IndiaLatest

ജനുവരി മുതൽ എല്ലാ കാറുകൾക്കും ഫാസ്റ്റാഗ് നിർബന്ധം

“Manju”

ടോൾ പിരിവ് കൂടുതൽ കാര്യക്ഷമമാക്കാൻ ലക്ഷ്യമിട്ട് പുതുവർഷം മുതൽ എല്ലാ നാലു ചക്രവാഹനങ്ങൾക്കും ഫാസ്റ്റാഗ് നിർബന്ധമാക്കുമെന്നു കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ(ആർ എഫ് ഐ ഡി) അടിസ്ഥാനമാക്കുന്ന ഫാസ്റ്റാഗ് വഴി ടോൾ പിരിച്ച് ഡിജിറ്റൽ – ഐ ടി അധിഷ്ഠിത സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുകയാണു ലക്ഷ്യമെന്നും മന്ത്രാലയത്തിന്റെ വിജ്ഞാപനം വ്യക്തമാക്കുന്നു.

നാലു ചക്രമുള്ളതും എം, എൻ വിഭാഗങ്ങളിൽ പെടുന്നതുമായ പഴയ വാഹനങ്ങൾക്കും 2021 ജനുവരി ഒന്നു മുതൽ ഫാസ്റ്റാഗ് നിർബന്ധമാണെന്നാണു കേന്ദ്ര മന്ത്രാലയത്തിന്റെ പ്രഖ്യാപനം. 1989ലെ കേന്ദ്ര മോട്ടോർ വാഹന നിയമ(സി എം വി ആർ)ത്തിൽ ആവശ്യമായ ഭേദഗതി വരുത്തിയാണു 2017 ഡിസംബർ ഒന്നിനു മുമ്പ് വിറ്റ നാലുചക്ര വാഹനങ്ങൾക്കും ഫാസ്റ്റാഗ് നിർബന്ധമാക്കിയിരിക്കുന്നത്. 2017 ഡിസംബർ ഒന്നിനു ശേഷം വിറ്റ നാലു ചക്രവാഹനങ്ങൾക്ക് നേരത്തെ തന്നെ ഫാസ്റ്റാഗ് നിർബന്ധമാക്കിയിരുന്നു. പുതിയ വാഹനങ്ങളിൽ വിൽപനവേളയിൽതന്നെ പതിക്കാനായി വാഹന നിർമാതാക്കൾക്കും ഡീലർമാർക്കും ‘ഫാസ്റ്റാഗ്’ ലഭ്യമാക്കുന്നുമുണ്ട്.

കൂടാതെ ട്രാൻസ്പോർട്ട് വിഭാഗത്തിൽപെട്ട വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കുന്ന വേളയിലും ഫാസ്റ്റാഗ് പതിച്ചിരിക്കണമെന്നു വ്യവസ്ഥ ചെയ്തിട്ടുണ്ട്. നാഷനൽ പെർമിറ്റുള്ള വാഹനങ്ങൾക്കാവട്ടെ 2019 ഒക്ടോബർ ഒന്നു മുതൽ ഫാസ്റ്റാഗ് നിർബന്ധമാണ്.ഇതിനു പുറമെ 2021 ഏപ്രിൽ ഒന്നു മുതൽ തേഡ് പാർട്ടി ഇൻഷുറൻസ് പോളിസി ലഭിക്കാനും ഫാസ്റ്റാഗ് എടുക്കേണ്ടി വരും. ഫാസ്റ്റാഗ് സംബന്ധിച്ച വിവരം കൂടി ഉൾപ്പെടുത്തും വിധത്തിൽ വാഹന ഇൻഷുറൻസ് സർട്ടിഫിക്കറ്റ്(ഫോം 51) പരിഷ്കരിക്കുന്നതോടെയാണ് ഈ മാറ്റം നിലവിൽ വരിക.

ടോൾ പ്ലാസകളിലെ ചുങ്കപിരിവ് പൂർണമായും ഇലക്ട്രോണിക് രീതിയിലേക്കു മാറുന്നതോടെ ഗതാഗതക്കുരുക്കും അതുവഴിയുള്ള സമയനഷ്ടവും ഒഴിവാക്കാനാവുമെന്നാണു ‘മോർത്തി’ന്റെ കണക്കുകൂട്ടൽ. ഒപ്പം ദേശീയപാതകളിലെ ടോൾ പ്ലാസകൾ വഴിയുള്ള ഗതാഗതം കൂടുതൽ സുഗമമാവുമെന്നും മന്ത്രാലയം കരുതുന്നു. വാഹന വിൻഡ്ഷീൽഡിൽ പതിച്ച ഫാസ്റ്റാഗിൽ നിന്ന് ഇലക്ട്രോണിക് സംവിധാനത്തിലൂടെ ടോൾ തുക നേരിട്ടു പിരിക്കുകയാണു പുതിയ രീതി. പ്രീപെയ്ഡ് വ്യവസ്ഥയിലോ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചോ ആണു ഫാസ്റ്റാഗ് വിതരണമെന്നതിനാൽ പണം കൈമാറ്റം ഉടനടി പൂർത്തിയുമാവും. ബാർ കോഡ് റീഡറുകളാണു ഫാസ്റ്റാഗ് വിവരം ശേഖരിക്കുന്നത് എന്നതിനാൽ പ്ലാസയിൽ ടോൾ പിരിവിനായി വാഹനം നിർത്തേണ്ട ആവശ്യമില്ലെന്ന നേട്ടവുമുണ്ട്.

Related Articles

Back to top button