Kerala

തുറമുഖ വികസനത്തിന്‌ പദ്ധതികളുമായി നബാർഡ്

“Manju”

28 വർഷത്തിനുശേഷം ശക്തികുളങ്ങര, നീണ്ടകര തുറമുഖങ്ങൾ അതിവിപുലമായ വികസനപാതയിൽ. നബാർഡ് ആർഐഡിഎഫ് പദ്ധതിയിൽ ഉൾപ്പെടുത്തി 44.5 കോടി രൂപയ്‌ക്കാണ്‌ വികസനം. 57 കോടി രൂപയാണ് ജില്ലയിൽ ഹാർബർ വികസനത്തിന് ചെലവഴിക്കുന്നത്. ശക്തികുളങ്ങര, നീണ്ടകര ഭാഗത്ത് ഡ്രഡ്ജിങ്ങിനു മാത്രം 10 കോടി നൽകി. പദ്ധതി നടപ്പാകുന്നതോടെ പ്രത്യക്ഷമായി മുപ്പതിനായിരവും പരോക്ഷമായി അറുപതിനായിരവും തൊഴിൽദിനം സൃഷ്ടിക്കാനാകും.

28 വർഷത്തെ പഴക്കം‌ ശക്തികുളങ്ങരയിൽ സ്ഥലമേറ്റെടുക്കാൻ ശ്രമം തുടങ്ങിയിട്ട്‌ 20 വർഷമായി. ഭൂഉടമകൾ കോടതിയിൽനിന്ന്‌ സ്റ്റേ വാങ്ങിയതാണ്‌ നീളാൻ കാരണം. എൽഡിഎഫ്‌ സർക്കാർ ആറേകാൽ കോടി രൂപ കോടതിയിൽ കെട്ടിവച്ചാണ്‌ ഒരേക്കറോളം ഏറ്റെടുത്തത്‌. ഇവിടെ 34.5 കോടി ചെലവഴിച്ച്‌ തുറമുഖം അന്തർദേശീയ നിലവാരത്തിലേക്ക്‌ ഉയർത്തും. 80 മീറ്റർ നീളത്തിലും ഏഴു മീറ്റർ വീതിയിലും വാർഫ് നിർമിക്കും. മത്സ്യം തറയിലിട്ട് കേടുവരുത്താതെ കൈകാര്യം ചെയ്യാനാകും. കൂടാതെ കയറ്റുമതി മത്സ്യത്തിന്‌ ആവശ്യമായ നിലവാരമുള്ള ക്യൂബ് ഐസും നിർമിക്കും. 1500 ച.മീ. വിസ്തീർണത്തിൽ രണ്ടുനിലയിലായി ലേലഹാളും ഒരുക്കും. കല്ലുംപുറം ബോട്ട് ബിൽഡിങ്‌ യാർഡിനോട് ചേർന്ന് ബോട്ടുകളുടെ അറ്റകുറ്റപ്പണിക്കും വെള്ളം, ഇന്ധനം, ഐസ് എന്നിവ നിറയ്‌ക്കാനും ഷെൽട്ടർ, 120 ടൺ കപ്പാസിറ്റിയുള്ള ഐസ് പ്ലാന്റ് എന്നിവ ഉൾപ്പെടുത്തിയാണ്‌ വികസന പദ്ധതി.

Related Articles

Back to top button