IndiaLatest

മാനവശേഷി മന്ത്രാലയത്തിന്റെ പേര് മാറ്റാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന് അംഗീകാരം

“Manju”

ശ്രീജ.എസ്

ഡല്‍ഹി: മാനവശേഷി മന്ത്രാലയത്തിന്റെ പേര് മാറ്റാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന് അംഗീകാരം നല്‍കി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. വിദ്യാഭ്യാസ മന്ത്രാലയം (മിനിസിട്രി ഓഫ് എജുക്കേഷന്‍, ശിക്ഷാ മന്ത്രാലയ) എന്നാണ് പുതിയ പേര്. ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. തിങ്കളാഴ്ചയാണ് വിജ്ഞാപനം പുറത്തിറക്കിയത്.

മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം പുതിയ വിദ്യാഭ്യാസ നയം രൂപീകരിക്കുന്നതിനായി കെ.കസ്തൂരിരംഗനെ അധ്യക്ഷനാക്കി ഒരു പാനല്‍ രൂപീകരിച്ചിരുന്നു. മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ പേര് പഴയതു പോലെ തന്നെ വിദ്യാഭ്യാസ മന്ത്രാലയം എന്ന് മാറ്റണമെന്ന നിര്‍ദേശം ഈ പാനലാണ് മുന്നോട്ട് വച്ചത്. ഇക്കഴിഞ്ഞ ജൂലൈ അവസാനത്തോടെയാണ് സുപ്രധാന നിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ ദേശീയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ 21-ാം നൂറ്റാണ്ടിലെ പുതിയ വിദ്യാഭ്യാസ നയത്തിനാണ് അംഗീകാരം നല്‍കിയതെന്നാണ് മാനവവിഭവശേഷിവകുപ്പ് മന്ത്രി രമേശ് പൊഖ്രിയാലും വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറും അന്ന് അറിയിച്ചത്.

1985-ല്‍ രാജീവ് ഗാന്ധിയുടെ ഭരണകാലത്താണ് വിദ്യാഭ്യാസ മന്ത്രാലയം, മാനവ വിഭവശേഷി മന്ത്രാലയം എന്ന പുനര്‍നാമകരണം ചെയ്യപ്പെട്ടത്.

Related Articles

Back to top button