IndiaLatest

ഹത്രസ് ക്രൂരത : പെൺകുട്ടിയുടെ കുടുംബം ഇന്ന് കോടതിയിൽ

“Manju”

ഉത്തർപ്രദേശിലെ ഹത്രസിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ ഇന്ന് അലഹാബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ചിനു മുൻപാകെ ഹാജരാകും. ഇതിനിടെ, കേസ് ഏറ്റെടുത്ത സിബിഐ ഇന്നലെ പ്രഥമവിവര റിപ്പോർട്ട് (എഫ്ഐആർ) റജിസ്റ്റർ ചെയ്തു. സിബിഐ ഗാസിയാബാദ് യൂണിറ്റിലെ പ്രത്യേക സംഘമാണ് അന്വേഷിക്കുക.

പെൺകുട്ടിയുടെ അച്ഛൻ, അമ്മ, 2 സഹോദരന്മാർ, സഹോദരന്റെ ഭാര്യ എന്നിവരാണു കോടതിയിൽ ഹാജരാവുക.ഇന്നലെ രാവിലെ പുറപ്പെടാനായിരുന്നു നിശ്ചയിച്ചിരുന്നെങ്കിലും പൊലീസ് എത്തിയത് ഉച്ച കഴിഞ്ഞു 3ന്. ലക്നൗവിലേക്കു രാത്രി യാത്ര പ്രയാസമാണെന്നു കുടുംബം അറിയിച്ചതോടെ ഇന്നത്തേക്കു മാറ്റുകയായിരുന്നു.കേസ് പരിഗണിക്കുമ്പോൾ കുടുംബാംഗങ്ങളെയും ഹാജരാക്കണമെന്നു കോടതി നിർദേശിച്ചിരുന്നു. കഴിഞ്ഞ ഒന്നിനാണു ഹൈക്കോടതി സ്വമേധയാ കേസെടുത്തത്.

യുപി സർക്കാർ സ്വീകരിച്ച നടപടികൾ വിശദീകരിക്കാൻ അഡീഷനൽ ചീഫ് സെക്രട്ടറിയും അന്വേഷണ പുരോഗതി അറിയിക്കാൻ ഡിജിപിയും കോടതിയിൽ ഹാജരാകും. കുടുംബത്തെ ഭീഷണിപ്പെടുത്തിയ ജില്ലാ കലക്ടറോടും എസ്പിയോടും ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്.

കൂട്ട ലൈംഗികപീഡനം, കൊലപാതകം എന്നിവയുൾപ്പെടെയുള്ള വകുപ്പുകളും പട്ടികവിഭാഗ പീഡന നിരോധന നിയമ പ്രകാരമുള്ള വകുപ്പും ഉൾപ്പെടുത്തിയാണു സിബിഐ എഫ്ഐആർ തയാറാക്കിയത്. സിബിഐ കേസ് ഏറ്റെടുക്കണമെന്നു സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു.

Related Articles

Back to top button