IndiaLatest

തമിഴ‍്‍നാട്ടില്‍ ജാഗ്രതാ നി‍ര്‍ദേശം

“Manju”

കോയമ്പത്തൂര്‍: കാര്‍ പൊട്ടിത്തെറിച്ച്‌ യുവാവ് കൊല്ലപ്പെട്ട സംഭവം ചാവേര്‍ ആക്രമണമാണെന്ന സൂചനകള്‍ക്ക് പിന്നാലെ തമിഴ്നാട്ടില്‍ കനത്ത ജാഗ്രതാ നി‍ര്‍ദേശം. ദീപാവലി ആഘോഷങ്ങള്‍ കൂടി കണക്കിലെടുത്താണ് സുരക്ഷാ സന്നാഹം ശക്തമാക്കിയത്. സംസ്ഥാനത്തിന്റെ അതി‍‍ര്‍ത്തികളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാന പൊലീസ് മേധാവി സി.ശൈലേന്ദ്രബാബു നേരിട്ടാണ് സുരക്ഷാ മേല്‍നോട്ടം ഏകോപിപ്പിക്കുന്നത്.

ഈ മാസം 23ന് പുലര്‍ച്ചെ കോയമ്പത്തൂര്‍ ടൗണ്‍ ഹാളിന് സമീപമുണ്ടായ സ്ഫോടനം ചാവേറാക്രമണം ആകാമെന്ന റിപ്പോ‍ര്‍ട്ടുകള്‍ പുറത്തു വന്നതിന് പിന്നാലെ നഗരത്തിലുള്‍പ്പെടെ സുരക്ഷാ സന്നാഹം ശക്തമാക്കിയിരിക്കുന്നത്. ന​ഗരത്തിലെ പ്രധാന ക്ഷേത്രത്തിന് സമീപത്താണ് കാറിനകത്ത് പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ ഉക്കടം സ്വദേശിയും എഞ്ജിനീയറിങ് ബിരുദധാരിയുമായ ജമേഷ മുബിന്‍ (25) കൊല്ലപ്പെട്ടിരുന്നു. ഇയാളെ 2019 ല്‍ ഐഎസ് ബന്ധം സംശയിച്ച്‌ എന്‍ഐഎ ചോദ്യം ചെയ്തിരുന്നതാണ്. കൊല്ലപ്പെട്ട ആളെ തിരിച്ചറിഞ്ഞ ശേഷം ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സ്ഫോടക വസ്തു ശേഖരം കണ്ടെത്തിയതാണ് ചാവേര്‍ ആക്രമണമെന്ന സംശയത്തിന് പ്രധാന കാരണം.

സംഭവത്തെ തുടര്‍ന്ന് കോയമ്പത്തൂരില്‍ സുരക്ഷ ശക്തമാക്കി. ന​ഗരത്തിലേക്ക് പ്രവേശിക്കുന്ന വാ​ഹനങ്ങളിലടക്കം പരിശോധന നടത്തുന്നുണ്ട്. സ്ഫോടനം നടന്ന സ്ഥലത്തേക്ക് മാധ്യമപ്രവര്‍ത്തകരെയടക്കം പ്രവേശിക്കാന്‍ അനുവദിക്കുന്നില്ല. കോട്ടായി സംഗമേശ്വരര്‍ ക്ഷേത്രത്തിലേക്കുള്ള എല്ലാ റോഡുകളും സീല്‍ ചെയ്തു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനും പ്രദേശത്തേക്ക് പുറത്തുനിന്നുള്ളവര്‍ പ്രവേശിക്കുന്നത് തടയാനും വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചു.

Related Articles

Back to top button