KeralaLatestThiruvananthapuram

പാങ്ങപ്പാറ ആശുപത്രിയിൽ കിടത്തി ചികിത്സയുടെ ഉദ്ഘാടനം അടുത്ത മാസം

“Manju”

ജ്യോതിനാഥ് കെ പി

കഴക്കൂട്ടം: മെഡിക്കൽ കോളേജ് ആശുപത്രിയുടെ സബ് സെന്ററായി പ്രവർത്തിച്ചിരുന്ന പാങ്ങപ്പാറ ഹെൽത്ത് സെന്റർ ഇനി രോഗികളെ കിടത്തി ചികിത്സിക്കുന്ന ആശുപത്രിയാകുന്നു. സെപ്റ്റംബറിൽ ഉദ്ഘാടനം നടക്കും. ജനറൽ മെഡിസിൻ, ഫിസിക്കൽ മെഡിസിൻ,ശിശുരോഗ വിഭാഗം,ഗൈനക്കോളജി ,ദന്ത ചികിത്സാ വിഭാഗം,മനോരോഗ വിഭാഗം എന്നി വിഭാഗങ്ങളുടെ ഒ.പി.യാണ് ഇപ്പോൾ പ്രവർത്തിക്കാൻ തീരുമാനമായിട്ടുള്ളത്. ആശുപത്രിക്ക് വേണ്ടി ഏഴ് ഡോക്ടർമാർ ഉൾപ്പെടെ 27 പേരുടെ തസ്തിക സൃഷ്ടിച്ചിട്ടുണ്ട്. പത്ത് തസ്തികയിലേക്ക് സർക്കാരും 17 തസ്തികയിലേക്ക് തിരുവനന്തപുരം നഗരസഭയുമാണ് നിയമനം നടത്തുന്നത്. രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ പ്രവർത്തിക്കുന്ന ഈ ആശുപത്രിയിൽ രാത്രികാല അത്യാഹിത വിഭാഗം തത്കാലം ഉണ്ടാകില്ല. അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാകുന്ന മുറയ്ക്കാകും അത് പരിഗണിക്കുക. പൊതുജനങ്ങളുടെ ആവശ്യപ്രകാരം കണ്ണ് രോഗ ചികിത്സാവിഭാഗം കൂടി ഉൾപ്പെടുത്തണമെന്ന് സർക്കാർ ആലോചിക്കുന്നുണ്ട്.ഭാവിയിൽ അതുകൂടി ഉൾപ്പെടുത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

https://www.facebook.com/SanthigiriNews/posts/1671061696390951

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ പരിശീലന കേന്ദ്രമെന്ന നിലയ്ക്കാണ് പണ്ടുമുതലേ ഇവിടെ ഒ.പി. വിഭാഗം മാത്രം പ്രവർത്തിച്ചുവരുന്നത്. രോഗികളുടെ വലിയ തിരക്കാണ് ഇവിടെ ഇപ്പോൾ അനുഭവപ്പെടുന്നത്. കഴിഞ്ഞ
സർക്കാരിന്റെ കാലത്ത് രണ്ടുകോടി രൂപ ചിലവിൽ കെട്ടിടം മാത്രം പണിതിരുന്നു.വൈദ്യുതിയും വെള്ളവും ഫർണിച്ചറുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഇപ്പോൾ ഒരുക്കുകയാണ് ചെയ്തതെന്ന് മന്ത്രി പറഞ്ഞു. കൂടാതെ രോഗികൾക്ക് ഇരിക്കാനുള്ള സ്ഥലവും രജിസ്‌ട്രേഷൻ കൗണ്ടറുകളും ഫാർമസി കെട്ടിടവും അതിനോട് ചേർത്ത് ഇപ്പോൾ സർക്കാർ നിർമ്മിക്കുകയാണ് ചെയ്തത്. മെഡിക്കൽ കോളേജിന്റെ വിവിധങ്ങളായ വികസനത്തിനിടെ ഇവിടെ എന്തെങ്കിലും വികസന കാര്യങ്ങൾ നടപ്പിലാക്കാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കഴിഞ്ഞിരുന്നില്ല. മെഡിക്കൽ കോളേജിന്റെ സബ് സെന്റർ ആയതിനാൽ സംസ്ഥാന ആരോഗ്യ വിഭാഗം ഡയറക്ടറേറ്റിനും ഇടപെടാൻ കഴിയുമായിരുന്നില്ല. ഈ വിഷയങ്ങൾ ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി കിടത്തി ചികിത്സാ സൗകര്യമുള്ള ആശുപത്രി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് ഈ ആശുപത്രിയെ ആർദ്രം പദ്ധതിയിലുൾപ്പെടുത്തി 38 ലക്ഷം രൂപ അനുവദിക്കുകയും ഇന്റഗ്രേറ്റഡ് ഫാമിലി ഹെൽത്ത് സെന്റർ എന്ന പ്രത്യക പദവിയിലുൾപ്പെടുത്തി കിടത്തി ചികിത്സ സൗകര്യത്തിന് ഉത്തരവ് നൽകുകയുമായിരുന്നു. ഇതേ തുടർന്ന് പുതിയ റോഡിന്റെ നിർമ്മാണം ആരംഭിക്കുകയും ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുകയും ചെയ്തു. ഫർണിച്ചർ വാങ്ങുന്നതിന് നടപടികൾ സ്വീകരിച്ചു.സ്ഥലത്തെ ഗാന്ധിപുരം റസിഡന്റ്‌സ് അസോസിയേഷൻ 24 ഫാനുകളും വാങ്ങി നൽകിയിട്ടുണ്ട്. മെഡിക്കൽ കോളേജിലെ തിരക്ക് കാരണം രോഗികളെ ഉൾക്കൊള്ളാൻ കഴിയാത്ത സാഹചര്യത്തിൽ പാങ്ങപ്പാറ ആശുപത്രി ജനങ്ങൾക്ക് അനുഗ്രഹമാകുമെന്നും മന്ത്രി പറഞ്ഞു.

https://www.facebook.com/SanthigiriNews/posts/1671061986390922

ഇവിടെ എക്സ്റേ ,സ്കാനിംഗ് സൗകര്യങ്ങൾ കൂടി ആരംഭിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ഹോസ്പിറ്റൽ മാനേജമെന്റ് കമ്മറ്റി രൂപീകരിച്ച് അതിന് കീഴിൽ ഫാർമസി ,ലബോറട്ടറി സൗകര്യങ്ങൾ കുറഞ്ഞ ചിലവിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുവാൻ കഴിയുന്ന നടപടികളെ കുറിച്ചുകൂടി സർക്കാർ ആലോചിക്കുമെന്നു് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായി മന്ത്രി പറഞ്ഞു.
പാങ്ങപ്പാറ ആശുപത്രിയിലെ സൗകര്യങ്ങൾ പരിശോധിക്കാൻ എത്തിയതായിരുന്നു മന്ത്രി. മന്ത്രിക്കൊപ്പം മെഡിക്കൽ ഓഫീസർമാരും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.

 

Related Articles

Back to top button