IndiaKeralaLatestThiruvananthapuram

ടിപ്പുവിന്റെ കോട്ടയില്‍ പുരാവസ്തു വകുപ്പ് സര്‍വേ തുടങ്ങി

“Manju”

സിന്ധുമോൾ. ആർ

ഫറോക്ക്: സംരക്ഷണമില്ലാതെ നശിക്കുന്ന ഫറോക്കിലെ ടിപ്പു സുല്‍ത്താന്‍ കോട്ടയില്‍ പുരാവസ്തു വകുപ്പ് സര്‍വേ തുടങ്ങി. മലബാറിന്റെ ഭരണസിരാ കേന്ദ്രമാക്കുന്നതിനു വേണ്ടിയാണ് ടിപ്പു സുല്‍ത്താന്‍ കോട്ട നിര്‍മ്മിച്ചത്. 1500 ഓളം പടയാളികള്‍ രണ്ടര വര്‍ഷക്കാലം പണി ചെയ്താണ് കോട്ട നിര്‍മ്മിച്ചതെന്നാണ് ചരിത്രം. പാറമുക്ക് എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലത്തിന് ഫറൂക്കാബാദ് എന്നു ടിപ്പു പേരു നല്‍കി.1788 ല്‍ ആയിരുന്നു കോട്ടയുടെ നിര്‍മ്മാണം.

ടിപ്പുവിന്റെ പിന്‍വാങ്ങലിനു ശേഷം കോട്ട ബ്രിട്ടീഷുകാരുടെ അധീനതയിലായി. ബ്രിട്ടീഷുകാര്‍ 8 ഏക്കറോളം വരുന്ന കോട്ടയും സ്ഥലവും കോമണ്‍വെല്‍ത്ത് ട്രസ്റ്റിനു കൈമാറുകയും അവരില്‍ നിന്നും സ്വകാര്യ വ്യക്തിയുടെ കൈവശമെത്തുകയുമായിരുന്നു. ഇക്കാലത്താണ് കോട്ടയിലെ പീരങ്കിത്തറ, വാച്ച്‌ ടവര്‍, കിടങ്ങുകള്‍, കല്‍പ്പടവുകളോടു കൂടിയ ഭീമന്‍ കിണറിന്റെ കല്‍ക്കാലുകള്‍ തുടങ്ങിയവയെല്ലാം നശിപ്പിക്കുകയും മോഷ്ടിക്കുകയും ചെയ്തു.

1991ലാണ് ടിപ്പു കോട്ടയെ പുരാവസ്തു സ്മാരകമായി കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ചരിത്ര സ്മാരകം സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് ഫറോക്കിലെ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ കള്‍ച്ചറല്‍ കോ ഓര്‍ഡിനേഷന്‍ കൗണ്‍സില്‍ ഹൈക്കോടതിയെ സമീപിക്കുകയും തുടര്‍ന്ന് കോട്ടയും അനുബന്ധ ചരിത്രാവശിഷ്ടങ്ങളും സംരക്ഷിക്കുവാനും കൂടുതല്‍ പര്യവേക്ഷണങ്ങള്‍ നടത്തുവാനും 2020 മെയ് 19ന് ഹൈക്കോടതി വിധിക്കുകയും ചെയ്തു.

ഇതിന്റെ അടിസ്ഥാനത്തിലാണ് പുരാവസ്തു വകുപ്പ് കോട്ടയില്‍ സര്‍വേ നടപടികള്‍ തുടങ്ങിയത്. കോഴിക്കോട് പഴശ്ശിരാജ മ്യൂസിയം ഉദ്യോഗസ്ഥനും പുരാവസ്തു വകുപ്പ് സര്‍വേ ഫീല്‍ഡ് അസിസ്റ്റന്റുമായ കെ. കൃഷ്ണരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സര്‍വേ നടപടികള്‍ക്ക് എത്തിയത്. വി.കെ.സി മമ്മദ് കോയ എം.എല്‍.എ കോട്ട സന്ദര്‍ശിക്കുകയും സര്‍വേ നടപടികളുടെ പുരോഗതി ചര്‍ച്ച നടത്തുകയും ചെയ്തു. ടിപ്പു സുല്‍ത്താന്‍ കോട്ടയില്‍ ചരിത്ര പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കണമെന്നും ചരിത്ര വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും കോട്ട സന്ദര്‍ശിക്കാന്‍ അനുവാദം നല്‍കണമെന്നും ഫറോക്ക് കള്‍ച്ചറല്‍ കോ ഓര്‍ഡിനേഷന്‍ കൗണ്‍സിലും യുവകലാ സാഹിതി ബേപ്പൂര്‍ മണ്ഡലം കമ്മിറ്റിയും ആവശ്യപ്പെട്ടു.

Related Articles

Back to top button