KeralaLatestThiruvananthapuram

ശിവശങ്കറെ ഇ.ഡി ഇന്നും ചോദ്യം ചെയ്യും

“Manju”

സിന്ധുമോൾ. ആർ

കൊച്ചി: ഒരാഴ്ചത്തെ കസ്റ്റഡിയില്‍ വിട്ട മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് ഇന്നും ചോദ്യം ചെയ്യും. ഇ.ഡി.ശേഖരിച്ച ഡിജിറ്റല്‍ തെളിവുകള്‍ മുന്‍നിര്‍ത്തിയാണ് ചോദ്യങ്ങള്‍. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് ലോക്കര്‍ എടുത്തു നല്‍കുന്നതുമായി ബന്ധപ്പെട്ട് എം. ശിവശങ്കറും ചാറ്റര്‍ഡ് അക്കൗണ്ടന്റ് വേണുഗോപാലും തമ്മില്‍ നടത്തിയ വാട്സാപ്പ് ചാറ്റുകള്‍ ഇഡി കണ്ടെത്തിയിരുന്നു. ശിവശങ്കര്‍ നേരത്തെ നല്‍കിയ മൊഴികള്‍ തള്ളുന്നതാണ് ഈ ഡിജിറ്റല്‍ തെളിവുകള്‍.

ഇവ മുന്‍നിര്‍ത്തിയുള്ള ചോദ്യം ചെയ്യലാണ് നടക്കുന്നത്. ഇന്നലെ ഇ. ഡി. കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍ നയതന്ത്ര ബാഗേജ്‌ വിട്ടുകിട്ടാന്‍ കസ്റ്റംമസ് ഉദ്യോഗസ്ഥരെ ശിവശങ്കര്‍ വിളിച്ചിരുന്നു എന്നും വ്യക്തമാക്കിയിരുന്നു. ഈ വെളിപ്പെടുത്തലില്‍ വ്യക്തത നേടാനും ഇ. ഡി. ശ്രമിക്കും. ശിവശങ്കരനെതിരെ മൊഴി നല്‍കിയ ചാര്‍ട്ടേര്‍ഡ് അക്കൌണ്ടന്‍റ് വേണുഗോപാലിനെയും ഇഡി വിളിപ്പിച്ചേക്കും. 2018 മുതല്‍ സ്വപ്നയുടെ പണമിടപാടുകളെ കുറിച്ച്‌ നേരിട്ട് അറിവുണ്ടായിരുന്നയാളാണ് ശിവശങ്കറെന്നാണ് എന്‍ഫോഴ്സ്മെന്‍റ് കണ്ടെത്തല്‍. 2019 ഏപ്രിലില്‍ നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണ്ണം കടത്താനുളള പരീക്ഷണം നടത്തിയപ്പോഴും ശിവശങ്കരന് സ്വപ്നയെ സഹായിച്ചു. സ്വര്‍ണക്കടത്തിന് പിന്നിലെ ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കുന്നതാണ് ഈ ഇടപെടലെന്നാണ് ഇഡി പറയുന്നത്. ഇതില്‍ നിന്നെല്ലാം ശിവശങ്കരന്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടുണ്ടോ എന്നും കേന്ദ്ര ഏജന്‍സി പരിശോധിക്കുന്നുണ്ട്.

ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്ന കാരണത്താല്‍ ശിവശങ്കറിനെ പകല്‍ സമയം 9 മണി മുതല്‍ വൈകിട്ട് ആറ് മണി വരെ മാത്രമേ ചോദ്യം ചെയ്യാന്‍ അനുവാദമുള്ളൂ. കോടതി നിര്‍ദേശങ്ങള്‍ പാലിച്ചുതന്നെയാണ് അന്വേഷണ സംഘം മുന്നോട്ട് പോകുന്നത്.

Related Articles

Back to top button