KeralaLatestThiruvananthapuram

ദയാവധം ആവശ്യപ്പെട്ട് സർക്കാരിന് അപേക്ഷ നൽകി വയോധികൻ

“Manju”

ദയാവധം അനുവദിക്കണം എന്നാവശ്യപ്പെട്ട് സർക്കാരിന് അപേക്ഷ നൽകി വയോധികൻ. തിരുവനന്തപുരം ആക്കുളം സ്വദേശി കെ. പി ചിത്രഭാനു ആണ് ദയാവധം ആവശ്യപ്പെട്ട് രംഗത്തെത്തിയത്. കൈക്കൂലി നൽകാത്തതിനാൽ സ്വന്തം ഭൂമിയിൽ വീട് വയ്ക്കാൻ അനുമതി ലഭിക്കുന്നില്ലെന്നാണ് പരാതി.

ആക്കുളത്തുള്ള തന്റെ വസ്തുവിൽ മകന് വീട് വയ്ക്കുന്നതിന് വേണ്ടി കഴിഞ്ഞ ഡിസംബർ മാസമാണ് ചിത്രഭാനു നഗരാസൂത്രണ വകുപ്പിനെ സമീപിച്ചത്. എന്നാൽ വീട് വയ്ക്കാൻ അനുമതി നൽകണമെങ്കിൽ 30,000 രൂപ കൈക്കൂലി നൽകണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതായാണ് ചിത്രഭാനു പറയുന്നത്. അതേസമയം ചില സാങ്കേതിക കാരണങ്ങൾ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നതായും ചിത്രഭാനു പറയുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് വികസന പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമിയിൽ വരുന്നതാണ് പ്രസ്തുത സ്ഥലമെന്നും അതുകൊണ്ടുതന്നെ വീട് വയ്ക്കാൻ അനുമതി നൽകാനാകില്ലെന്നുമാണ് ഉദ്യോഗസ്ഥർ പറയുന്നത്. പക്ഷേ അതേസർവേ നമ്പറിൽ വരുന്ന മറ്റൊരു ബ്ലോക്കിൽ ഭൂമിയോട് ചേർന്നു കിടക്കുന്ന വസ്തുവിൽ നിർമാണ പ്രവർത്തനങ്ങൾക്ക് ഉദ്യോഗസ്ഥർ അനുമതി നൽകുകയും ചെയ്തിട്ടുണ്ട്

മൂന്ന് കാര്യങ്ങളാണ് ചിത്രഭാനു സർക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്. ഒന്നാമത്തെ കാര്യം വീട് വയ്ക്കാൻ അനുമതി നൽകുക എന്നതാണ്. അതിന് സാധിക്കില്ലെങ്കിൽ സർക്കാർ ഭൂമി ഏറ്റെടുക്കണം. അല്ലാത്ത പക്ഷം ദയാവധം അനുവദിക്കണമെന്നാണ് ചിത്രഭാനുവിന്റെ ആവശ്യം. സാമൂഹിക പ്രവർത്തകനാണ് ചിത്രഭാനു. അഴിമതിക്കെതിരെ പോരാട്ടം നടത്തുന്ന ആളു കൂടിയാണ്. അതുകൊണ്ടുതന്നെ കൈക്കൂലി നൽകി കാര്യം നേടാൻ കഴിയില്ലെന്നാണ് ചിത്രഭാനു പറയുന്നത്.

Related Articles

Back to top button