Thiruvananthapuram

പാറശ്ശാല മണ്ഡലത്തിലേത് സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾ: മന്ത്രി കെ.കെ. ശൈലജ ടീച്ചർ

“Manju”

ജ്യോതിനാഥ് കെ പി

 

പാറശ്ശാല മണ്ഡലത്തിൽ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണു സംസ്ഥാന സർക്കാർ നടപ്പാക്കിയതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. പാറശ്ശാല പഞ്ചായത്ത് കല്യാണമണ്ഡത്തിന്റെയും(ഇഎംഎസ് ഹാൾ) ശാന്തിനിലയം പഞ്ചായത്ത് ശ്മശാനത്തിന്റെയും പാറശ്ശാല താലൂക്ക് ആസ്ഥാന ആശുപത്രിയിലെ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെയും ഉദ്ഘാടനം വിഡിയോ കോൺഫറൻസിങിലൂടെ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

പാറശ്ശാലക്കാരുടെ ചിരകാല അഭിലാഷമായിരുന്ന രണ്ടു പദ്ധതികളാണ് യാഥാർഥ്യമായത്. പാറശ്ശാല പഞ്ചായത്തിന്റെ തനത് ഫണ്ട് ഉപയോഗിച്ച് പല ഘട്ടങ്ങളിലായാണ് പുത്തൻകട കല്യാണമണ്ഡപത്തിന്റെ നിർമാണം പൂർത്തീകരിച്ചത്. പഴയ കല്യാണമണ്ഡപം പരിഷ്‌കരിച്ച് താഴത്തെ നിലയിൽ മിനി ഓഡിറ്റോറിയവും ഒന്നാം നിലയിൽ കല്യാണമണ്ഡപവും സജ്ജീകരിച്ചു. 1.5 കോടി രൂപ പദ്ധതിക്കായി ചെലവഴിച്ചു. ഒന്നര കോടി രൂപയോളം ചെലവഴിച്ചാണ് ശാന്തിനിലയം ശ്മശാനവും നിർമിച്ചത്.

സി.കെ.ഹരീന്ദ്രൻ എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾക്കു സജീവ പിന്തുണ നൽകിയ എം.എൽഎ.യെ ചടങ്ങിൽ ആദരിച്ചു. കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട രാഷ്ട്രീയ പാർട്ടി പ്രവർത്തകരെയും സന്നദ്ധസേനാ പ്രവർത്തകരെയും ആദരിച്ചു. കഴിഞ്ഞ അഞ്ചുവർഷക്കാലത്തെ പാറശ്ശാല ഗ്രാമ പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വികസന രേഖയും ചടങ്ങിൽ പ്രകാശനം ചെയ്തു.

പുത്തൻകട കല്യാണമണ്ഡപത്തിൽ നടന്ന ചടങ്ങിൽ പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. സലൂജ, പാറശ്ശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. സുകുമാരി, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, എൽ.എസ്.ജി.ഡി അസിസ്റ്റന്റ് എഞ്ചിനീയർ ക്ലമന്റ്, പഞ്ചായത്ത് സെക്രട്ടറി ജി.എസ്.ഹരി, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അജിതകുമാരി, രാഷ്ട്രീയ പാർട്ടി പ്രവർത്തകർ,സന്നദ്ധ സേനാ പ്രവർത്തകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിൽ അത്യാധുനിക കോൺഫറൻസ് ഹാൾ

ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിലെ നവീകരിച്ച കോൺഫറൻസ് ഹാൾ ബി. സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജിയോ മാപ്പിങ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന വെബ് അധിഷ്ഠിത സോഫ്റ്റ്വെയറായ ഭൗമ വിവര പഞ്ചായത്തിന്റെ സമർപ്പണവും കുടുംബശ്രീയുടെ ‘കണക്ട് ടു വർക്ക്’ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനവും ചടങ്ങിൽ അദ്ദേഹം നിർവഹിച്ചു.

‘ഭൗമ വിവര പഞ്ചായത്ത്’ സോഫ്റ്റ്വെയറിലൂടെ പഞ്ചായത്തുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഒറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാകും. ജിയോ മാപ്പിങ് വഴി വീടുകൾ, കെട്ടിടങ്ങൾ,റോഡുകൾ, കുളങ്ങൾ, തടാകങ്ങൾ, റിവേഴ്സ് ക്വാറന്റൈനിൽ ആയിരിക്കുന്ന വ്യകതികളുടെ വീടുകൾ എന്നിവയടക്കം ഇതിലൂടെ കണ്ടെത്താനാകും. ഗ്രാമീണ പഠന കേന്ദ്രമാണ് സോഫ്റ്റ്വെയർ രൂപകല്പന ചെയ്തിരിക്കുന്നത്.

ചെറുന്നിയൂർ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ. നവപ്രകാശ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഓമന ശിവകുമാർ, ജില്ലാ പഞ്ചായത്ത് അംഗം എസ്. ഷാജഹാൻ, ഗ്രാമപഞ്ചായത്ത് വികസന സ്ഥിരംസമിതി ചെയർമാൻ സി ബാലകൃഷ്ണൻ നായർ, ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ലതാസേനൻ, ഗ്രാമീണ പഠനകേന്ദ്രം എക്‌സിക്യൂട്ടീവ് കോഡിനേറ്റർ വി. ശ്രീകണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button