KeralaLatestThiruvananthapuram

‘വാരിയംകുന്നന്‍’ വീണ്ടും

“Manju”

സ്വാതന്ത്ര്യ സമര പോരാളിയുടെ നിഘണ്ടുവില്‍ നിന്ന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പേര് നീക്കം ചെയ്യുന്ന വിഷയത്തില്‍ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തില്‍ ഭിന്നത. വെബ് സൈറ്റില്‍ നിന്ന് പേര് പിന്‍വലിച്ചതിന് പിന്നാലെ നീക്കം തടഞ്ഞ് ഐസിഎച്ച്‌ആര്‍ ഡയറക്ടര്‍ അരവിന്ദ് പി ജാംഖേദ്കര്‍ രംഗത്തെത്തി. പ്രധാനമന്ത്രി പ്രകാശനം ചെയ്ത നിഘണ്ടുവില്‍ ഭേദഗതി വരുത്താന്‍ ഏകപക്ഷീയമായി സാധിക്കില്ലെന്ന് അരവിന്ദ് പി ജാംഖേദ്കര്‍ അഭിപ്രായപ്പെട്ടു.

വിവരശേഖരണത്തിന്റെ അടിസ്ഥാനത്തില്‍ ഐസിഎച്ച്‌ആര്‍ ആണ് നിഘണ്ടു പ്രസിദ്ധീകരിച്ചത്. നിഘണ്ടുവില്‍ നിന്ന് വാരിയംകുന്നന്റെ പേര് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ വിചാരകേന്ദ്രം അടക്കം രംഗത്തെത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംഘടനകള്‍ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെ സാംസ്‌കാരിക മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച നിഘണ്ടുവില്‍ നിന്ന് വാരിയംകുന്നന്റെ പേര് നീക്കം ചെയ്തു. ഇത് വിവാദമായ പശ്ചാത്തലത്തിലാണ് ഐസിഎച്ച്‌ആര്‍ ഡയറക്ടര്‍ പ്രതികരിച്ച്‌ രംഗത്തെത്തിയത്. നിഘണ്ടു പിന്‍വലിക്കാന്‍ സാധിക്കില്ലെന്ന് അരവിന്ദ് പി ജാംഖേദ്കര്‍ വ്യക്തമാക്കി. അതിന് പ്രത്യേകം നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും നിലവില്‍ അത് സാധ്യമല്ലെന്നും അദ്ദേഹം അറിയിച്ചു.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സിനിമ പ്രഖ്യാപിച്ച്‌ സംവിധായകന്‍ ആഷിഖ് അബു രംഗത്തെത്തിയത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പൃഥ്വിരാജ് വാരിയംകുന്നന്‍ ആകുമെന്നായിരുന്നു പ്രഖ്യാപനം. ഇതിന് പിന്നാലെ ആഷിഖ് അബു ഉള്‍പ്പെടെയുള്ളവര്‍ വലിയ സൈബര്‍ ആക്രമണമാണ് നേരിട്ടത്.

Related Articles

Back to top button