IndiaLatest

കർഷക സമരം : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ഉപാധിയിലാകും ഇന്നത്തെ ചര്‍ച്ചയെന്ന് കര്‍ഷകര്‍

“Manju”

സിന്ധുമോൾ. ആർ

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ഒറ്റ ഉപാധി മുന്നില്‍വച്ചാകും കേന്ദ്രസര്‍ക്കാരുമായുള്ള ഇന്നത്തെ ചര്‍ച്ചയെന്ന് കര്‍ഷക സംഘടനകള്‍. ചര്‍ച്ച പരാജയപ്പെട്ടാല്‍ പ്രക്ഷോഭം കടുപ്പിക്കും. നാല് ഉപാധികളാണ് കര്‍ഷക സംഘടനകള്‍ കേന്ദ്രസര്‍ക്കാരിന് മുന്നില്‍വച്ചിരുന്നത്. ഇതില്‍ അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട നിയമങ്ങളുടെ പരിധിയില്‍ നിന്ന് കര്‍ഷകരെ ഒഴിവാക്കല്‍, വൈദ്യുതി ബില്ലിലെ ഭേദഗതി എന്നിവയില്‍ സമവായമുണ്ടായെന്നാണ് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍ നേരത്തെ വ്യക്തമാക്കിയത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കല്‍ എന്ന ഒറ്റ അജന്‍ഡയില്‍ ചര്‍ച്ച നടത്താനാകും കര്‍ഷക സംഘടനകള്‍ ഇന്ന് ശ്രമിക്കുക. നിയമങ്ങള്‍ പിന്‍വലിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍.

അതേസമയം, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഹരിയാന സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ പൊലീസ് ബാരിക്കേഡുകള്‍ മറികടന്ന് ഡല്‍ഹിയിലേക്ക് നീങ്ങാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി-ജയ്പൂര്‍ ദേശീയപാതയിലെ റേവാഡിയില്‍ ഏറെനേരം സംഘര്‍ഷാവസ്ഥയുണ്ടായി. പൊലീസ് നിരവധി തവണ കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. എന്നാല്‍, കര്‍ഷകര്‍ ട്രാക്ടറുകളില്‍ മുന്നോട്ടുനീങ്ങി. പ്രക്ഷോഭകരെ രാത്രിയോടെ ഹരിയാനയിലെ മസാനിയില്‍ തടഞ്ഞു. മേഖലയില്‍ സംഘര്‍ഷ സാധ്യത തുടരുകയാണ്.

Related Articles

Back to top button