KeralaLatest

ഗാന്ധിജയന്തി: വിപുലമായ പരിപാടികളുമായി ഖാദി ബോര്‍ഡ്

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: മഹാത്മാഗാന്ധിയുടെ നൂറ്റി അമ്പതാം ജന്‍മദിനം ഗാന്ധിജയന്തിവാരമായി ആഘോഷിക്കാന്‍ ഖാദി ബോര്‍ഡ് തീരുമാനിച്ചതായി വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭനാജോര്‍ജ്ജ് അറിയിച്ചു. ഒക്‌ടോബര്‍ ഒന്ന് മുതല്‍ 12 വരെ ഖാദിക്ക് 10 ശതമാനം പ്രത്യേക ഗവണ്‍മെന്റ് റിബേറ്റ് അനുവദിച്ചു. അതനുസരിച്ച്‌ ഖാദി വസ്ത്രങ്ങള്‍ക്ക് മൊത്തം 30 ശതമാനം റിബേറ്റ് ലഭിക്കും.

കേരള ഖാദി ബോര്‍ഡിന്റെ എല്ലാ വില്പനശാലകളിലും ആനുകൂല്യം നല്‍കും. പ്രത്യേക റിബേറ്റ് വില്പന ഒന്നിന് കണ്ണൂര്‍ ഖാദി ഗ്രാമസൗഭാഗ്യയില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട ജില്ലയിലെ റാന്നിയില്‍ ഖാദി ബോര്‍ഡ് ആരംഭിക്കുന്ന ഖാദി വില്പനശാല ഒന്നിന് രാവിലെ 10.30 ന് റാന്നി എം.എല്‍.എ രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്യും. ഗാന്ധിജയന്തിദിനമായ ഒക്‌ടോബര്‍ രണ്ടിന് തിരുവനന്തപുരം ഖാദി ബോര്‍ഡ് ഓഫീസ് അങ്കണത്തില്‍ മഹാത്മ ഗാന്ധിയുടെ പ്രതിമ സ്ഥാപിക്കും. വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍ ഗാന്ധിപ്രതിമ അനാച്ഛാദനം ചെയ്യും.

കോവിഡ് മഹാമാരിക്കാലത്ത് ഖാദി മാസ്‌ക്ക് ധരിക്കൂ കോവിഡിനെ പ്രതിരോധിക്കൂ എന്ന ഖാദി ബോര്‍ഡിന്റെ യത്‌നത്തിന് പൂര്‍ണ്ണപിന്തുണയും സഹായസഹകരണങ്ങളും നല്‍കിയ കേരള പോലീസിന് ഖാദി ബോര്‍ഡിന്റെ മഹാത്മജി പുരസ്‌ക്കാരം 2020 മന്ത്രി സമ്മാനിക്കും. ഖാദി ബോര്‍ഡ് തയ്യാറാക്കിയ ഖാദി മുദ്രാഗാനം ഔദ്യോഗികമായി മന്ത്രി പ്രകാശനം ചെയ്യും. ഏഴിന് സംസ്ഥാനത്തെ ഹൈസ്‌ക്കൂള്‍-ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി ഗാന്ധിജയന്തി സംസ്ഥാനതല ക്വിസ്സ് മല്‍സരം ഓണ്‍ലൈനായി നടത്തും. പ്രശസ്ത ഗ്രാന്‍ഡ് മാസ്റ്റര്‍ ഡോ.ജി.എസ്സ്.പ്രദീപ് ക്വിസ് പരിപാടി നയിക്കും.

Related Articles

Back to top button