IndiaKeralaLatest

പങ്കാളിയെ തിരഞ്ഞെടുക്കൽ മൗലികാവകാശത്തിന്റെ ഭാഗം

“Manju”

സിന്ധുമോൾ. ആർ

ലഖ്‌നൗ: പങ്കാളികളെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം മൗലിക അവകാശത്തിന്റെ ഭാഗമാണെന്ന് അലഹബാദ് ഹൈക്കോടതി. പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികള്‍ക്ക് അവര്‍ ഒരേ ലിംഗത്തില്‍ പെട്ടവരാണെങ്കില്‍ പോലും ഒരുമിച്ച്‌ ജീവിക്കാന്‍ നിയമപരമായ അവകാശമുണ്ട്. വ്യക്തികളുടെ അവകാശത്തിനു മേല്‍ കടന്നുകയറാന്‍ മറ്റു വ്യക്തികള്‍ക്കോ ഭരണകൂടത്തിനോ യാതൊരു തരത്തിലുള്ള അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. സലാമത്ത് അന്‍സാരി – പ്രിയങ്ക ദമ്പതികളുടെ ഹര്‍ജിയിലാണ് കോടതിയുടെ സുപ്രധാന വിധി. പ്രിയങ്കയെ മതം മാറ്റി സലാമത്ത് അന്‍സാരി വിവാഹം ചെയ്തുവെന്ന യുവതിയുടെ പിതാവിന്റെ പരാതിയില്‍ റജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ ഹൈക്കോടതി റദ്ദാക്കി.

ഉത്തര്‍പ്രദേശിലെ കുശിനഗര്‍ സ്വദേശിയായ സലാമത്ത് അന്‍സാരിയും പ്രിയങ്ക ഖന്‍വാറും ഒരു വര്‍ഷം മുമ്പാണ് വിവാഹിതരായത്. പ്രിയങ്കയുടെ മാതാപിതാക്കള്‍ ഈ ബന്ധത്തെ എതിര്‍ത്തിരുന്നു. വിവാഹത്തിന് മുമ്പായി പ്രിയങ്ക ഇസ്ലാം മതം സ്വീകരിക്കുകയും ആലിയ എന്ന് പേര് മാറ്റുകയും ചെയ്തിരുന്നു. വിവാഹത്തിന് പിന്നാലെ പ്രിയങ്കയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ സലാമത്ത് അന്‍സാരിക്കെതിരെ കേസെടുത്തു. തട്ടികൊണ്ടുപോകല്‍, നിര്‍ബന്ധിപ്പിച്ച്‌ വിവാഹം കഴിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് സലാമത്തിനെതിരെ ചുമത്തിയിരുന്നത്.

മകള്‍ക്ക് വിവാഹസമയത്ത് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന മാതാപിതാക്കളുടെ ആരോപണത്തില്‍ പോക്‌സോ നിയമപ്രകാരമായിരുന്നു കേസ്. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സലാമത്ത് അന്‍സാരി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Related Articles

Back to top button