KeralaLatestThiruvananthapuram

പെരുങ്ങുഴി റെയില്‍വേ സ്റ്റേഷന്‍ അവഗണനയുടെ പാളം…

“Manju”

ചിറയിന്‍കീഴ്: പെരുങ്ങുഴി റെയില്‍വേ സ്റ്റേഷനോടുള്ള അവഗണന തുടരുന്നു. മറ്റ് പല സ്റ്റേഷനുകളും വികസനത്തിലേക്ക് നീങ്ങുമ്ബോള്‍ അടിസ്ഥാന വികസനം പോലും അന്യമാവുകയാണ് ഇവിടെ. നിരവധി യാത്രക്കാരുടെ ആശ്രയ കേന്ദ്രമായ ഇവിടെ എത്തുന്നവര്‍ക്ക് മതിയായ ഇരിപ്പിടമോ തണലേകാന്‍ പാകത്തില്‍ മേല്‍ക്കൂരകളോ ഇവിടെയില്ല. ഉള്ളവയാകട്ടെ കഷ്ടിച്ച്‌ വിരലിലെണ്ണാവുന്നവര്‍ക്ക് മാത്രം കയറി നില്‍ക്കുവാന്‍ പാകത്തിലുള്ളതാണ്. മീറ്റര്‍ ഗേജ് ആയിരുന്നപ്പോഴുള്ള പ്ലാറ്റ് ഫോമുകളാണ് ഇപ്പോഴുമുള്ളത്. പ്ലാറ്റ്ഫോമിന്റെ പൊക്കക്കുറവ് യാത്രക്കാര്‍ക്ക് സമ്മാനിക്കുന്ന ദുരിതം ചില്ലറയല്ല. പോരാത്തതിന് ഒന്നാം പ്ലാറ്റ് ഫോമിന്റെ നീളക്കുറവും കൂടിയാകുമ്ബോള്‍ യാത്രക്കാരുടെ ദുരിതം ഇരട്ടിയാവുകയാണ്. ട്രെയിന്‍ നിര്‍ത്തിയാല്‍ കയറണമെങ്കില്‍ യാത്രക്കാര്‍ അഭ്യാസം കൂടി അറിഞ്ഞിരിക്കണം. ട്രെയിനുകളുടെ ബോഗികള്‍ പലപ്പോഴും പ്ലാറ്റ്ഫോമിന് വെളിയിലാണ് കിടക്കുക. ഇറങ്ങണമെങ്കില്‍ ബോഗി ബോര്‍ഡില്‍ നിന്ന് ഒന്നര മീറ്റര്‍ താഴേക്ക് ചാടണം. യാത്രക്കാര്‍ക്ക് ഇരു പ്ലാറ്റ്ഫോമിലേക്കും പോകാന്‍ പാകത്തില്‍ ഫുട് ഓവര്‍ ബ്രി‌ഡ്ജ് വേണമെന്ന ആവശ്യം വര്‍ഷങ്ങളായി നിലനില്‍ക്കുകയാണ്.

പ്ലാറ്റ് ഫോമിനും റെയില്‍വേ ഗേറ്റിനുമിടയില്‍ യാത്രക്കാര്‍ക്ക് സുഗമമായി കടന്നുപോകാന്‍ പാത ഒരുക്കണമെന്ന കാര്യവും അധികൃതരുടെ കനിവിനായി കാക്കുകയാണ്. തിരുവനന്തപുരത്തിനും കൊല്ലത്തിനുമിടയില്‍ സിഗ്നല്‍ സിസ്റ്റം ഇല്ലാത്ത ഏക റെയില്‍വേ ഗേറ്റാണ് പെരുങ്ങുഴി. ഫലമോ ഇവിടം കടക്കാന്‍ എത്തുന്ന വാഹനയാത്രക്കാര്‍ക്ക് കൊവിഡിന് മുമ്ബ് വരെ അരമണിക്കൂറിലേറെ കാത്തുകിടക്കേണ്ടി വരും. റെയില്‍വേ കടന്ന് ഓട്ടം വിളിച്ചാല്‍ പോലും ഓട്ടോറിക്ഷ വരാതായി. അത്യാവശ്യ ഘട്ടത്തില്‍ ആശുപത്രി കേസുകളുമായി ബന്ധപ്പെട്ട് എത്തുന്ന രോഗികള്‍ ഗേറ്റില്‍ കുടുങ്ങിക്കിടക്കുന്നത് പതിവ് കാഴ്ചയാണ്. ഇതിനെല്ലാ പരിഹാരമായി പാസഞ്ചര്‍ ഒഴികെ ഏതെങ്കിലും ഒരു ട്രയിനിന് പെരുങ്ങുഴിയില്‍ സ്റ്റോപ്പ് വേണമെന്ന നാട്ടുകാരുടെ ആവശ്യവും അവഗണനയുടെ പാതയിലാണ്. യാത്രക്കാരുടെ ദുരിതങ്ങള്‍ മനസിലാക്കി വികസനത്തില്‍ പിന്നോട്ട് നില്‍ക്കുന്ന ഈ സ്റ്റേഷനില്‍ മെച്ചപ്പെട്ട സൗകര്യം ഒരുക്കാന്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്ന് അനുകൂല നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related Articles

Back to top button