റഫാല്‍ യുദ്ധവിമാനങ്ങള്‍ ഔദ്യോഗികമായി ഇന്ന് വ്യോമസേനയുടെ ഭാഗമാകും
ശ്രീജ.എസ്
ന്യൂഡല്‍ഹി: ആധുനിക റഫാല്‍ യുദ്ധവിമാനം സെപ്തംബര്‍10ന് ഔദ്യോഗികമായി എയര്‍ഫോഴ്സിന്റെ ഭാഗമാവും. അംബാലയിലെ വ്യോമസേന താവളത്തില്‍ നടക്കുന്ന ചടങ്ങില്‍ ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറന്‍സ് പാര്‍ലി മുഖ്യാതിഥിയാവും. ഇതോടെ റഫാല്‍, ‘സ്വര്‍ണ്ണ അമ്പുകള്‍’ (Golden Arrows) എന്ന് പേരിട്ടിരിക്കുന്ന ഇന്ത്യന്‍ വ്യോമസേനയുടെ നമ്പര്‍ 17 സ്ക്വാഡ്രണിന്റെ ഭാഗമാവും. ചടങ്ങിനോടനുബന്ധിച്ച് അംബാല എയര്‍ബേസിന് ചുറ്റും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അംബാലയിലെ വ്യോമസേനാ താവളത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറന്‍സ് പാര്‍ലി, മുതിര്‍ന്ന സൈനികോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
58,000 കോടി രൂപ ചെലവിട്ട് 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനാണ് ഇന്ത്യ ഫ്രാന്‍സുമായി കരാറൊപ്പിട്ടിട്ടുള്ളത്. റഫാല്‍ വിമാനം അനാച്ഛാദനം, ജലപീരങ്കി അഭിവാദ്യം, പരമ്പരാഗത ‘സര്‍വധര്‍മ പൂജ’, റഫാല്‍, തേജസ് വിമാനങ്ങളുടെ വ്യോമാഭ്യാസ പ്രകടനം, ‘സാരംങ് എയ്റോബാറ്റിക് ടീം’ നടത്തുന്ന പ്രകടനം എന്നിവ ചടങ്ങിന്റെ ഭാഗമായി നടക്കും. ചടങ്ങുകള്‍ക്ക് ശേഷം ഇന്ത്യയുടെയും ഫ്രാന്‍സിന്റെയും പ്രതിനിധി സംഘങ്ങള്‍ തമ്മില്‍ ഉഭയകക്ഷി ചര്‍ച്ചയുമുണ്ടാവും.