AlappuzhaKeralaLatest

നിർത്തിയിട്ട വാഹനങ്ങളിൽ നിന്ന് ബാറ്ററി മോഷണം:യുവാക്കൾ പിടിയിൽ

“Manju”

ആലപ്പുഴ• നിർത്തിയിട്ട വാഹനങ്ങളിൽ നിന്ന് ബാറ്ററി മോഷ്ടിക്കുന്നവർ ആലപ്പുഴയിൽ പിടിയിൽ. അനന്തകൃഷ്ണൻ, ബെൻഹറ എന്നിവരാണ് പിടിയിലായത്. നഗരപരിധിയിൽ നിന്ന് മാത്രം 15 ബാറ്ററികൾ മോഷ്‌ടിച്ചതായി പ്രതികൾ പൊലീസിന് മൊഴി നൽകി. ആഡംബരമായി ജീവിക്കാനാണ് മോഷണം സ്ഥിരമാക്കിയതെന്നു 18 വയസുമാത്രം പ്രായമുള്ള പ്രതികൾ പൊലീസിനോട് പറഞ്ഞു.

പുലർച്ചെ നാലു മണിക്കും ആറിനും ഇടയിലാണ് മോഷണം നടത്തുന്നത്. വാഹനവുമായി നഗരപരിധിയിൽ ഇറങ്ങുന്ന അനന്തകൃഷ്ണനും ബെൻഹറും ആളില്ലാത്ത വണ്ടികൾക്ക് മുന്നിൽ വാഹനം നിർത്തും. സൂത്രത്തിൽ ബാറ്ററികൾ അപഹരിക്കും. ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലെ തലവടിയിൽ നിർത്തിയിട്ട വാഹനത്തിന്റെ ബാറ്ററി മോഷണം പോയെന്ന പരാതി കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. സമാനമായി മണ്ണഞ്ചേരി സ്റ്റേഷൻ പരിധിയിലും മോഷണം നടന്നു. പരാതി കൂടിയതിനെ തുടർന്ന് നഗര പരിധിയിലെ 17 സിസിടിവി ക്യാമറകൾ നോർത്ത് പൊലീസ് പരിശോധിച്ചപ്പോഴാണ് മോഷണം വ്യക്തമായത്.

ഇന്നലെ വൈകിട്ട് തണ്ണീർമുക്കം റോഡിൽ വാഹന പരിശോധനയ്ക്കിടെയാണ് ഇരുവരും പിടിയിലായത്. മോഷ്ടിച്ച ബാറ്ററി വിൽക്കാൻ പോകുമ്പോൾ പൊലീസിന്റെ പിടിവീഴുകയായിരുന്നു. ഇവരുടെ ബൈക്കും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബാറ്ററി മോഷ്ടിച്ചു ലഭിച്ച പണം കൊണ്ടാണ് ബൈക്കും സ്മാർട്ട്‌ ഫോണുകളും വാങ്ങിയതെന്ന് പ്രതികൾ മൊഴി നൽകി. നേരത്തെ ഹൗസ് ബോട്ടിലെ ഉൾപ്പെടെ ബാറ്ററികൾ മോഷണം പോയ പരാതിയിലും ഇരുവരുടെയും പങ്ക് പൊലീസ് അന്വേഷിക്കുന്നുണ്ട്. ആലപ്പുഴ നോർത്ത് എസ്ഐ ടോൾസൺ‌, സിപിഒമാരായ വിഷ്‌ണു എന്‍.എസ്., ബിനുമോൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

Related Articles

Back to top button