IndiaKeralaLatest

വിഷുവിന് മുമ്പ് സംസ്ഥാനം പോളിംഗ് ബൂത്തിലേക്ക്

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് വിഷുവിന് മുമ്പ് നിയമസഭാ തിരഞ്ഞെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആലോചിക്കുന്നു. ഏപ്രില്‍ പതിനഞ്ചിന് മുമ്പ് തിരഞ്ഞെടുപ്പ് നടത്തി മേയ് പകുതിയോടെ തിരഞ്ഞെടുപ്പ് ഫലം വരുന്ന തരത്തില്‍ ക്രമീകരണങ്ങള്‍ നടത്താനാണ് കമ്മിഷന് താത്പര്യമെന്നാണ് വിവരം. നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഈ മാസം അവസാനത്തോടെ പ്രഖ്യാപിച്ചേക്കുമെന്നും സൂചനയുണ്ട്. ഇതിന്റെ പ്രാരംഭ നടപടികളിലേക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ കടന്നുവെന്ന് കമ്മീഷന്‍ വൃത്തങ്ങള്‍ കേരളകൗമുദി ഓണ്‍ലൈനിനോട് സ്ഥിരീകരിച്ചു.

തിരഞ്ഞെടുപ്പ് ക്രമീകരണങ്ങളുടേയും മുന്നൊരുക്കങ്ങളുടേയും ഭാഗമായി കമ്മിഷന്‍ അംഗങ്ങള്‍ കേരളം അടക്കമുളള സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കും. ഇന്ന് സംഘം തമിഴ്‌നാട്ടില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. വെളളിയാഴ്ച സംഘം പുതുച്ചേരി സന്ദര്‍ശിക്കും. ഇതിനുശേഷം ശനിയാഴ്‌ചയാകും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറുടെ നേതൃത്വത്തിലുളള സംഘം കേരളത്തിലെത്തുക. ശനി, ഞായര്‍ ദിവസങ്ങളില്‍ സംഘം കേരളത്തിലെ ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ പ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടികള്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തും.

നേരത്തെ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗങ്ങള്‍ പശ്ചിമ ബംഗാളിലും അസമിലും സന്ദര്‍ശനം നടത്തിയിരുന്നു. പശ്ചിമബംഗാളില്‍ അധികമായി സുരക്ഷാസേനയെ വിന്യസിക്കണമെന്നും, കൂടുതല്‍ ഘട്ടങ്ങളായി വോട്ടെടുപ്പ് നടത്തണമെന്നുമാണ് രാഷ്ട്രീയപാര്‍ട്ടികള്‍ മുന്നോട്ടുവച്ച അഭിപ്രായം. കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍, അസം, പുതുച്ചേരി സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്.

സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം തിരഞ്ഞെടുപ്പ് കമ്മിഷന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി വീണ്ടും ചര്‍ച്ച നടത്തും. ഈ മാസം അവസാനത്തെ ആഴ്ച കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷന്‍ യോഗം ചേര്‍ന്ന് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.

Related Articles

Back to top button