Kerala

അക്ഷയ കേരളം: കേരള ടിബി എലിമിനേഷന്‍ മിഷന്‍ കാമ്പയിന് തുടക്കം

“Manju”

എസ് സേതുനാഥ്

തിരുവനന്തപുരം: ‘എന്റെ ക്ഷയരോഗമുക്ത കേരളം’ പദ്ധതിയുടെ മൂന്നാം ഘട്ടമായ ‘അക്ഷയ കേരളം’- ‘കേരള ടിബി എലിമിനേഷന്‍ മിഷന്‍ കാമ്പയിന്‍’ ഒക്‌ടോബര്‍ 2ന് തുടക്കമാകുന്നു. വൈകുന്നേരം 3.30ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പദ്ധതി ഓണ്‍ലൈന്‍ മുഖേന ഉദ്ഘാടനം ചെയ്യുന്നു. പത്ത് പദ്ധതികള്‍ അടങ്ങിയ അക്ഷയ കേരളത്തിന്റെ ആദ്യ പരിപാടിയായി ഒക്ടോബര്‍ മാസത്തില്‍ ക്ഷയരോഗ നിര്‍ണയം നടത്താത്ത വീടുകളിലുള്ള 1500 ക്ഷയരോഗബാധിതരെ കണ്ടെത്തുന്നു. ക്ഷയരോഗ മുക്ത കേരളത്തിന്റെ ഭാഗമായി മികച്ച വിജയം കൈവരിച്ച തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളെ പരിപാടിയില്‍ അനുമോദിക്കുകയും ചെയ്യുന്നു.

ക്ഷയരോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ കേരളം രാജ്യത്തിന് തന്നെ മാതൃകയാണ്. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്റെ ഭാഗമായി 2025 ഓടുകൂടി ക്ഷയരോഗ നിവാരണം എന്ന ലക്ഷ്യത്തിലെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ‘എന്റെ ക്ഷയരോഗമുക്ത കേരളം’ പദ്ധതി നടപ്പിലാക്കി വരികയാണ്. ആരോഗ്യവകുപ്പിനൊപ്പം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ക്ഷയരോഗത്തിനെതിരെയുള്ള ജനകീയ മുന്നേറ്റമായാണ് പദ്ധതി നടപ്പിലാക്കി വരുന്നത്. 2017ല്‍ ആരംഭിച്ച പദ്ധതിയുടെ ശ്രമഫലമായി 561 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ 5 വയസിനു താഴെയുള്ള കുട്ടികളില്‍ തുടര്‍ച്ചയായ ഒരു വര്‍ഷക്കാലമായി ക്ഷയരോഗമില്ല. 709 തദ്ദേശ സ്വയം ഭരണ പ്രദേശങ്ങളില്‍ ഒന്നാംനിര മരുന്നുകളോട് പ്രതികരിക്കാത്ത ഗുരുതര ക്ഷയരോഗവും തുടര്‍ച്ചയായ ഒരു വര്‍ഷമായിട്ട് ഇല്ല. 688 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ ഒരാള്‍ പോലും ക്ഷയരോഗ ചികിത്സ ഇടയ്ക്ക് വച്ച് നിര്‍ത്താതെ വിജയകരമായി പൂര്‍ത്തീകരിച്ചു.

ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കൊവിഡ് മഹാമാരി കടുത്ത വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ട്. രണ്ടിന്റേയും പ്രധാന ലക്ഷണങ്ങള്‍ ചുമയും പനിയും ആയതിനാല്‍ ക്ഷയരോഗം കണ്ടെത്തുന്നതില്‍ കാലതാമസം അനുഭവപ്പെടുന്നുണ്ട്. ക്ഷയരോഗം കണ്ടെത്തിയ എല്ലാവര്‍ക്കും ചികിത്സയും പൊതുജനാരോഗ്യ സേവനങ്ങളും സൗജന്യമായി വീടുകളിലെത്തിക്കാന്‍ ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടുണ്ട്. കേരളത്തില്‍ 1500 ക്ഷയരോഗബാധിതര്‍ രോഗം നിര്‍ണയിക്കപ്പെടാതെ സമൂഹത്തില്‍ ഉണ്ടാകാം എന്ന് കണക്കാക്കപ്പെടുന്നു. ക്ഷയരോഗ സാധ്യത അധികമായുള്ള വയോജനങ്ങള്‍, ദീര്‍ഘകാല ശ്വാസകോശ രോഗമുള്ളവര്‍, പ്രമേഹരോഗമുള്ളവര്‍, പുകവലി-അമിത മദ്യപാന ശീലമുള്ളവര്‍, പോഷകാഹാരക്കുറവുള്ളവര്‍, കിടപ്പ് രോഗികള്‍ എന്നിവര്‍ക്കും രണ്ടാഴ്ചയില്‍ അധികം നീണ്ടുനില്‍ക്കുന്ന ചുമ, പനി, ശരീരഭാരം കുറയുക, രാത്രിയില്‍ വിയര്‍ക്കുക എന്നീ ലക്ഷണങ്ങളുള്ളവര്‍ക്കും കൊവിഡ് പരിശോധനയോടൊപ്പം തന്നെ ക്ഷയരോഗ പരിശോധനയും നടത്തുവാന്‍ സംസ്ഥാനം തീരുമാനിച്ചിട്ടുണ്ട്.

Related Articles

Back to top button