Kerala

ബിനീഷിന്റെ അറസ്റ്റ്‌;മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും മൗനം വെടിയണം:മുല്ലപ്പള്ളി

“Manju”

ബെംഗളൂരു മയക്കുമരുന്നുമായി ബന്ധപ്പെട്ട കള്ളപ്പണമിടപാടുകേസില്‍ ബിനീഷ്‌ കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ്‌ അറസ്‌റ്റ്‌ ചെയ്‌ത സംഭവത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും മൗനംവെടിയണമെന്ന്‌ കെ.പി.സി.സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍.കെ.പി.സി.സി ആസ്ഥാനത്ത്‌ മാധ്യമങ്ങളോട്‌ സംസാരിക്കുക ആയിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും ഈ വിഷയത്തില്‍ എന്താണ്‌ പറയാനുള്ളത്‌.മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടേയും പാര്‍ട്ടി സെക്രട്ടറിയുടെ മകന്റേയും അറസ്റ്റ്‌ സംബന്ധിച്ച മുഖ്യമന്ത്രിയുടെ വിശദീകരണം പരിഹാസ്യമാണ്‌.അസാമാന്യ തൊലിക്കട്ടിയാണ്‌ മുഖ്യമന്ത്രിക്ക്‌.ധാര്‍മികമൂല്യം ഉയര്‍ത്തിപ്പിടിക്കുകയും അഴിമതിക്കെതിരെ പോരാട്ടം നടത്തുകയും ചെയ്യുന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്തുകൊണ്ട്‌ ബീനീഷ്‌ കോടിയേരിയുടെ അറസ്റ്റില്‍ പ്രതികരിക്കുന്നില്ലെന്നും മുല്ലപ്പള്ളി ചോദിച്ചു.

സിപിഎം കേന്ദ്രകമ്മിറ്റിയുടെ 2009 ലെ തെറ്റുതിരുത്തല്‍ രേഖയ്‌ക്കും 2015ലെ സംസ്ഥാന പ്ലീനത്തിലെ പെരുമാറ്റ ചട്ടം സംബന്ധിച്ച പ്രമേയത്തിനും കടകവിരുദ്ധമായ കാര്യങ്ങളാണ്‌ പാര്‍ട്ടി സെക്രട്ടറിയുടെ മകനുമായി ബന്ധപ്പെട്ട്‌ ഇപ്പോള്‍ നടന്നത്‌. എന്നിട്ടും സിപിഎം ദേശീയ-സംസ്ഥാന നേതാക്കള്‍ പ്രതികരിക്കാന്‍ തയ്യാറാകാത്തത്‌ വഞ്ചനാപരമാണ്‌.

മയക്കുമരുന്ന്‌ സംഘത്തിന്‌ സാമ്പത്തികം ഉള്‍പ്പെടെ എല്ലാ സഹായങ്ങളും ബീനീഷ്‌ ചെയ്‌തെന്ന എന്‍ഫോഴ്‌സ്‌മെന്റിന്റെ കണ്ടെത്തലിനെ തള്ളിപ്പറയുകയും അറസ്റ്റ്‌ ചെയ്‌തത്‌ വേട്ടയാടലിന്റെ ഭാഗമാണെന്ന്‌ പരസ്യനിലപാടെക്കുകയും ചെയ്‌ത സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണം വിചിത്രമാണ്‌.യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാരെ വേദനിപ്പിക്കുന്നതാണ്‌ ഈ വിഷയത്തില്‍ കാനം നടത്തിയ പ്രസ്‌താവനയെന്നും മുല്ലപ്പള്ളി പറഞ്ഞു.

മുഖ്യമന്ത്രിക്ക്‌ ശിവശങ്കറുമായി വ്യാഴവട്ടക്കാലത്തെ പരിചയം:

ഒരു വ്യാഴവട്ടക്കാലമായി എം.ശിവശങ്കറെ മുഖ്യമന്ത്രിക്കറിയാം.ഇരുവരേയും കൂട്ടിയിണക്കിയ പാലമായി പ്രവര്‍ത്തിച്ചിരുന്നത്‌ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറിയും സിഎം എന്ന അപരനാമത്തിലും അറിയപ്പെടുന്ന സിഎം രവീന്ദ്രനാണ്‌.
സി എം രവീന്ദ്രനാണ്‌ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ അനുഗ്രഹ ആശീര്‍വാദങ്ങളോടെ കോടിയേരി ബാലകൃഷ്‌ണ്‍ ആഭ്യന്തരം,ടൂറിസം മന്ത്രി ആയിരുന്നപ്പോള്‍ എം.ശിവശങ്കറെ ടൂറിസം ഡയറക്ടറായി നിയമിച്ചത്‌.എം.ശിവശങ്കര്‍ വൈദ്യുതി ബോര്‍ഡ്‌ ചെയര്‍മാനായിരിക്കെ സിഎം രവീന്ദ്രന്‍ അവിടത്തെ സ്ഥിരം സന്ദര്‍ശകനായിരുന്നു. ലാവ്‌ലിന്‌ കേസുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ ബോര്‍ഡില്‍ നിന്നും നഷ്ടപ്പെട്ടതും ശിവശങ്കറും രവീന്ദ്രനും തമ്മിലുള്ള അടുപ്പവും ബന്ധവും അന്വേഷിക്കണം.പാര്‍ട്ടി സെക്രട്ടറി മുഖ്യമന്ത്രിയായപ്പോള്‍ എം.ശിവശങ്കര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി അവരോധിക്കപ്പെട്ടത്‌ യാദൃശ്ചികമല്ല.മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോയുടെ പെട്ടന്നുള്ള രാജിക്ക്‌ പിന്നില്‍ ഇതേ ഉപജാപകവൃന്ദത്തിന്റെ ഇടപെടലുകളുണ്ടോയെന്ന്‌ മാധ്യമപ്രവര്‍ത്തകര്‍ അന്വേഷിച്ച്‌ കണ്ടെത്തണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

Related Articles

Back to top button