International

ചരക്കുകപ്പലിലെ തീ അണയ്ക്കാനായില്ല;  തീരവാസികള്‍ക്ക് മുന്നറിയിപ്പ്

“Manju”

കൊളംബോ: ശ്രീലങ്കയ്ക്ക് സമീപം രാസവസ്തുക്കള്‍ കയറ്റിയ ചരക്കുകപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമം ആറ് ദിവസം കഴിഞ്ഞിട്ടും ഫലം കാണാതെ വന്നതോടെ കൊളംബോ തീരത്ത് കടുത്ത ആശങ്ക. പ്രതികൂല കാലാവസ്ഥയില്‍ കപ്പല്‍ മുങ്ങുമെന്ന സ്ഥിതിയാണ്. കപ്പലിലെ ഇന്ധനടാങ്കുകളിലുള്ള 325 ടണ്‍ എണ്ണ കടലില്‍ കലര്‍ന്നാല്‍ വന്‍ പാരിസ്ഥിതിക ദുരന്തമായി മാറും. ശ്രീലങ്കയിലെ പ്രധാന ടൂറിസം കേന്ദ്രമായ നിഗംബോ ലഗൂണിലേക്കും ഇത് പടരാന്‍ സാധ്യതയുണ്ട്. ഇതും ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. അതേസമയം കൊളംബോ മുതല്‍ നിഗംബോ വരെയുള്ള തെക്കുപടിഞ്ഞാറന്‍ തീരമാകെ കറുത്ത പുക പടര്‍ന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കപ്പിലിലെ അവശിഷ്ടങ്ങളുടേയും മറ്റ് വസ്തുക്കളുടേയും സമീപത്ത് കൂടി പോകരുതെന്ന് തീരവാസികള്‍ക്കും മുന്നറിയിപ്പുണ്ട്.

ഗുജറാത്തില്‍ നിന്ന് പുറപ്പെട്ട കപ്പലില്‍ 1486 കണ്ടെയ്‌നറുകളില്‍ രാസവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള ചരക്കുകളാണ് ഉള്ളത്. ഇതില്‍ 25 ടണ്‍ നൈട്രിക് ആസിഡും ഉണ്ട്. കൊളംബോ തുറമുഖത്തേക്ക് പ്രവേശിക്കാന്‍ തയ്യാറെടുക്കുന്നതിനിടെ മെയ് 20നാണ് തീപ്പിടുത്തമുണ്ടായത്. അഞ്ച് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 25 കപ്പല്‍ ജീവനക്കാരെ ഇതിനോടകം രക്ഷിച്ചിട്ടുണ്ട്. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തുണ്ട്. തീ അണയ്ക്കാനുള്ള ശ്രമം വിഫലമാതോടെയാണ് ശ്രീലങ്ക ഇന്ത്യയുടെ സഹായം തേടിയത്. ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡിന്റെ വൈഭവ്, വജ്ര എന്നീ കപ്പലുകള്‍ രംഗത്തുണ്ട്. അടിയന്തര ഘട്ടത്തില്‍ പുറപ്പെടാന്‍ കൊച്ചി, ചെന്നൈ, തൂത്തുക്കുടി എന്നിവിടങ്ങളിലെ കോസ്റ്റ്ഗാര്‍ഡ് കപ്പലുകളും തയ്യാറെടുത്തിട്ടുണ്ട്.

Related Articles

Back to top button