International

ചരക്കുകൾ സ്വീകരിക്കില്ലെന്ന അദാനി ഗ്രൂപ്പ് തീരുമാനത്തിനെതിരെ ഇറാൻ

“Manju”

ടെഹ്റാൻ : ഇറാൻ, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ള കണ്ടെയ്നർ ചരക്കുകൾ സ്വീകരിക്കില്ലെന്ന അദാനി പോർട്ടിന്റെ തീരുമാനത്തിനെതിരെ അതൃപ്തി അറിയിച്ച് ഇറാൻ . തങ്ങളുടെ ചരക്കുകള്‍ നിരോധിക്കുന്ന ഈ നടപടി ബാലിശവും യുക്തിരഹിതവുമാണെന്നാണ് ഇറാന്‍ എംബസി പ്രതികരിച്ചത്.

മയക്കുമരുന്ന് കടത്തിനെതിരായ പോരാട്ടത്തിന് ഐക്യരാഷ്‌ട്രസഭ പോലും പ്രശംസിച്ചുവെന്നും വ്യാപാരത്തെ നിഷേധിക്കുന്നതും, ചരക്ക് നിരോധിച്ചതുമായ നടപടി അന്യായമായി ലക്ഷ്യം വയ്‌ക്കുന്നതാണെന്നും ഇറാൻ പ്രസ്താവനയിൽ പറയുന്നു .ഇറാനിയന്‍ പോലീസും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ഓഫീസര്‍മാരും ഇന്ത്യന്‍ അധികൃതരുമായി ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നുവെന്നും പ്രസ്താവനയിൽ സൂചിപ്പിക്കുന്നു . ഇറാനിയൻ എംബസി ഇക്കാര്യത്തിൽ പ്രസ്താവന ഇറക്കിയെങ്കിലും അദാനി പോർട്ട്സിനെക്കുറിച്ച് നേരിട്ട് പരാമർശിച്ചിട്ടില്ല.

അഫ്ഗാനിസ്താനിൽ വിദേശ ശക്തികളുടെ അധിനിവേശം, വിവിധ വിഭാഗങ്ങൾക്കിടയിലെ കലഹങ്ങൾ, കടുത്ത ദാരിദ്ര്യം എന്നിവ ആ രാജ്യത്ത് മയക്കുമരുന്ന് ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് കാരണമായതായി എംബസി പറഞ്ഞു.

നിരവധി പതിറ്റാണ്ടുകളായി അഫ്ഗാനിസ്താനിൽ നിന്നുള്ള മയക്കുമരുന്ന് ഉൽപാദനവും സംഘടിത മയക്കുമരുന്ന് കടത്തും ഇറാനും നമ്മുടെ പ്രദേശത്തിനും ലോകത്തിനും വലിയ ഭീഷണിയാണ് .അഫ്ഗാന്റെ അടുത്ത അയൽക്കാരനെന്ന നിലയിൽ, ഇറാനെയും ആ രാജ്യത്തെ സംഭവവികാസങ്ങൾ കാര്യമായി ബാധിച്ചുവെന്നും പ്രസ്താവനയിൽ പറയുന്നു.

ഗുജറാത്തിലെ അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള മുന്ദ്ര പോർട്ടിൽ നിന്ന് ഹെറോയിൻ പിടികൂടിയതിന് പിന്നാലെയാണ് ഇറാൻ, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ള കണ്ടെയ്നർ ചരക്കുകൾ സ്വീകരിക്കില്ലെന്ന പുതിയ തീരുമാനം .

Related Articles

Back to top button