AlappuzhaKeralaLatest

പാണ്ടനാട് എം വി ലൈബ്രറിയുടെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം

“Manju”

അജിത് ജി. പിള്ള

ചെങ്ങന്നൂർ :ബ്ലോക്ക് പഞ്ചായത്തിന്റെയും ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെയും വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി 19 ലക്ഷം രൂപ അനുവദിച്ച് നവീകരിച്ച പാണ്ടനാട് എം വി ലൈബ്രറിയുടെ കെട്ടിടത്തിന്റെ ഉദ്ഘാടനം ചെങ്ങന്നൂർ എം എൽ എ സജി ചെറിയാൻ നിർവഹിച്ചു. 2018 ലെ വെള്ളപ്പൊക്കത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ച ഈ ലൈബ്രറി ത്രിതല പഞ്ചായത്തുകളുടെയും നാട്ടിലെ സുമനസ്സുകളുടെയും സഹായസഹകരണത്തോടെയാണ് വികസന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോയത്.

ചെങ്ങന്നൂർ താലൂക്ക് റഫറൻസ് ലൈബ്രറിയായി ഉയർത്തപ്പെട്ട ഈ ലൈബ്രറിയിൽ വിവിധ ശാഖകളിലായി 14410 പുസ്തകങ്ങളും 950 ലേർണിംഗ് റിസോഴ്സ്‌ സി ഡി കളും പൊതുജനങ്ങൾക്കായി സജ്ജീകരിച്ചിട്ടുണ്ട്. സ്ത്രീകളുടെ വായനാശീലം വർധിപ്പിക്കുന്നതിനായി വീടുകളിൽ പുസ്തകം എത്തിക്കുന്ന വനിതാ പുസ്തകവിതരണപദ്ധതി നടപ്പിലാക്കുന്നു. ഓൺലൈൻ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി കമ്പ്യൂട്ടർ, ടെലിവിഷൻ എന്നിവയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി കുട്ടികൾക്ക് ആവശ്യമായ പഠനസൗകര്യം ഇന്റർനെറ്റ് സംവിധാനത്തോടെ നടപ്പിലാക്കി വരുന്നു.

വിദ്യാസമ്പന്നരായ യുവതി – യുവാക്കൾക്ക് പുതിയ തൊഴിൽ ലഭിക്കുന്നതിന് ആവശ്യമായ കരിയർ ഗൈഡൻസ് പ്രോഗ്രാം ലൈബ്രറിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്നു . പാണ്ടനാട് ചെമ്പഴന്നൂർ സി കെ നീലകണ്ഠൻ പിള്ള സൗജന്യമായി നൽകിയ 5 സെന്റ് വസ്തുവിലാണ് ലൈബ്രറി സ്ഥിതി ചെയ്യുന്നത്. ലൈബ്രറിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മുതിർന്ന ലൈബ്രറി പ്രവർത്തകരായ റ്റി കെ ചന്ദ്രചൂഡൻ നായർ, വി എൻ ഗോപാലകൃഷ്ണപിള്ള, റ്റി സി സോമൻ എന്നിവരെ ആദരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി സി അജിത അധ്യക്ഷയായ യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡൻറ് ജി വിവേക്, പാണ്ടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശിവൻകുട്ടി ഐലാരത്തിൽ, വാർഡ് മെമ്പർ ആശ വി നായർ, ചെങ്ങന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് എൽ പി സത്യപ്രകാശ്, സെക്രട്ടറി ബി ഷാജ്‌ലാൽ, പ്രശസ്ത കവി ഒ എസ് ഉണ്ണികൃഷ്ണൻ, ലൈബ്രറി പ്രസിഡൻറ് റ്റി എ ബെന്നിക്കുട്ടി, വിവിധ രാഷ്ട്രീയ സാമൂഹികരംഗത്തെ പ്രമുഖർ തുടങ്ങിയവർ സംസാരിച്ചു.

ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനും ലൈബ്രറി സെക്രട്ടറിയുമായ ജി കൃഷ്ണകുമാർ സ്വാഗതവും പാണ്ടനാട് ഗ്രാമപഞ്ചായത്തംഗവും ലൈബ്രറി ജോയിൻറ് സെക്രട്ടറിയുമായ എം എസ് രാധാകൃഷ്ണൻ കൃതജ്ഞതയും അറിയിച്ചു.

Related Articles

Back to top button