India

നിമിഷയെയും മകളെയും തിരിച്ചെത്തിക്കണം: ഹൈക്കോടതിയിൽ  ഹർജി

“Manju”

കൊച്ചി: ഐഎസ് ബന്ധത്തിന്റെ പേരിൽ അഫ്ഗാൻ ജയിലിൽ കഴിയുന്ന നിമിഷ ഫാത്തിമയെയും മകളെയും തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി. നിമിഷയുടെ അമ്മ ബിന്ദുവാണ് ഹർജി നൽകിയത്.

നിമിഷ ഫാത്തിമയെയും നിമിഷയുടെ മകളെയും തിരികെയെത്തിക്കാനായി കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ടാണ് ഹർജി. അഫ്ഗാൻ ജയിലിൽ കഴിയുന്ന ഇവരെ ഇന്ത്യയിലെത്തിക്കാൻ സർക്കാർ നടപടി സ്വീകരിക്കുന്നില്ല. ഇന്ത്യ പങ്കാളിയായ അന്താരാഷ്ട്ര ഉടമ്പടികളിലടക്കം പൗരന്മാരുടെ അവകാശ സംരക്ഷണത്തിന് പ്രത്യേക പരിഗണനയുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

ഭരണഘടനാപരമായ മൗലികാവകാശങ്ങളും സംരക്ഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും. നിമിഷ ഫാത്തിമ അടക്കം നാല് മലയാളി പെൺകുട്ടികളാണ് അഫ്ഗാൻ ജയിലിൽ കഴിയുന്നത്. മതം മാറി ഭർത്താക്കൻമാർക്കൊപ്പം ഐഎസ് തീവ്രവാദികൾക്ക് വേണ്ടി യുദ്ധം ചെയ്യാൻ പോകവേയാണ് ഇവർ പിടിയിലായത്.

നിമിഷയുടെ കാര്യത്തിൽ സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനാകില്ലെന്ന നിലപാട് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇവരെ തിരിച്ചുകൊണ്ടുവരുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന വാദവും ശക്തമാണ്.

Related Articles

Back to top button