IndiaLatest

ആഘോഷമാക്കാൻ ഔഡി ക്യു 8 സെലിബ്രേഷൻ; വില 98.98 ലക്ഷം

“Manju”

നവരാത്രി, ദീപാവലി ഉത്സവാഘോഷങ്ങൾക്കു മുന്നോടിയായി പ്രീമിയം സ്പോർട്സ് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ക്യു എയ്റ്റിന്റെ പുതു വകഭേദമായ ഔഡി ക്യു 8 സെലിബ്രേഷൻ ജർമൻ നിർമാതാക്കളായ ഔഡി ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിച്ചു. എൻട്രി ലവൽ എസ് യു വി ശ്രേണിയായ ക്യു എയ്റ്റിന്റെ ഈ പുത്തൻ പതിപ്പിന് 98.98 ലക്ഷം രൂപയാണ് ഇന്ത്യയിലെ ഷോറൂം വില. നിലവിൽ ഇന്ത്യയിൽ വിൽപ്പനയ്ക്കുള്ള ഔഡി ക്യു എയ്റ്റിന് 1.33 കോടി രൂപയാണു ഷോറൂം വില. പ്രകടനക്ഷമതയേറിയ ആർ എസ് ക്യു എയ്റ്റിനാവട്ടെ 2.07 കോടി രൂപയും.

മൂന്നു ലീറ്റർ പെട്രോൾ എൻജിനാണ് ക്യു എയ്റ്റ് സെലിബ്രേഷനു കരുത്തേകുന്നത്. 340 ബി എച്ച് പി കരുത്താണ് ഈ എൻജിൻ സൃഷ്ടിക്കുക. നിശ്ചലാവസ്ഥയിൽ നിന്നു വെറും 5.9 സെക്കൻഡിൽ കാറിനു മണിക്കൂറിൽ 100 കിലോമീറ്റർ വേഗം കൈവരിക്കാനാവുമെന്നാണ് ഔഡിയുടെ വാഗ്ദാനം. ഡൈനമിക് ലൈറ്റിങ് സഹിതം എച്ച് ഡി മാട്രിക്സ് എൽ ഇ ഡി ഹെഡ്‌ലാം‍പ്, ടച് റെസ്പോൺസ് അടക്കം ബട്ടൻ രഹിത മൾട്ടി മീഡിയ ഇന്റർഫേസ് നാവിഗേഷൻ സംവിധാനം, വയർലെസ് ഫോൺ ചാർജിങ്, എട്ട് എയർബാഗ്, പാർക്ക് അസിസ്റ്റ് തുടങ്ങിയവയെല്ലാം സഹിതമാണ് ഔഡി ക്യു എയ്റ്റ് സെലിബ്രേഷന്റെ വരവ്.

വാഹന വ്യവസായത്തെ സംബന്ധിച്ചിടത്തോളം മികച്ച വിൽപന സാധ്യതയുള്ള കാലമാണു നവരാത്രിയും ദീപാവലിയുമെന്ന് ഔഡി ഇന്ത്യ മേധാവി ബൽബീർ സിങ് ധില്ലൻ അഭിപ്രായപ്പെട്ടു. ഈ ആഘോഷ വേളയ്ക്കു പകിട്ടേകാൻ ക്യു ശ്രേണിയിൽ പുതിയ ക്യു എയ്റ്റ് സെലിബ്രേഷൻ അവതരിപ്പിക്കുന്നതിൽ ആഹ്ലാദമുണ്ടെന്നും അദ്ദേഹം വ്യക്മതാക്കി. ഇക്കൊല്ലം ആദ്യം അരങ്ങേറ്റം കുറിച്ച ക്യു എയ്റ്റിന് ഇന്ത്യൻ വിപണിയിൽ മികച്ച പ്രതികരണം സൃഷ്ടിക്കാൻ സാധിച്ചെന്നും ധില്ലൻ അവകാശപ്പെട്ടു. ക്യു എയ്റ്റ് സെലിബ്രേഷൻ കൂടിയെത്തുന്നതോടെ ക്യു ശ്രേണിയുടെ പ്രകടനം കൂടുതൽ മെച്ചപ്പെടുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.

Related Articles

Back to top button