Thiruvananthapuram

ആര്‍.സി.സി.യുടെ വികസനം സമയബന്ധിതമായി നടത്തും: മുഖ്യമന്ത്രി

“Manju”

എസ് സേതുനാഥ്

ആര്‍.സി.സി.യില്‍ അത്യാധുനിക കാഷ്വാലിറ്റി സംവിധാനം ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ആര്‍.സി.സി.യുടെ വികസനം സമയബന്ധിതമായി നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിവര്‍ഷം വര്‍ധിച്ചുവരുന്ന കാന്‍സര്‍ രോഗികളുടെ എണ്ണത്തിനനുസരിച്ച് ആര്‍സിസിയുടെ ഭൗതികസാഹചര്യങ്ങള്‍ വര്‍ധിപ്പിക്കേണ്ടതുണ്ട് എന്ന തിരിച്ചറിവ് സര്‍ക്കാരിനുണ്ട്. അതിന്റെ ഭാഗമായാണ് 187 കോടി ചെലവില്‍ പുതിയ 14-നില കെട്ടിടം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. ആശുപത്രിയുടെ സ്ഥലപരിമിതി പരിഹരിക്കാനും പശ്ചാത്തല സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും ഇതുപകരിക്കും. 2021-ല്‍ തന്നെ പൂര്‍ത്തീകരിക്കുംവിധം ദ്രുതഗതിയിലാണ് നിര്‍മ്മാണം പുരോഗമിക്കുന്നത്. ആര്‍.സി.സി.യുടെ അടുത്ത ഘട്ട വികസനം മുന്നില്‍കണ്ട് പുലയനാര്‍ കോട്ടയില്‍ 11.69 ഏക്കര്‍ ഭൂമിയും സര്‍ക്കാര്‍ അനുവദിച്ചു നല്‍കിയിട്ടുണ്ട്. അതിവിപുലമായ സേവന സൗകര്യങ്ങളാണ് പുതിയ കാമ്പസില്‍ വിഭാവനം ചെയ്തിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ സജ്ജമാക്കിയ പുതിയ അത്യാധുനിക കാഷ്വാലിറ്റി സംവിധാനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

രോഗചികിത്സയില്‍ വന്നിട്ടുള്ള കാലാനുസൃതമായ മാറ്റം ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കുന്നതിനായി ആര്‍സിസിയില്‍ ആധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തിലും സര്‍ക്കാര്‍ ശ്രദ്ധിച്ചിട്ടുണ്ട്. അടുത്തിടെ 14 കോടിരൂപാ ചിലവില്‍ ഇവിടെ ഹൈ എനര്‍ജി ലീനിയര്‍ ആക്‌സിലറേറ്റര്‍ എന്ന അത്യാധുനിക റേഡിയോതെറാപ്പി ഉപകരണം സ്ഥാപിച്ചു. പാര്‍ശ്വഫലങ്ങളും കാത്തിരിപ്പുസമയവും കുറച്ചുകൊണ്ട് രോഗികള്‍ക്ക് ഹൈടെക് ചികിത്സ ലഭ്യമാക്കാന്‍ ഇതുവഴി സാധിക്കുന്നുണ്ട്. അസ്ഥികളുടെ സാന്ദ്രത അളക്കുന്നതിനുള്ള ഡെക്‌സാ സ്‌കാനര്‍, ഇമ്മ്യുണോ അസ്സേ അനലൈസര്‍ എന്നീ സംവിധാനങ്ങളും ഇപ്പോള്‍ ആര്‍സിസിയില്‍ ലഭ്യമാണ്. 20 കോടി രൂപ ചെലവില്‍ മറ്റൊരു റേഡിയോതെറാപ്പി മെഷീന്‍ കൂടി ഇവിടെ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ഒപ്പം നിലവിലുള്ള സി.ടി. സ്‌കാന്‍ മെഷീനു പുറമെ 14 കോടിരൂപ ചെലവില്‍ അതിനൂതന സംവിധാനങ്ങളുള്ള പുതിയൊരു സി.ടി. സ്‌കാനര്‍ കൂടി ഇവിടെ പ്രവര്‍ത്തനസജ്ജമായി ക്കൊണ്ടിരിക്കുകയാണ്.

കേരളത്തിന്റെ ആരോഗ്യമേഖലയില്‍ തനതായ സേവനസംസ്‌കാരം കാഴ്ചവച്ചുകൊണ്ടിരിക്കുന്ന ആര്‍.സി.സി. ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച കാന്‍സര്‍ ചികിത്സാസ്ഥാപനങ്ങളിലൊന്നാണ്. കേരളത്തില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമായി പ്രതിവര്‍ഷം പതിനേഴായിരത്തില്‍പരം പുതിയ രോഗികളും, രണ്ടു ലക്ഷത്തില്‍പരം പേര്‍ തുടര്‍ചികിത്സയ്ക്കുമായി ആര്‍.സി.സി.യുടെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്. കോവിഡ് കാലത്ത് വലിയ സേവനമാണ് ആര്‍സിസി നടത്തിയത്. ആര്‍.സി.സി.യിലെ വികസന പ്രവര്‍ത്തനങ്ങള്‍ മുടക്കമില്ലാതെ നടക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഈ ഉദ്ഘാടനം.

ആര്‍.സി.സിയിലെ പഴയ കാഷ്വാലിറ്റിയിലെ പരിമിതികള്‍ പരിഹരിച്ചാണ്, ഒരു കോടിയില്‍പരം രൂപാ ചെലവില്‍ അത്യാധുനിക സൗകര്യങ്ങളോടെ ഈ ഹൈടെക് കാഷ്വാലിറ്റി സംവിധാനം ഒരുക്കിയിട്ടുള്ളത്. ഒരേ സമയം പത്ത് രോഗികള്‍ക്ക് ഇവിടെ തീവ്രപരിചരണം നല്‍കാന്‍ സാധിക്കും. എന്‍.എ.ബി.എച്ച്. മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടും കോവിഡ് കാലത്തെ ചികിത്സാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുമാണ് പുതിയ കാഷ്വാലിറ്റി സജ്ജമാക്കിയിട്ടുള്ളത്.

രോഗികളുടെ സ്വകാര്യതയ്ക്ക് പ്രത്യേക പരിഗണന നല്‍കുംവിധം തയ്യാറാക്കിയിട്ടുള്ള ഈ പുതിയ കാഷ്വാലിറ്റിയില്‍ അണുബാധാ നിയന്ത്രണ സംവിധാനങ്ങള്‍, രോഗതീവ്രതയനുസരിച്ച് സേവനം നല്‍കാന്‍ കഴിയുന്ന ട്രയാജ് സംവിധാനം, വിവിധ രീതികളില്‍ രോഗികളെ കിടത്തി ചികിത്സിക്കാന്‍ കഴിയുന്ന പ്രത്യേകതരം കിടക്കകള്‍, ജീവന്‍രക്ഷയ്ക്കും നിരീക്ഷണത്തിനുമുള്ള ഉപകരണങ്ങള്‍, കൂട്ടിരിപ്പുകാര്‍ക്കുള്ള പ്രത്യേക കാത്തിരുപ്പ് കേന്ദ്രം എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. കാന്‍സര്‍ ബാധിതര്‍ക്ക് മെച്ചപ്പെട്ട സേവനം പ്രദാനം ചെയ്യാന്‍ കഴിയുന്നവയാണ് ഇവയെന്ന കാര്യത്തില്‍ സംശയമില്ല.

അക്കാദമികരംഗത്തും ആര്‍.സി.സി.യ്ക്ക് ഈ കാലയളവില്‍ വലിയ നേട്ടങ്ങള്‍ ഉണ്ടായി. മെഡിക്കല്‍ ഓങ്കോളജി, സര്‍ജിക്കല്‍ ഓങ്കോളജി, പീഡിയാട്രിക് ഓങ്കോളജി എന്നിവയിലുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി കോഴ്‌സുകള്‍ക്ക് പുറമെ ഹെഡ് ആന്‍ഡ് നെക്ക് സര്‍ജറി, ഗൈനക് ഓങ്കോളജി എന്നിവയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി കോഴ്‌സ് തുടങ്ങുന്നതിനും നിലവിലുള്ള കോഴ്‌സുകളുടെ സീറ്റ് വര്‍ധിപ്പിക്കുന്നതിനും സാധിച്ചിട്ടുണ്ട്.
കോവിഡ്കാലത്തെ പരിമിതികള്‍ അതിജീവിച്ചുകൊണ്ട് കാന്‍സര്‍ രോഗികളുടെ സുരക്ഷയ്ക്കും, ചികിത്സയ്ക്കും വേണ്ടി ആര്‍.സി.സി. നടത്തിവരുന്ന സേവനങ്ങള്‍ എടുത്തു പറയേണ്ടതാണ്. കോവിഡ് കാലത്ത് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ കാന്‍സര്‍രോഗികള്‍ക്ക് സേവനം നല്കാന്‍ സാധിച്ചു. ടെലിമെഡിസിന്‍ സംവിധാനം ഉപയോഗപ്പെടുത്തികൊണ്ടുള്ള വെര്‍ച്വല്‍ ഒ.പി. സേവനം ആയിരക്കണക്കിന് കാന്‍സര്‍ രോഗികള്‍ക്കാണ് പ്രയോജനപ്പെട്ടത്.

ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ കോവിഡ്കാലത്ത് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കാന്‍സര്‍ തുടര്‍ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനായത് വലിയ ഗുണം ചെയ്തു. തമിഴ്‌നാട്ടില്‍ നിന്നുള്ള രോഗികള്‍ക്കുവേണ്ടി കന്യാകുമാരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിന്റെ സഹായത്തോടെ അവിടെത്തന്നെ ചികിത്സാസൗകര്യങ്ങള്‍ ഒരുക്കി. ഇതുമൂലം ആര്‍.സി.സി.യില്‍ വരാതെ തന്നെ ചികിത്സയും തുടര്‍ചികിത്സയും ഉറപ്പാക്കാന്‍ കേരളത്തിലും തമിഴ്‌നാട്ടിലുമുള്ള നിരവധി പേര്‍ക്ക് സാധിച്ചു. മറ്റൊന്ന് അഗ്‌നിരക്ഷാസേനയുടെ സഹായത്തോടെ രോഗികള്‍ക്ക് മരുന്നെത്തിക്കാന്‍ നടത്തിയ പ്രവര്‍ത്തനമാണ്. കേരളത്തിലും തമിഴ്‌നാട്ടിലുമായി 45 ലക്ഷത്തോളം രൂപയുടെ മരുന്നാണ് ലോക്ഡൗണ്‍ കാലത്ത് ആര്‍സിസി ജനങ്ങള്‍ക്ക് എത്തിച്ചുകൊടുത്തത്. സാമൂഹ്യപ്രതിബദ്ധതയോടെ പ്രവര്‍ത്തി ക്കാന്‍ ഈ സ്ഥാപനത്തിനു കഴിയുന്നുവെന്നതിന്റെ തെളിവുകളാണിതൊക്കെയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കാന്‍സര്‍ ചികിത്സാ രംഗത്തെ ഒരു ചരിത്ര സ്ഥാപനമാണ് ആര്‍സിസിയെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ജനങ്ങള്‍ വളരെ ആശ്വാസത്തോടെയാണ് ആര്‍സിസിയെ കാണുന്നത്. അടുത്തകാലത്ത് വലിയ മാറ്റങ്ങളാണ് ആര്‍സിസിയില്‍ കാണാന്‍ കഴിയുന്നത്. കാന്‍സര്‍ ചികിത്സ രംഗത്ത് വലിയ പ്രാധാന്യമാണ് സര്‍ക്കാര്‍ നല്‍കുന്നത്. മധ്യ കേരളത്തില്‍ 385 കോടി രൂപ വിനിയോഗിച്ച് കാന്‍സര്‍ സെന്റര്‍ സജ്ജമാക്കി വരികയാണ്. മെഡിക്കല്‍ കോളേജുകളില്‍ കാന്‍സര്‍ ചികിത്സയ്ക്കായി വലിയ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മെഡിക്കല്‍ കോളേജുകളില്‍ കാന്‍സര്‍ ചികിത്സ വിപുലപ്പെടുത്താന്‍ 105 തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്തു. ജില്ലാ ആശുപത്രികളില്‍ കീമോ തെറാപ്പി സൗകര്യം ഏര്‍പ്പെടുത്തി. മൂന്ന് കാന്‍സര്‍ സെന്ററുകളുടെ സഹകരണത്തോടെ കാന്‍സര്‍ രജിസ്ട്രി രൂപീകരിച്ചുവരുന്നു. കൂടാതെ കാന്‍സര്‍ കണ്‍ട്രോള്‍ ബോര്‍ഡും രൂപീകരിച്ചു. കോവിഡ് കാലത്ത് ആര്‍സിസി ചെയ്ത സേവനങ്ങള്‍ വളരെ വലുതാണെന്നും മന്ത്രി വ്യക്തമാക്കി.

സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി.

ആര്‍.സി.സി. ഡയറക്ടര്‍ ഡോ. രേഖ എ. നായര്‍ സ്വാഗതമാശംസിച്ച ചടങ്ങില്‍ നഗരസഭ മേയര്‍ കെ. ശ്രീകുമാര്‍, കൗണ്‍സിലര്‍ എസ്.എസ്. സിന്ധു എന്നിവര്‍ ആശസകളും, ആര്‍.സി.സി. മെഡിക്കല്‍ സൂപ്രണ്ട് ഡോ. എ. സജീദ് കൃതജ്ഞതയും പറഞ്ഞു.

Related Articles

Back to top button