കോക്കില്‍ നിന്നുളള UK124, ഡല്‍ഹിയില്‍ നിന്ന് തിരിച്ച UK933 എന്നീ വിമാനങ്ങള്‍ ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു. കൊച്ചിയില്‍ നിന്ന് തിരിച്ച UK518, ഡെറാഡൂണില്‍ നിന്നുളള UK865 എന്നീ വിമാനങ്ങള്‍ ഗോവയിലെ മോപ്പ എയര്‍പോര്‍ട്ടിലേക്കും തിരിച്ചയച്ചു.

Related Articles

Back to top button