KeralaLatest

വനിതാ ഡോക്ടറുടെ കൊലപാതകം നിഷ്ടൂരം; ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തത്

“Manju”

കൊല്ലത്ത് പ്രതിയുടെ കുത്തേറ്റ് വനിതാ ഡോക്ടര്‍ മരിച്ച സംഭവം വേദനിപ്പിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇന്ന് രാവിലെ അഞ്ചു മണിക്ക് ശേഷമാണ് സംഭവം നടന്നത്. കൊല്ലം താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കെത്തിച്ച, ലഹരിക്കടിമയായ പ്രതി ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറെയും പൊലീസുകാരേയും ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ ഡോക്ടറുടെ ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ലെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കൊല്ലം താലൂക്ക് ആശുപത്രിയില്‍ പൊലീസ് എയ്ഡ്‌പോസ്റ്റും, പൊലീസുകാരും ഉണ്ടായിരുന്നു. ഇതിന് പുറമെ പ്രതിയെ എത്തിച്ച പൊലീസുകാരും സ്ഥലത്തുണ്ടായിരുന്നു. ഇത്രയും സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് നടുവിലും ഇത്തരമൊരു ആക്രമണം ഉണ്ടാവുന്നത് നിഷ്ടൂരമാണ്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതും അപ്രതീക്ഷിതവുമായിരുന്നു സംഭവം. പ്രതി അപ്രതീക്ഷിതമായാണ് അക്രമാസക്തനായത്. ഈ സംഭവം മറ്റ് ആരോഗ്യപ്രവര്‍ത്തകരിലും വലിയ ആശങ്കയാണ് സൃഷിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ വളരെ കര്‍ശനമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. നിലവിലുള്ള നിയമത്തെ കൂടുതല്‍ ശക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയായിരുന്നു. പൊലീസ് എയ്ഡ് പോസ്റ്റുകളും സെക്യൂരിറ്റി ക്യാമറകളും സ്ഥാപിക്കുക, പരിശീലനം ലഭിച്ച സെക്യൂരിറ്റി ഉദ്യോഗസ്ഥരെ നിയമിക്കുക തുടങ്ങിയ നടപടികള്‍ സ്വീകരിക്കാനുള്ള ഒരുക്കത്തിലായിരുന്നു. ഇതിനെല്ലാം ഇടയിലാണ് ഇപ്പോള്‍ ഈ ദാരുണമായ സംഭവം നടന്നിരിക്കുന്നത്. ഇത് ഒരു കാരണവശാലും അംഗീകരിക്കാന്‍ പറ്റാത്ത കാര്യമാണെന്നും മന്ത്രി പ്രതികരിച്ചു.

Related Articles

Back to top button