KannurKeralaLatest

പെട്ടിമുടി ദുരന്തം: ഒരു മൃതദേഹം കൂടി കണ്ടെടുത്തു, ഇതോടെ മരണം 63 ആയി, കണ്ടെത്താനുള്ളത് 7 പേരെ

“Manju”

സിന്ധുമോള്‍ ആര്‍

പെട്ടിമുടി : ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ ഇടുക്കി രാജമലയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ മരണം 63 ആയി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തില്‍ അകപ്പെട്ട ഏഴ് പേരെയാണ് ഇനി കണ്ടെത്താനുള്ളത്. പെട്ടിമുടിയില്‍ നിന്ന് 14 കിലോമീറ്റര്‍ അകലെ പുഴയോരത്ത് നിന്നാണ് ഒരു സ്ത്രീയുടെ മൃതദേഹം കിട്ടിയത്. പുഴയോരത്ത് മരക്കൊമ്പില്‍ തങ്ങി നില്‍ക്കുകയായിരുന്നു മൃതദേഹം. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പുഴയില്‍ ദൗത്യസംഘത്തിന്റെ തെരച്ചില്‍. ലയങ്ങള്‍ക്ക് മുകളിലെ മണ്ണ് മറ്റൊരിടത്തേക്ക് മാറ്റിയുള്ള സൂക്ഷ്മപരിശോധനയും നടക്കുന്നുണ്ട്.

അവസാനയാളെയും കണ്ടെത്തും വരെ തെരച്ചില്‍ തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. ദുരന്തത്തിനിരയായവര്‍ക്ക് ഉടന്‍ സഹായധനം ലഭ്യമാക്കാന്‍ ജില്ലാ ഭരണകൂടം പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ദുരന്തബാധിതര്‍ക്കുള്ള ധനസഹായം വേഗത്തിലാക്കും. അപകടത്തില്‍ പരിക്കേറ്റവര്‍ക്കും സഹായം എത്തിക്കും.

അതേസമയം, പെട്ടിമുടി അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തമിഴ്‍നാട് സര്‍ക്കാര്‍ മൂന്ന് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ളവര്‍ക്ക് ഒരു ലക്ഷം സഹായധനം നല്‍കും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനുമായി തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി ഫോണില്‍ സംസാരിച്ച്‌ സ്ഥിതി വിലയിരുത്തിയിരുന്നു.

Related Articles

Back to top button